മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ വൻതട്ടിപ്പ്; സമ്പന്ന വിദേശമലയാളിക്ക് മൂന്നു ലക്ഷം ചികിത്സ സഹായം!
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനർഹർ പണംതട്ടുന്നത് കണ്ടെത്താൻ കലക്ടറേറ്റുകളിലെ ബന്ധപ്പെട്ട വിഭാഗങ്ങളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി.ഏജന്‍റുമാരും ഉദ്യോഗസ്ഥരും ഡോക്ടർമാരും ചേർന്ന് നടത്തുന്നത് വൻതട്ടിപ്പെന്ന് വിജിലൻസ് കണ്ടെത്തി.
‘ഓപറേഷൻ സി.എം.ഡി.ആർ.എഫ്’ എന്ന പേരിൽ വിജിലൻസ് നടത്തിയ സംസ്ഥാന വ്യാപക മിന്നൽ പരിശോധനയിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്. . ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട സെക്ഷൻ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരിലുള്ള വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ചാണ് ഏജന്‍റുമാർ തട്ടിപ്പ് നടത്തുന്നത്. തിരുവനന്തപുരം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ ഒരു ഏജന്റിന്റെ ഫോൺ നമ്പർ ഉപയോഗിച്ച് അപേക്ഷിച്ച 16 അപേക്ഷകളിൽ ഫണ്ട് അനുവദിച്ചതായി കണ്ടെത്തി. കരൾ സംബന്ധമായ രോഗത്തിന് ചികിത്സ നടത്തിയ രോഗിക്ക് ഹൃദയസംബന്ധമായ രോഗമാണെന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഫണ്ട് അനുവദിച്ചതും പുറത്തുവന്നു.
കൊല്ലത്ത് പരിശോധിച്ച 20 അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റിൽ 13 എണ്ണം എല്ലുരോഗ വിദഗ്ദ്ധൻ നൽകിയതാണെന്നും പുനലൂർ താലൂക്കിൽ ഒരു ഡോക്ടർ 1500 സർട്ടിഫിക്കറ്റുകൾ നൽകിയതായും കരുനാഗപ്പള്ളിയിൽ പരിശോധിച്ച 14 അപേക്ഷകളിലെ മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ 11 എണ്ണവും ഒരു ഡോക്ടർ നൽകിയതാണെന്നും ഒരേ വീട്ടിലെ എല്ലാവർക്കും രണ്ട് ഘട്ടങ്ങളിലായി നാല് സർട്ടിഫിക്കറ്റുകൾ ഈ ഡോക്ടർ രണ്ടുദിവസങ്ങളിലായി വിതരണം ചെയ്തതായും കണ്ടെത്തി. എറണാകുളത്ത് സമ്പന്നനായ വിദേശമലയാളിക്ക് ചികിത്സ സഹായമായി മൂന്ന് ലക്ഷം രൂപയും മറ്റൊരു വിദേശമലയാളിക്ക് 45,000 രൂപയും അനുവദിച്ചു.
നിലമ്പൂരിൽ മെഡിക്കൽ സർട്ടിഫിക്കറ്റിൽ ചികിത്സക്കായി ചെലവായ തുക രേഖപ്പെടുത്താത്ത അപേക്ഷകളിലും ഫണ്ട് അനുവദിച്ചു. സ്പെഷലിസ്റ്റ് അല്ലാത്ത ഡോക്ടർമാർ ഗുരുതര രോഗങ്ങൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതായും വ്യക്തമായി. മുണ്ടക്കയം സ്വദേശിക്ക് 2017ൽ ഹൃദയസംബന്ധമായ അസുഖത്തിന് കോട്ടയം കലക്ടറേറ്റ് 5000 രൂപയും 2019ൽ ഇതേ അസുഖത്തിന് ഇടുക്കി കലക്ടറേറ്റ് മുഖേന 10,000 രൂപയും 2020ൽ ഇതേ വ്യക്തിക്ക് അർബുദത്തിന് കോട്ടയം കലക്ടറേറ്റ് മുഖേന 10,000 രൂപയും അനുവദിച്ചതായി കണ്ടെത്തി.
ഇതിനായി മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത് കാഞ്ഞിരപ്പള്ളി സർക്കാർ ആശുപത്രിയിലെ എല്ലുരോഗ വിദഗ്ദ്ധനാണെന്നും സാമ്പത്തിക സഹായത്തിന് അപേക്ഷിച്ച ജോർജ് എന്നയാളുടെ പേരിലെ അപേക്ഷയിലെ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ അയാളല്ല അപേക്ഷിച്ചതെന്നും കണ്ടെത്തി. ഇടുക്കി, പാലക്കാട്, കാസർകോട് ജില്ലകളിലും ക്രമക്കേടുകൾ കണ്ടെത്തി. മിന്നൽ പരിശോധനക്ക് എസ്.പി ഇ.എസ്. ബിജുമോൻ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.