ബ്രോയിലർ കോഴികൾക്ക് വൻ വിലയിടിവ്; കോഴി കർഷകർ പ്രതിസന്ധിയിൽ
text_fieldsപാനൂർ: കോഴി കർഷകർക്ക് ആശങ്കയുയർത്തി കോഴിവില താഴേക്ക്. ബ്രോയിലർ ചിക്കൻ വില കുത്തനെ കുറഞ്ഞതോടെ പ്രതിസന്ധിയിലായി കോഴി ഫാം മേഖല. ഏതാനും മാസങ്ങളായി കോഴിവില ഉയർന്നുനിൽക്കുന്നത് മുന്നിൽകണ്ട് മിക്ക ഫാമുകളിലും വൻതോതിൽ കോഴിവളർത്തിയതാണ് ഇപ്പോൾ തിരിച്ചടിയായത്.
ഒരുകിലോ കോഴിയിറച്ചിക്ക് ചില്ലറ വിൽപന കേന്ദ്രങ്ങളിൽ 100 മുതൽ 110 രൂപ വരെയാണ് വില. ജീവനോടെ 85 മുതൽ 90 രൂപയാണ് ഈടാക്കുന്നത്. 60 മുതൽ 65 രൂപക്കാണ് ഫാമുകളിൽനിന്ന് ഏജന്റുമാർ കോഴികളെ വാങ്ങുന്നത്. ഒരാഴ്ച മുമ്പ് വരെ ഒരു കിലോ കോഴിയിറച്ചിക്ക് 230 മുതൽ 260 രൂപ വരെയായിരുന്നു വിവിധ ഭാഗങ്ങളിൽ ഈടാക്കിയിരുന്നത്. ഉൽപാദനം കൂടി ഫാമുകളിൽ കോഴികൾ കെട്ടിക്കിടക്കാൻ തുടങ്ങിയതോടെയാണ് വിലയിൽ പെട്ടെന്ന് ഇടിവ് സംഭവിച്ചത്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിലെ കോഴി വില. ഫാമുകളിൽ വലിയ തോതിൽ കോഴികൾ ഉള്ളതിനാൽ ഏജന്റുമാർ പറയുന്ന വിലക്ക് നൽകേണ്ട അവസ്ഥയിലാണ് കർഷകർ. നിരക്കിൽ മാറ്റം ഉണ്ടാകുന്നതുവരെ വളർച്ചയെത്തിയ കോഴികളെ ഫാമുകളിൽ നിർത്തുന്നത് തീറ്റ ഇനത്തിലും കർഷകർക്ക് നഷ്ടമുണ്ടാക്കും.
കോഴിക്കുഞ്ഞിന്റെ വില, തീറ്റ, മരുന്ന്, പരിചരണച്ചെലവ് എന്നിവ പ്രകാരം ഒരുകിലോ കോഴി ഉൽപാദിപ്പിക്കാൻ 90 മുതൽ 100 രൂപ വരെ കർഷകന് ചെലവാകുന്നുണ്ട്. ഫാമുകളിൽ കിലോക്ക് 130 മുതൽ 140 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചുനിൽക്കാൻ കഴിയൂ എന്നാണ് കർഷകർ പറയുന്നത്. ഇനി ഓണത്തോടനുബന്ധിച്ച് മാത്രമേ വിലയിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കാനാവൂ എന്നാണ് കോഴിക്കച്ചവടക്കാർ പറയുന്നത്. അതേസമയം, കേരളത്തിൽ ഉൽപാദനം വർധിച്ചത് തിരിച്ചറിഞ്ഞുള്ള തമിഴ്നാട് ലോബിയുടെ ആസൂത്രിത നീക്കമാണ് കോഴിയുടെ വില കുത്തനെ കുറയാൻ കാരണമായതെന്നും കച്ചവടക്കാർ ആരോപിക്കുന്നുണ്ട്.
ഇതിനിടെ പാനൂർ മേഖലയിൽ കോഴിയിറച്ചി വിൽപനയിൽ വലിയ മത്സരമാണ് നടന്നുവരുന്നത്. കല്ലിക്കണ്ടി, കടവത്തൂർ പ്രദേശത്തെ കോഴി കച്ചവടക്കാർ തമ്മിലുള്ള മത്സരവും പരിസരങ്ങളിലെ വലിയ കോഴിയിറച്ചി വിൽപനക്കാരെയും സാരമായി ബാധിച്ചിട്ടുണ്ട്. ഞായറാഴ്ച 99 രൂപക്കാണ് ഒടുവിൽ കോഴിയിറച്ചി വിൽപന നടത്തിയത്. വരും ദിവസങ്ങളിൽ വില വർധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി ജില്ല പ്രസിഡൻറ് ഇസ്മായിൽ പൂക്കോം ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.