കേരളപര്യടനം പൂർത്തിയാക്കി ഭാരത് ജോഡോ യാത്ര
text_fieldsനിലമ്പൂർ: വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ഇന്ത്യയെ ഒന്നിപ്പിക്കുകയെന്ന മുദ്രാവാക്യമുയർത്തി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളപര്യടനം പൂർത്തിയാക്കി. വ്യാഴാഴ്ച രാവിലെ 6.30ന് മലപ്പുറം ജില്ലയിലെ ചുങ്കത്തറയിൽനിന്ന് പുറപ്പെട്ട ജാഥ ആറര കി.മീ. പിന്നിട്ട് ജില്ല അതിർത്തിയായ വഴിക്കടവ് മണിമൂളിയിൽ 8.45ന് അവസാനിപ്പിച്ചു. മണിമൂളി ക്രൈസ്റ്റ് കിങ് ഹൈസ്കൂളിൽ 15 മിനിറ്റ് വിശ്രമിച്ചശേഷം ഒമ്പതിന് വാഹനത്തിൽ നാടുകാണി ചുരം വഴി തമിഴ്നാട്ടിലെ ഗൂഡല്ലൂരിലേക്ക് പോയി.
ആവേശകരമായ വരവേൽപാണ് രാഹുൽ ഗാന്ധിയുടെ സ്വന്തം മണ്ഡലത്തിൽ യാത്രക്ക് ലഭിച്ചത്. പാതയോരങ്ങളിൽ രാഹുലിനെ കാണാൻ നൂറുകണക്കിന് ആളുകൾ കാത്തുനിന്നിരുന്നു. യാത്രയോടൊപ്പം ആയിരങ്ങളും ചുവടുവെച്ചു. യാത്രക്കിടെ എടക്കര പാലത്തിങ്ങലിൽ ഹോട്ടലിൽനിന്ന് പ്രാതൽ കഴിച്ചു. 20 മിനിറ്റോളം തങ്ങിയ ശേഷമാണ് യാത്ര തുടർന്നത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, കെ. മുരളീധരൻ, അഡ്വ. ടി. സിദ്ദീഖ്, പി.സി. വിഷ്ണുനാഥ്, കൊടിക്കുന്നിൽ സുരേഷ്, എ.പി. അനിൽകുമാർ, രാജ്മോഹൻ ഉണ്ണിത്താൻ, ഷാനിമോൾ ഉസ്മാൻ, വി.ടി. ബൽറാം, വി.എസ്. ജോയി, ഷാഫി പറമ്പിൽ തുടങ്ങിയവർ ജാഥയെ അനുഗമിച്ചു.
വൈകീട്ട് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിൽ യാത്ര നടത്തി. ഗൂഡല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ രാത്രി വിശ്രമത്തിനുശേഷം വെള്ളിയാഴ്ച രാവിലെ കർണാടകയിലെ ഗുണ്ടൽപേട്ടിൽ പര്യടനം തുടങ്ങും. കന്യാകുമാരിയിൽനിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ഈ മാസം 11നാണ് കേരളത്തിൽ പ്രവേശിച്ചത്. 19 ദിവസത്തിനുള്ളിൽ കേരളത്തിൽ 450 കി.മീ. സഞ്ചരിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ഏഴ് ജില്ലകളിലൂടെ യാത്ര കടന്നുപോയി. ഇതര ജില്ലകളില്‍നിന്നുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടായിരുന്നു. ആവേശോജ്ജ്വല സ്വീകരണങ്ങളാണ് രാഹുൽ ഗാന്ധിക്ക് യാത്രയിലുടനീളം ലഭിച്ചത്. പ്രതീക്ഷിച്ചതിലും വലിയ സ്വാധീനമുണ്ടാക്കാൻ സാധിച്ചെന്നും ജനപങ്കാളിത്തം പാർട്ടിയുടെ തിരിച്ചുവരവാണെന്നും നേതൃത്വം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.