പാലക്കാട് നഗരത്തിലെ തീപിടിത്തം; നടുങ്ങി നഗരം, ആശങ്ക കൂട്ടി രാത്രിയും തീപിടിത്തം
text_fieldsപാലക്കാട്: പാലക്കാട് നഗരത്തിൽ വൻ തീപിടിത്തം. സ്റ്റേഡിയം ബസ് സ്റ്റാൻഡ് റോഡിലെ രണ്ട് ഭക്ഷണശാലകൾ കത്തിനശിച്ചു. ആർക്കും പരിക്കില്ല. സ്റ്റേഡിയം ബൈപാസിൽ മുഹമ്മദ് റിയാസിെൻറ ഉടമസ്ഥതയിലുള്ള നൂർജഹാൻ ഗ്രൂപ്പിെൻറ ഓപ്പൺ ഗ്രിൽ പൂർണമായും അബ്ദുൽ റഹ്മാെൻറ ഉടമസ്ഥതയിലുള്ള അറേബ്യൻ ഗ്രിൽ ഭാഗികമായും കത്തിനശിച്ചു.
വെള്ളിയാഴ്ച രാവിലെ 11.45ഓടെയാണ് സംഭവം. ഒാപ്പൺ ഗ്രിൽ ഹോട്ടലിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് സമീപത്തുള്ള അറേബ്യൻ ഗ്രില്ലിലേക്കും തീ പടരുകയായിരുന്നു. ഒാപ്പൺ ഗ്രില്ലിന് മുൻവശത്തായി സജ്ജീകരിച്ച തുറന്ന അടുക്കളക്ക് സമീപം എക്സ്ഹോസ്റ്റ് ഫാനിൽ തീപ്പൊരി കണ്ടതായി ഒരുവിഭാഗം ജീവനക്കാർ പറയുന്നു.
അൽപസമയത്തിനകം അടുക്കളക്ക് സമീപം സ്ഥാപിച്ചിരുന്ന ജനറേറ്ററിനോട് ചേർന്ന ഭാഗത്തെ പ്രധാന സ്വിച്ച് ബോർഡിനടുത്ത് നിന്ന് അതിവേഗം തീ പടരുന്നതായി കണ്ടെത്തിയതോടെ ജീവനക്കാർ പുറത്തേക്കിറങ്ങുകയായിരുന്നു. തുടർന്ന് ഓപ്പൺ ഗ്രില്ലിൽനിന്ന് തൊട്ടടുത്ത് പ്രവർത്തിക്കുന്ന അറേബ്യൻ ഗ്രില്ലിലേക്കും തീയാളിപ്പടർന്നു. ഉടൻ കെ.എസ്.ഇ.ബി അധികൃതർ സമീപത്തെ ട്രാൻസ്ഫോർമറുകളിലേക്കുള്ള വൈദ്യുതബന്ധം വിഛേദിച്ചത് അപകടത്തിെൻറ ആഴം കുറച്ചു.
ഉച്ചയോടെ തുറന്നു പ്രവർത്തിക്കുന്ന ഹോട്ടലുകളായതിനാൽ ഭക്ഷണം കഴിക്കാൻ ആരും എത്തിയിരുന്നില്ല. ജില്ല ഫയർ ഓഫിസർ അരുൺ ഭാസ്കറിെൻറ നേതൃത്വത്തിൽ അഗ്നിരക്ഷ സേനയുടെ ആറ് യൂനിറ്റ് സ്ഥലത്തെത്തി തീയണച്ചു. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാനായത്. മൂന്നുനിലകൾ വീതമാണ് ഇരുഹോട്ടലുകളിലുമുണ്ടായിരുന്നത്. എല്ലാ നിലകളിലും അടുക്കളയും സജ്ജീകരിച്ചിരുന്നു.
ഇവിടങ്ങളിൽ സൂക്ഷിച്ചിരുന്ന ഇരുപതോളം എൽ.പി.ജി സിലിണ്ടറുകൾ ആശങ്ക പരത്തിയെങ്കിലും സുരക്ഷിതമായി പുറത്തെത്തിക്കാൻ ഫയർഫോഴ്സിനായി. സംഭവത്തിൽ നാശനഷ്ടങ്ങളുടെ കണക്കുകൾ ഇനിയും വ്യക്തമായിട്ടില്ല. ഒാപ്പൺ ഗ്രിൽ ഹോട്ടൽ പൂർണമായും കത്തി നശിച്ചു. അറേബ്യൻ ഗ്രിൽ ഒന്നാം നില പൂർണമായും രണ്ട്, മൂന്ന് നിലകൾ ഭാഗികമായും നശിച്ചു. സ്റ്റേഡിയം ബൈപാസിൽ മണിക്കൂറുകളോളം ഗതാഗതം നിലച്ചു. പാലക്കാട് ഡിവൈ.എസ്.പി വി.കെ. രാജുവിെൻറ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
രാവിലെ തീപിടിത്തമുണ്ടായ കെട്ടിടത്തിെൻറ എതിർവശത്തെ മൊബൈൽ ഷോറൂമിൽ രാത്രി പത്തോടെ അഗ്നിബാധ. സാംസങ് മൊബൈൽ ഷോറൂമിലെ കുറച്ച് മൊബൈൽ ഫോണുകൾ കത്തിനശിച്ചു. ടോപ് ഇൻ ടൗൺ ഗ്രൂപ് ഉടമ രാജെൻറ ഉടസ്ഥതയിലുള്ളതാണ് കെട്ടിടം. നാശനഷ്ടം കണക്കാക്കാനായിട്ടില്ല. പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി. തീ വേഗത്തിൽ അണക്കാനായി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു.
ഭീതിയുടെ മണിക്കൂറുകൾ
പാലക്കാട്: ഒരുതീപ്പൊരിയിൽനിന്ന് 20 മിനിറ്റ് കൊണ്ട് നഗരത്തെ ആകെ ആശങ്കയിലാഴ്ത്തിയ സംഭവമായി ഭക്ഷണശാലകളിലെ തീപിടിത്തം. പരിസരമെങ്ങും പുകനിറഞ്ഞതോടെ തൊട്ടടുത്തുള്ള ഫ്ലാറ്റിൽ നിന്നടക്കം ആളുകളെ ഒഴിപ്പിച്ചു. ആളുകൾ പരിഭ്രാന്തരായി റോഡിലിറങ്ങിയതോടെ സ്റ്റേഡിയം ബൈപാസിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ഇടപെടേണ്ടി വന്നു. നഗരത്തിലെ സാമാന്യം തിരക്കുള്ള കേന്ദ്രമാണ് സ്റ്റേഡിയം ബൈപാസ് റോഡ്. മൂന്നുനിലകളിലായി ചെറുതും വലുതുമായ നാല് അടുക്കളകളാണ് ഒാപ്പൺ ഗ്രില്ലിലുള്ളത്. ഇവയിൽ എൽ.പി.ജി സിലിണ്ടറുകളാണ് പ്രധാനമായും പാചകത്തിന് ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.