ഭവാനിയിലെ തമിഴ്നാട് ടണൽ നിർമാണം: വനംവകുപ്പ് അന്വേഷിക്കും
text_fieldsഅഗളി (പാലക്കാട്): ഭവാനിപ്പുഴയിലെ തമിഴ്നാടിെൻറ അനധികൃത ടണൽ നിർമാണത്തെക്കുറിച്ച് വനം വകുപ്പ് പ്രാഥമിക അന്വേഷണം തുടങ്ങി. മണ്ണാർക്കാട്, സൈലൻറ് വാലി വനം ഡിവിഷനുകൾ സംയുക്തമായാണ് അന്വേഷണം. പ്രാഥമിക റിപ്പോർട്ട് പത്തു ദിവസത്തിനകം സമർപ്പിക്കും. സർക്കാർ നിലപാടിനുശേഷം വിശദമായ അന്വേഷണമുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.
സൈലൻറ് വാലി പാർക്കിെൻറ പാരിസ്ഥിതിക ഘടനക്ക് കോട്ടം വരുത്തുന്ന തരത്തിൽ ഭവാനി പുഴയിൽനിന്ന് രഹസ്യ ടണൽ വഴി വെള്ളം ചോർത്താനുള്ള പദ്ധതിയുമായാണ് തമിഴ്നാട് മുന്നോട്ടുപോകുന്നത്. വൈദ്യുതി ഉൽപാദനമാണ് ലക്ഷ്യം. കേരളത്തിലൂടെ ഭവാനിപ്പുഴ ഒഴുകുന്നത് 55 കിലോമീറ്റർ ദൂരമാണ്. ഇതിൽ 25 കിലോമീറ്റർ സൈലൻറ് വാലിയിലൂടെയാണ്. ഭവാനിയിലെ നീരൊഴുക്ക് നിലച്ചാൽ വൻ പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാകും. ഇവിടത്തെ നീർച്ചാലുകളുടെ ജലസമൃദ്ധിയെയും ബാധിക്കും.
ഭവാനിയുടെ കൈവഴികളായ 20ലധികം അരുവികളും ഇതുവഴി ഒഴുകുന്നുണ്ട്. പുഴയിലെ വെള്ളം തടഞ്ഞുനിർത്തിയാൽ ഇവയുടെ ഒഴുക്കും നിലക്കും. സൈലൻറ് വാലിയിൽ 41 ഇനം വന്യമൃഗങ്ങളും 211 ഇനം പക്ഷികളും 164 ഇനം ചിത്രശലഭങ്ങളും 49 ഇനം ഇഴജന്തുക്കളും 47 തരം ഉഭയജീവികളും വസിക്കുന്നുണ്ട്. മിക്കതും വംശനാശ ഭീഷണി നേരിടുന്നവയാണ്.
അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ദേശത്തേക്കുള്ള സ്വാഭാവിക ജലസോത്രസ്സ് ഇല്ലാതാകുന്നത് ജൈവഘടനയെ ബാധിക്കുമെന്ന് മണ്ണാർക്കാട് ഡി.എഫ്.ഒ വി.പി. ജയപ്രകാശ് പറഞ്ഞു. സംഭവം വിവാദമായതോടെ, കേരളം പാഴാക്കിക്കളയുന്ന ഭവാനിജലം മൂന്ന് ജില്ലയുടെ കുടിവെള്ളത്തിനായി ഉപയോഗിക്കാൻ ശ്രമിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന വിശദീകരണവുമായി തമിഴ്നാട് അധികൃതർ രംഗത്തെത്തി.
അന്വേഷണത്തിന് തമിഴ്നാട് കനിയണം
അഗളി: ഭവാനിപ്പുഴയിൽ തമിഴ്നാടിെൻറ തുരങ്ക നിർമാണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് വ്യക്തമാക്കിയെങ്കിലും അന്വേഷണത്തിന് തമിഴ്നാട് കനിയണം. 2006ൽ അപ്പർ ഭവാനിയോട് ചേർന്ന് തമിഴ്നാട് വെള്ളം ചോർത്താൻ തുരങ്കം നിർമിച്ചിട്ടുണ്ട്. അന്ന് സംയുക്ത പരിശോധനക്ക് കേരളം ആവശ്യപ്പെട്ടെങ്കിലും നിഷേധാത്മക നിലപാടാണ് തമിഴ്നാട് സ്വീകരിച്ചതെന്ന് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. നീലഗിരി ജില്ലയിലെ ഗദ്ദക്ക് സമീപമാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. മാവോവാദി ഭീഷണിയുള്ള മേഖലയായതിനാൽ അതീവ സുരക്ഷ വലയത്തിലുള്ള പ്രദേശമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.