പുന്നമട കായലിലെ ഓളപ്പരപ്പില്‍ തുഴയെറിഞ്ഞ് രാഹുല്‍ ഗാന്ധി
text_fieldsആലപ്പുഴ: പുന്നമട കായലിലെ ഓളപ്പരപ്പില്‍ ഉയര്‍ന്ന് താഴുന്ന തുഴകളുടെ ആവേശം തൊട്ടറിഞ്ഞ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ പര്യടനവേളയിലാണ് വള്ളക്കളിയുടെ ആവേശം അടുത്തറിയാന്‍ രാഹുല്‍ ഗാന്ധിയെത്തിയത്. കൈയ്യടിയും ആര്‍പ്പുവിളിയും വള്ളപ്പാട്ടും എല്ലാം ചേര്‍ന്നപ്പോൾ തുഴച്ചിലുകാര്‍ക്കൊപ്പം അദ്ദേഹവും അലിഞ്ഞുചേര്‍ന്നു.
ആര്‍പ്പോ വിളികളോടെയാണ് രാഹുല്‍ ഗാന്ധിയെ വള്ളത്തിലേക്ക് ടീം അംഗങ്ങള്‍ സ്വീകരിച്ചത്. കേരള ടൂറിസം നേരിടുന്ന വെല്ലുവിളികളെയും പരിഹാരമാര്‍ഗങ്ങളെയും കുറിച്ച് ഹൗസ് ബോട്ട് ഓപ്പറേറ്റേഴ്സുമായി പങ്കുവെച്ചശേഷമാണ് രാഹുല്‍ ഗാന്ധി ചുണ്ടന്‍ വള്ളം തുഴയാനെത്തിയത്.
നടുവിലെപറമ്പന്‍, ആനാരി, വെള്ളംകുളങ്ങര എന്നീ മൂന്ന് ചുണ്ടന്‍ വള്ളങ്ങളാണ് വള്ളംകളി മത്സരത്തില്‍ പങ്കെടുത്തത്. ഇതില്‍ രാഹുല്‍ ഗാന്ധി തുഴഞ്ഞ നടുവിലെപറമ്പനാണ് ഒന്നാംസ്ഥാനത്ത് എത്തിയത്. രാഹുല്‍ ഗാന്ധിയെ പദയാത്രയില്‍ അനുഗമിക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തുഴഞ്ഞ ആനാരിവള്ളം രണ്ടാംസ്ഥാനത്തും എത്തി. തൊട്ടുപിറകിലായി വെള്ളംകുളങ്ങരയും ഫിനിഷ് ചെയ്തു.
വിജയികൾക്കൊപ്പം ആഹ്ലാദം പങ്കിടുക്കുകയും മത്സരത്തിൽ പങ്കെടുത്ത വള്ളക്കാർക്ക് സ്നേഹോപഹാരം നല്‍കുകയും ചെയ്ത ശേഷമാണ് രാഹുല്‍ ഗാന്ധി മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.