ഒന്നാംപ്രതിയുടെ ഭാര്യയുടെ അറസ്റ്റ്: പൊലീസ് നടപടി അപൂർവം
text_fieldsതിരൂർ: കൊലപാതകക്കേസിൽ പ്രേരണാകുറ്റം ചുമത്തി ഒന്നാംപ്രതിയുടെ ഭാര്യയെ അറസ്റ്റ് ചെയ്യുന്നത് അപൂർവം. ബിബിൻ വധക്കേസിലെ ഒന്നാംപ്രതിയുടെ ഭാര്യ ഷാഹിദയാണ് അറസ്റ്റിലായിരിക്കുന്നത്. സമീപകാലത്തെ രാഷ്ട്രീയ^സാമുദായിക കൊലപാതക കേസുകളിലൊന്നും ഇത്തരം നടപടിയുണ്ടായിട്ടില്ലെന്ന് നിയമവൃത്തങ്ങൾ പറയുന്നു. വിദ്യാസമ്പന്നയായിട്ടും കൃത്യം നടക്കുന്ന വിവരം മൂടിവെച്ചെന്നാണ് കുറ്റം. ബിരുദാനന്തര ബിരുദവും ബി.എഡുമാണ് ഷാഹിദയുടെ വിദ്യാഭ്യാസയോഗ്യത. വനിതവിഭാഗം നേതാവായതിനാൽ വീട്ടിൽ ലത്തീഫിെൻറ നേതൃത്വത്തിൽ നടന്ന ഗൂഢാലോചന യോഗങ്ങളുടെയെല്ലാം ലക്ഷ്യം ഷാഹിദക്കും അറിയാമായിരുന്നെന്നാണ് പൊലീസ് കരുതുന്നത്. കുറ്റം നടക്കുമെന്നറിഞ്ഞിട്ടും അവർക്ക് ഭക്ഷണവും താമസമുൾെപ്പടെ ഒരുക്കിയതാണ് പ്രേരണാകുറ്റം ചുമത്താനുള്ള കാരണമായി കാണുന്നത്.
അതേസമയം, ബിബിൻ കൊല്ലപ്പെട്ടത് മുതൽ ഒളിവിൽ കഴിയുന്ന ഒന്നാംപ്രതി അബ്ദുൽലത്തീഫിനെ പിടികൂടാൻ കഴിയാതിരുന്നതോടെയാണ് ഷാഹിദയുടെ അറസ്റ്റെന്നാണ് സൂചന. കൃത്യത്തിൽ പങ്കെടുത്ത ആറംഗ സംഘത്തിലെ ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്യാനായത്. പ്രധാന ആസൂത്രകനും കൃത്യത്തിൽ പങ്കെടുത്തയാളുമാണ് ലത്തീഫെന്ന് പൊലീസ് വിശ്വസിക്കുന്നു. ഗൂഢാലോചനകുറ്റം ചുമത്തി അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച മാധ്യമപ്രവർത്തകരെയൊന്നും അറിയിക്കാതെ ഷാഹിദയെ അറസ്റ്റ് രേഖപ്പെടുത്തി നേരെ കോടതിയിൽ ഹാജരാക്കുകയായിരുന്നു.
എസ്.ഡി.പി.ഐ ഡിവൈ.എസ്.പി ഓഫിസ് മാർച്ച് നടത്തി
തിരൂർ: ബിബിൻ വധത്തിെൻറ പേരിൽ സ്ത്രീകളെയും കുട്ടികളെയും പൊലീസ് വേട്ടയാടുന്നെന്നാരോപിച്ച് എസ്.ഡി.പി.ഐ പ്രവർത്തകർ ഡി.വൈ.എസ്.പി ഓഫിസ് മാർച്ച് നടത്തി. തിരൂർ റിങ് റോഡിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. സ്റ്റേഷൻ പരിസരത്ത് തിരൂർ സി.ഐ കെ.എം. ഷാജിയുടെ നേതൃത്വത്തിൽ തടഞ്ഞു. എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി ബാബുമണി കരുവാരകുണ്ട് ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയംഗങ്ങളായ റഫീഖ് താനൂർ, ഹമീദ് പരപ്പനങ്ങാടി എന്നിവർ സംസാരിച്ചു. അഷ്റഫ് ചെലൂർ, എം. മരക്കാർ, ഇബ്രാഹീം തിരൂർ എന്നിവർ നേതൃത്വം നൽകി.
കൃത്യത്തിനുപയോഗിച്ച വാൾ ഭാരതപ്പുഴയിൽനിന്ന് കണ്ടെടുത്തു
ബിബിൻ വധക്കേസിൽ കൊലയാളിസംഘം ഉപയോഗിച്ച വാൾ ഭാരതപ്പുഴയിൽനിന്ന് പൊലീസ് കണ്ടെടുത്തു. രണ്ടാംപ്രതി തൃപ്രങ്ങോട് പരപ്പേരി സാബിനൂൾ നൽകിയ വിവരമനുസരിച്ച് നരിപ്പറമ്പ് പമ്പ് ഹൗസ് ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് ആയുധം ലഭിച്ചത്. തിരൂർ സി.ഐ എം.കെ. ഷാജി, എസ്.ഐ സുമേഷ് സുധാകർ എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകീട്ടായിരുന്നു തിരച്ചിൽ. പമ്പ് ഹൗസിന് സമീപത്ത് പായൽ മൂടിക്കിടക്കുന്ന ഭാഗത്തായിരുന്നു വാൾ.
ആദ്യം പ്രദേശവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിൽ വിജയിച്ചില്ല. തുടർന്ന് മുങ്ങൽ വിദഗ്ധൻ കൂടിയായ കൊണ്ടോട്ടി എസ്.ഐ കെ.ആർ. രഞ്ജിത്തിെൻറ നേതൃത്വത്തിൽ പൊലീസുകാർ മുങ്ങിത്തപ്പുകയായിരുന്നു. തിരൂർ ആർ.ഡി.ഒ ഓഫിസിലെ സീനിയർ സൂപ്രണ്ട് അൻവർ സാദത്ത് പെരിങ്ങോടൻ, ലാൻഡ് അക്വിസിഷൻ (ജനറൽ) സ്പെഷൽ തഹസിൽദാർ പി.ടി. ജാഫറലി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്. ആയുധം വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. ബിബിനെ കൊലപ്പെടുത്തിയ ശേഷം പുളിഞ്ചോട്^മുസ്ലിയാരങ്ങാടി റോഡ് വഴി രക്ഷപ്പെട്ട് എല്ലാവരും നരിപ്പറമ്പ് പമ്പ് ഹൗസ് പരിസരത്തെത്തി. പുഴയിലിറങ്ങി കുളിച്ച് വസ്ത്രങ്ങൾ മാറിയ ശേഷം പിരിയുകയായിരുന്നെന്നും ഇതിനിടെ താൻ ഉപയോഗിച്ച വാൾ പുഴയിലേക്ക് എറിയുകയായിരുന്നെന്നും സാബിനൂൾ മൊഴി നൽകി. കഴിഞ്ഞ ദിവസം സാബിനൂളിെൻറ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് വാളുകളും ഒരു ഇരുമ്പ് ദണ്ഡും കണ്ടെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.