മാഹിയിൽ ഭാരത് അരി വിതരണം ചെയ്യുന്നത് തടഞ്ഞു; ഒരു ലോഡ് അരിയും ലോറിയും കസ്റ്റഡിയിലെടുത്തു
text_fieldsമാഹി: മേഖലയിൽ വിതരണത്തിനായി കൊണ്ടുവന്ന ഭാരത് അരി തെരഞ്ഞെടുപ്പ് ചട്ടലംഘനമായി വിലയിരുത്തി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ പിടിച്ചെടുത്തു. കേന്ദ്ര സർക്കാറിന്റെ ഭാരത് റൈസ് പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ ക്ഷേത്രത്തിന് മുൻവശത്തുനിന്ന് വിതരണം ചെയ്യുമ്പോൾ പൊലീസെത്തി അരി വിതരണം തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചു.
പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി മാഹിയിൽ ഭാരത് അരി വിതരണം നടക്കുന്ന വിവരം ലഭിച്ചതിനെ തുടർന്ന് പുതുച്ചേരിയിൽനിന്ന് ചീഫ് ഇലക്ടറൽ ഓഫിസറുടെ നിർദേശാനുസരണമാണ് വിതരണത്തിനായി കൊണ്ടുവന്ന ഒരു ലോഡ് അരിയും ലോറിയും കസ്റ്റഡിയിലെടുത്ത് ആർ.എയുടെ ഓഫിസ് അങ്കണത്തിലെത്തിച്ചത്.
അരിവിതരണം തടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ച ബി.ജെ.പി പ്രവർത്തകരും പൊലീസും തമ്മിൽ ഏറെനേരം വാക്കേറ്റമുണ്ടായി. 10 കിലോ അരി 290 രൂപ വിലക്കാണ് നൽകിയത്.
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് അരി വിതരണം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കാനുള്ള ബി.ജെ.പിയുടെ വില കുറഞ്ഞ രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. മോഹനൻ പ്രതികരിച്ചു.
മാഹിയിൽ റേഷൻ അരി നൽകാൻ കഴിയാത്തവരുടെ അരി വിതരണത്തിന്റെ രാഷ്ട്രീയം കാപട്യമാണെന്നും പ്രതിഷേധാർഹമാണെന്നും സി.പി.എം മാഹി ലോക്കൽ സെക്രട്ടറി കെ.പി. സുനിൽകുമാർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.