പൂഞ്ഞാറിലെ ഒറ്റയാനെ പിടിച്ചുകെട്ടാൻ അരയും തലയും മുറുക്കി മുന്നണികൾ
text_fieldsകോട്ടയം: ത്രികോണപ്പോരിന് പൂർണമായും പാകപ്പെട്ടിട്ടില്ലാത്ത രാഷ്ട്രീയ കേരളത്തിൽ ചതുഷ്കോണത്തിെൻറ ഹുങ്കാണ് പൂഞ്ഞാറിന്. കഥയും കഥാപാത്രങ്ങളും മാറിയെങ്കിലും കഴിഞ്ഞതവണ ഒറ്റയാനായി വിജയിച്ച പി.സി. ജോർജ് ഇത്തവണയും സ്വതന്ത്രവേഷമണിഞ്ഞതാണ് പൂഞ്ഞാറിനെ പ്രവചനാതീതമാക്കുന്നത്. ജോർജിനെ പിടിച്ചുകെട്ടാൻ അരയും തലയും മുറുക്കി മുന്നണികൾ രംഗത്തെത്തിയതോടെ റബർ തലപ്പുകൾ നിറയുന്ന മലയോരപോരാട്ടത്തിന് തീവ്രചൂട്.
കെ.എം. ജോർജിലൂടെ 'കേരള കോൺഗ്രസായ' പൂഞ്ഞാറിലേക്ക് ആറ് പതിറ്റാണ്ടിനുശേഷം കോൺഗ്രസ് സ്ഥാനാർഥിയെത്തുന്നതാണ് വലത്തെ വിശേഷം. മണ്ഡലത്തെ അടുത്തറിയുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ടോമി കല്ലാനിയാണ് യു.ഡി.എഫ് സ്ഥാനാർഥി. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നതിെൻറ ആവേശം കോൺഗ്രസിൽ നിറയുന്നുണ്ടെങ്കിലും താഴേത്തട്ടിലെ സംഘടനാ സംവിധാനങ്ങളുടെ പേരായ്മകൾ ആശങ്ക നിറക്കുന്നു. മണ്ഡലത്തിെൻറ യു.ഡി.എഫ് മേൽക്കോയ്മയിൽ ഇതിനെ പിടിച്ചുകെട്ടാമെന്നാണ് പ്രതീക്ഷ.
ഇടത്തേക്കെത്തിയ കേരള േകാൺഗ്രസ് എമ്മിെൻറ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലാണ് എൽ.ഡി.എഫ് സ്ഥാനാർഥി. ജില്ല പഞ്ചായത്ത് പ്രസിഡൻറ്, അംഗം എന്ന നിലയിലെ ജനകീയ, വികസന ഇമേജാണ് തുറുപ്പുചീട്ട്. പി.സി. ജോർജിലേക്കുള്ള വോട്ട് ചോർച്ചയിലൂടെ കഴിഞ്ഞതവണ മൂന്നാംസ്ഥാനത്തായ എൽ.ഡി.എഫ്, ആ വോട്ടുകൾ തിരിച്ചെത്തിക്കാൻ കഠിനശ്രമത്തിലാണ്. സ്വന്തം വോട്ടുകൾക്കൊപ്പം കേരള കോൺഗ്രസ് വോട്ടുകളും ചേരുന്നതാണ് പ്രതീക്ഷ.
2016ല്‍ മുന്നണികളെ പരാജയപ്പെടുത്തി 27,821 വോട്ടുകൾക്കായിരുന്നു ജോർജിെൻറ ജയം. ഇടത്-വലത് സ്ഥാനാർഥികൾക്ക് ജോർജിെൻറ വ്യക്തിപ്രഭാവത്തിന് വെല്ലുവിളിയുയർത്താൻ കഴിയാതിരുന്നതിനൊപ്പം അവസാനനിമിഷം സി.പി.എം സീറ്റ് നിഷേധിച്ചത് സഹതാപതരംഗവും തീർത്തു. മുന്നണികൾക്ക് പുറത്തുള്ള സംഘടനകളുടെ ഉറച്ച പിന്തുണയും ജോർജിനായിരുന്നു.
ഇത്തവണ അത്ര പന്തിയല്ല ജോർജിന്. വർഗീയ പരാമര്‍ശത്തോടെ ഒപ്പംനിന്നിരുന്ന മണ്ഡലത്തിലെ വലിയൊരുവിഭാഗം എതിർപക്ഷത്ത് നിലയുറപ്പിച്ചു. ഇതിപ്പോൾ മുതലെടുക്കാൻ ശ്രമിക്കുന്ന ജോർജ് 'നേര് പറയുന്നവൻ, നാടിനഭിമാനമെന്ന' പോസ്റ്ററുകൾ മണ്ഡലത്തിൽ നിറച്ച് ഇതരവിഭാഗങ്ങളുടെ വോട്ട് ഏകീകരണത്തിലേക്ക് കണ്ണെറിയുന്നു.
കഴിഞ്ഞ തവണ 19,966 വോട്ടായിരുന്നു എൻ.ഡി.എക്കായി മത്സരിച്ച ബി.ഡി.ജെ.എസ് സ്ഥാനാർഥി എം.ആർ. ഉല്ലാസ് സ്വന്തമാക്കിയത്. എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് മത്സരവിലക്ക് ഏർപ്പെടുത്തിയതോടെ അധ്യാപകനായിരുന്ന എം.ആർ. ഉല്ലാസ് പിൻവാങ്ങി. എസ്.എൻ.ഡി.പി യോഗം നേതാവായ എം.പി. സെന്നാണ് പകരക്കാരൻ. ബി.ജെ.പി വോട്ടുകൾ ജോർജിന് ചോരുമോയെന്ന ഭയം ഇവർക്കില്ലാതില്ല.
അതിനിടെ, ജോർജിനെതിരെ മണ്ഡലത്തിലുള്ള എതിർവികാരം വോട്ടാക്കാനും ഇടതും വലതും മത്സരിക്കുന്നു. 'വിജയിക്കുന്ന' സ്ഥാനാർഥിയിലേക്ക് വോട്ട് ഏകീകരണം ഉണ്ടാകുമെന്നതിനാൽ താനാണ് മുന്നിലെന്ന് വരുത്താനുള്ള ഇവരുടെ നെട്ടോട്ടമാണ് പോരിടത്തിലെ കൗതുകം.
2016 നിയമസഭ
പി.സി. ജോര്‍ജ്
(ജനപക്ഷം) - 63,621
ജോര്‍ജ്കുട്ടി ആഗസ്തി
(കേരള കോൺഗ്രസ് -എം) - 35,800
പി.സി. ജോസഫ്
(ജനാധിപത്യ കേരള
കോണ്‍ഗ്രസ്) - 22,270
എം.ആര്. ഉല്ലാസ്
(ബി.ഡി.ജെ.എസ്) -19,966
ഭൂരിപക്ഷം -27,821
2019 ലോക്സഭ
ആേൻറാ ആൻറണി
(യു.ഡി.എഫ്) -61,530
വീണാ ജോർജ്
(എൽ.ഡി.എഫ്) -43,601
കെ.സുരേന്ദ്രൻ
(ബി.ജെ.പി) -30,990
ഭൂരിപക്ഷം -17,929
2020 തദ്ദേശം
എൽ.ഡി.എഫ് -54,202
യു.ഡി.എഫ് -52,498
ബി.ജെ.പി -14,159
ഭൂരിപക്ഷം -1704
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.