ആലപ്പുഴയിൽ സി.പി.എം -സി.പി.ഐ ബന്ധം ഉലയുന്നു; കൊമ്പുകോർത്ത് ജില്ല സെക്രട്ടറിമാർ
text_fieldsആലപ്പുഴ: കുട്ടനാട് പ്രശ്നത്തിൽ ആലപ്പുഴയിൽ സി.പി.എം-സി.പി.ഐ ബന്ധം ഉലയുന്നു. ഭരണകക്ഷി മുന്നണിയിലെ ജില്ല നേതാക്കൾ പരസ്പരം കൊമ്പുകോർത്തതോടെയാണ് പരസ്യപ്പോരിന് കളമൊരുങ്ങിയത്. സി.പി.എമ്മിലെ കടുത്ത വിഭാഗീയതയെത്തുടർന്ന് പാർട്ടി ശക്തികേന്ദ്രമായ കുട്ടനാട്ടിൽനിന്ന് ജനപ്രതിനിധികളടക്കം 222പേർ കൂട്ടത്തോടെ സി.പി.ഐയിൽ ചേക്കേറിയതാണ് പുതിയ പ്രശ്നത്തിന് കാരണമായത്. രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേന്ദ്രകുമാർ അടക്കം ആറ് ജനപ്രതിനിധികളും രണ്ട് ഏരിയകമ്മിറ്റി അംഗങ്ങളും 19 ലോക്കൽ കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെയുള്ള പ്രവർത്തകർ സി.പി.ഐയിൽ അംഗത്വമെടുത്തതാണ് സി.പി.എമ്മിനെ ചൊടിപ്പിച്ചത്.
തുടക്കത്തിൽ ഇരുനേതാക്കളും മുന്നണി മര്യാദപാലിച്ച് മൗനംപാലിച്ചാണ് മുന്നോട്ടുപോയത്. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പാർട്ടിയിലേക്ക് എത്തിയവർക്ക് പരസ്യമായി അംഗത്വം നൽകി സ്വീകരിക്കുന്ന സമ്മേളനം അടക്കമുള്ള കാര്യങ്ങൾ വേണ്ടെന്നായിരുന്നു സി.പി.ഐയുടെ നിലപാട്.
ഇതിനിടെ പാർട്ടിവിട്ടവരെ മടക്കിക്കൊണ്ടുവരാൻ സി.പി.എം നടത്തിയശ്രമവും വിഫലമായി. ഇതോടെ, പാർട്ടി വിരുദ്ധപ്രവർത്തനം നടത്തിയതിന്റെ പേരിൽ പ്രാദേശിക നേതാക്കളായ എ.എസ്. അജിത്, ബി.കെ. കുഞ്ഞുമോന്, എന്.ഡി. ഉദയന് എന്നിവരെ പുറത്താക്കിയാണ് പ്രതിരോധം തീർത്തത്.
ഇതിനിടെ, കുട്ടനാട്ടിൽനിന്ന് കൂടുതൽപേർ പാർട്ടിവിടുമെന്ന അഭ്യൂഹവും പരന്നു. കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്കിന് തടയിടാൻ കുട്ടനാട്ടിൽ നടന്ന സി.പി.എം ജനകീയ പ്രതിഷേധ യോഗത്തിൽ ജില്ല സെക്രട്ടറി ആർ. നാസറാണ് സി.പി.ഐക്കുനേരെ പരസ്യവിമർശനത്തിന് തുടക്കമിട്ടത്. രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാർ തട്ടിപ്പ് വീരനാണെന്നും അന്തസ്സുണ്ടെങ്കിൽ പ്രസിഡന്റുസ്ഥാനം രാജിവെക്കണമെന്നുമാണ് സി.പി.ഐയെ കുറ്റപ്പെടുത്തിയത്.
ഇതിന് സി.പി.ഐ നേതൃത്വം മറുപടി നൽകിയില്ല. എന്നാൽ, ആർ. നാസറെ വെല്ലുവിളിച്ച് രാജേന്ദ്രകുമാർ രംഗത്തെത്തി. വി.എസിന് അനുകൂല നിലപാട് എടുത്തതാണ് പ്രശ്നമെന്നും പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് പറയാൻ നാസറിന് ധാർമികമായി അവകാശമില്ലെന്നും രാജേന്ദ്രകുമാർ പറഞ്ഞു.കൂടുതൽപേർ പാർട്ടിവിട്ടുപോകുമെന്ന ചർച്ച സജീവമായതോടെയാണ് സി.പി.എം കരുത്ത് തെളിയിക്കാൻ കുട്ടനാട്ടിലെ എല്ലാ പഞ്ചായത്തിലും കാൽനടജാഥ നടത്താൻ തീരുമാനിച്ചത്. ജാഥയിലെ പ്രധാന മുദ്രാവാക്യം കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധനയങ്ങളായിരുന്നു.
സ്ത്രീകളടക്കമുള്ളവരെ തെരുവിലിറക്കി കരുത്തുകാട്ടിയ ജാഥയിൽ നേതാക്കളുടെ പ്രസംഗങ്ങൾ സി.പി.ഐക്കും പാർട്ടിവിട്ടുപോയവർക്കും നേരെയായിരുന്നു. വെല്ലുവിളിച്ചും അപഹസിച്ചും കടുത്തഭാഷയിലായിരുന്നു വിമർശനം. ഇതോടെയാണ് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അതേ ഭാഷയിൽ തിരിച്ചടിച്ചത്. കുട്ടനാട് ഉൾപ്പെടുന്ന മാവേലിക്കര ലോക്സഭ മണ്ഡലത്തിൽ സി.പി.ഐയാണ് മത്സരിക്കുന്നത്. ഉലച്ചിൽ നീണ്ടുപോയാൽ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന ആശങ്ക അണികൾക്കിടയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.