ബിബിൻ വധം: പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്
text_fieldsതിരൂർ: ബി.പി അങ്ങാടിക്കടുത്ത പുളിഞ്ചോട്ട് ആർ.എസ്.എസ് പ്രവർത്തകൻ ബിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ജില്ല പൊലീസ് മേധാവി ദേബേഷ്കുമാർ ബെഹ്റയുടെ നേതൃത്വത്തിൽ രണ്ട് ഡിവൈ.എസ്.പിമാർ അടങ്ങുന്ന 12 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. വ്യാഴാഴ്ച രാത്രി ഏതാനും പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും കൃത്യമായ വിവരം ലഭിച്ചിട്ടില്ല. മൂന്നു പേരെ വെള്ളിയാഴ്ച രാത്രി വരേയും ചോദ്യം ചെയ്തു.
ആരും കസ്റ്റഡിയിലില്ലെന്നും ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നും അന്വേഷണ സംഘം അറിയിച്ചു. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രൻ, തിരൂർ ഡിവൈ.എസ്.പി ഉല്ലാസ്, സി.ഐമാരായ എം.കെ ഷാജി (തിരൂർ), സി. അലവി (താനൂർ) എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം മുന്നേറുന്നത്. കൃത്യം നിർവഹിച്ചവരെ കുറിച്ച് സൂചനകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. എന്നാൽ തിരിച്ചറിയാനായിട്ടില്ല. പ്രതികൾ സഞ്ചരിച്ച ബൈക്കുകളുൾെപ്പടെ കണ്ടെത്താനും ഊർജിത ശ്രമം നടത്തുന്നു.
ബിബിനെ വെട്ടിപ്പരിക്കേൽപ്പിച്ച ഭാഗത്ത് കടകളില്ലാതിരുന്നതിനാൽ സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമല്ലാത്തതാണ് പൊലീസിനെ കുഴക്കുന്നത്. ബിബിനെ പിന്തുടർന്നെത്തി ആക്രമിച്ചവർ കറുത്ത മുഖംമൂടി ധരിച്ചിരുന്നതിനാൽ കൃത്യത്തിെൻറ ദൃക്സാക്ഷികൾക്ക് ഇവരെ തിരിച്ചറിയാനുമായില്ല. മൊബൈൽ ടവർ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്. ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച രാവിലെ കൃത്യം നടക്കുന്നത് വരെ പ്രദേശത്തെ മൊബൈൽ ടവറുകളുടെ പരിധിയിൽ നിന്നുണ്ടായ ഫോൺ വിളികളുടെ വിശദാംശങ്ങൾ ശേഖരിച്ച് വരികയാണ്. കൃത്യത്തിലുൾപ്പെട്ടവരെത്തന്നെ കണ്ടെത്തണമെന്നാണ് പൊലീസ് നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.