ലോട്ടറി വിൽപനയിൽ വൻ തട്ടിപ്പ്: ഉദ്യോഗസ്ഥ ലോബിയും വൻകിട ഏജൻറുമാരും ഒത്തുകളി
text_fieldsതിരുവനന്തപുരം: വൻകിട ഏജൻസികളും ഉദ്യോഗസ്ഥ ലോബിയും ചേർന്ന് ലോട്ടറി വിൽപനയിൽ നടത്തുന്നത് വൻ തട്ടിപ്പ്. പണം അടക്കാതെ ജില്ല ഓഫിസിൽനിന്ന് ഏജന്റ് ടിക്കറ്റ് കൊണ്ടുപോവുക, ഏജന്റുമാരോട് കൈക്കൂലി ചോദിക്കുക തുടങ്ങി ആക്ഷേപങ്ങൾ നിരവധി. അന്വേഷണ റിപ്പോർട്ടുകളിലാവട്ടെ തുടർനടപടിയുമില്ല.
കള്ളക്കളി ഒഴിവാക്കാൻ 75:25 അനുപാതത്തിലാണ് വൻകിട, ചെറുകിടക്കാർക്ക് ടിക്കറ്റ് നൽകുന്നത്. ഇത് അട്ടിമറിച്ച് 15 ൽ താഴെയുള്ള വൻകിട ഏജന്റുമാരാണ് 75 ശതമാനം ടിക്കറ്റും എടുക്കുന്നത്. ഇവർക്ക് തന്നെ 15 ലേറെ ബിനാമികളും ഉണ്ട്. പലരും ഉദ്യോഗസ്ഥരുമാണ്. ഇതുവഴി ലോട്ടറി കച്ചവടം വൻകിട ഏജൻസികളിലേക്ക് ചുരുങ്ങുകയാണ്.
പരമാവധി പരിധിയായ 48,000 കടന്ന് ഏഴു ലക്ഷത്തോളം ടിക്കറ്റാണ് തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലെ വൻകിട ഏജൻസികൾ വിതരണം ചെയ്യുന്നത്. കള്ളക്കളി തടയാൻ 2019 ൽ ആരംഭിച്ച എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ തലപ്പത്തും ആരോപണവിധേയരാണ്. വൻകിട ഏജൻസികൾക്ക് കൂടുതൽ ടിക്കറ്റ് നൽകിയെന്ന പരാതിയിൽ 2020 നവംബറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ല ഓഫിസർമാരെയും നെയ്യാറ്റിൻകര, ഇരിങ്ങാലക്കുട സബ് ഓഫിസർമാരെയും സ്ഥലം മാറ്റി. ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ കുറ്റപത്രം നൽകി. എട്ടുമാസത്തിലേറെയായിട്ടും നടപടിയില്ല.
ട്രിപ്ൾ ലോക്ഡൗൺ കാലത്ത് അടച്ചുപൂട്ടിയ തിരുവനന്തപുരം ജില്ല ഓഫിസ് 2020 ജൂലൈയിൽ ഒറ്റ ജീവനക്കാരും ഇല്ലാതെ തുറന്ന ജില്ല ഓഫിസർ മൂന്ന് ഏജൻസികളുടെ അഞ്ച് കോടിയുടെ ടിക്കറ്റാണ് പാസാക്കിയത്. ജില്ല ഓഫിസിലെ സമ്മാനവിതരണത്തിലെ 10 ലക്ഷം രൂപയുടെ തിരിമറിയിൽ ഡയറക്ടറുടെ അന്വേഷണം അട്ടിമറിെച്ചന്നും ആക്ഷേപമുണ്ട്. തിരൂരിൽ ഫിനാൻസ് ഓഫിസറുടെ മിന്നൽ പരിശോധനയിൽ സ്റ്റോക്കിൽ 24,000 ത്തോളം ടിക്കറ്റിന്റെ കുറവ് കണ്ടെത്തി. രാവിലെ ഏജന്റ് വന്ന് ടിക്കറ്റ് കൊണ്ടുപോെയന്നും പണം ഉടനെ അടക്കും എന്നുമായിരുന്നു വിശദീകരണം. ഓഫിസിലെ ഹാർഡ് ഡിസ്ക് പരിശോധിച്ചതിൽ കോടികളുടെ തിരിമറി വെളിവായി. ഈ ഫയൽ ഡയറക്ടറേറ്റിൽ പൂഴ്ത്തിയതായും പറയുന്നു.
മലപ്പുറത്ത് ഏജന്റിനോട് അരലക്ഷം കൈക്കൂലി ചോദിച്ചത് ഓഡിയോ ക്ലിപ് സഹിതം പരാതി നൽകിയിട്ടും നടപടിയില്ലത്രെ. എന്നാൽ അന്വേഷണ റിപ്പോർട്ടുകളിൽ ഫയലുകൾ നീങ്ങുകയാണെന്നും സമയബന്ധിതമായി റിപ്പോർട്ട് നൽകുമെന്നും പുതുതായി ചുമതലയേറ്റ ഡയറക്ടർ അബ്രഹാം റെൻ 'മാധ്യമ'ത്തോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.