ആവേശമുയർത്തി, സങ്കടങ്ങൾ കേട്ട് ഭാരത് ജോഡോ യാത്ര
text_fieldsതിരുവനന്തപുരം: കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് കേരള പര്യടനത്തിന്റെ രണ്ടാംദിനവും അത്യുജ്ജ്വല വരവേൽപ്.
നേമം വെള്ളായണിയിൽനിന്ന് തിങ്കളാഴ്ച രാവിലെ സംസ്ഥാന നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പദയാത്ര പുനരാരംഭിച്ചപ്പോൾ ഒപ്പംചേരാനും പാതയോരങ്ങളിൽ സ്വീകരിക്കാനും ആയിരങ്ങളാണ് അണിനിരന്നത്.
'ഒരുമിക്കുന്ന ചുവടുകള്‍; ഒന്നാകുന്ന രാജ്യം'എന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന യാത്ര രാവിലെ തലസ്ഥാന നഗരിയിലൂടെ കടന്ന് രാത്രി ഏഴരയോടെ കഴക്കൂട്ടത്ത് സമാപിക്കും വരെ പ്രവർത്തകർ മൂവർണക്കൊടികളുമായി പാതയോരങ്ങളിൽ സ്നേഹമതിലുകൾ തീർത്ത് കാത്തുനിന്നു. ആവേശം വാനോളം ഉയർത്തിയ യാത്രക്കിടെ പാതയോരങ്ങളിൽ കാത്തുനിന്നവരെ അഭിവാദ്യം ചെയ്തും അടുത്തേക്ക് വന്ന കുട്ടികളെ ചേർത്തുപിടിച്ചും ആണ് രാഹുൽ നടന്നുനീങ്ങിയത്.
യാത്ര കിള്ളിപ്പാലത്ത് എത്തിയപ്പോൾ, മുതലപ്പൊഴിയിൽ അടുത്തിടെ വള്ളംമറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മൂന്നുപേരുടെയും കുടുംബാംഗങ്ങൾ രാഹുലിനൊപ്പം ചേർന്നു.
യാത്രക്കിടയിൽ അവരോട് അപകട വിവരങ്ങൾ ഉൾപ്പെടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സെക്രട്ടേറിയറ്റ് കടന്ന് യാത്ര പാളയത്ത് എത്തിയപ്പോൾ രക്തസാക്ഷി മണ്ഡപത്തിൽ രാഹുൽ പുഷ്പാർച്ചന നടത്തി.
രാവില പട്ടം സെന്റ്മേരീസ് സ്കൂളിൽ വിശ്രമിക്കുന്നതിനിടെ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ലത്തീൻ ആർച്ച് ബിഷപ് തോമസ് നെറ്റോ, പാളയം ഇമാം മൗലവി ഡോ.വി.പി. സുഹൈബ്, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ബിഷപ് ജോസഫ് മാർ ബർണബാസ് സഫ്രഗൻ, ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, അടൂർ ഗോപാലകൃഷ്ണൻ, സൂര്യ കൃഷ്ണമൂർത്തി, പെരുമ്പടവം ശ്രീധരൻ, ഡോ.ജി. വിജയരാഘവൻ, ഡോ. ഉമ്മൻ വി. ഉമ്മൻ ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖരുമായി രാഹുൽഗാന്ധി കൂടിക്കാഴ്ച നടത്തി.
അവരോടൊപ്പം ഉച്ചഭക്ഷണം കഴിച്ച രാഹുൽ, വിഴിഞ്ഞം സമരസമിതി നേതാക്കളുമായും ചർച്ചനടത്തി.
ജവഹർ ബാൽ മഞ്ച് നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തശേഷം അവരുമായി ആശയവിനിമയം നടത്തിയ രാഹുൽ പിന്നീട് എ.കെ. ആന്റണിക്കൊപ്പം കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമിയുടെ ജന്മഗൃഹവും സന്ദർശിച്ചശേഷമാണ് വൈകീട്ട് നാലിന് പട്ടത്തുനിന്ന് യാത്ര പുനരാരംഭിച്ചത്.
ശേഷം നടന്ന പൊതുയോഗത്തിൽ ദേശീയ-സംസ്ഥാന നേതാക്കൾ പങ്കെടുത്തു. പത്തനംതിട്ട ജില്ലയിലെ നാലു നിയോജകമണ്ഡലങ്ങളിലെ പ്രവർത്തകരും പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.