കേരളയിൽ വീണ്ടും വൻ മാർക്ക് തട്ടിപ്പ്: നൂറോളം പേരുടെ മാർക്കിൽ വ്യത്യാസം കണ്ടെത്തിയെന്ന്
text_fieldsതിരുവനന്തപുരം: കേരള സർവകലാശാലയുടെ ബി.എസ്സി പരീക്ഷയിൽ 380 വിദ്യാർഥികൾക്ക് മാർക്ക് കൂട്ടി നൽകുകയും തോറ്റ 23 പേർക്ക് ബിരുദ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തതിന് പിന്നാലെ ബി.എസ്സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ തിരിമറി നടത്തി നൂറുകണക്കിന് പേരെ വിജയിപ്പിച്ചെന്ന് വിവരം.
ഒരു വിദ്യാർഥിക്ക് മാർക്ക് കൂട്ടി നൽകിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പരീക്ഷവിഭാഗത്തിലെ സെക്ഷൻ ഓഫിസറെ കഴിഞ്ഞയാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പ്രോ- വൈസ് ചാൻസലറെ ചുമതലപ്പെടുത്തി. സസ്പെൻഷനിലായ ഉദ്യോഗസ്ഥൻ മറ്റ് നൂറോളം വിദ്യാർഥികളുടെ മാർക്ക് തിരുത്തിയെന്ന വിവരം പുറത്തുവന്നെങ്കിലും വാഴ്സിറ്റി അധികൃതർ രഹസ്യമാക്കി വെച്ചിരിക്കുകയാണ്.
മാർക്ക് കൂട്ടിനൽകുന്നതിന് ചില ജീവനക്കാർ വൻ തുക പ്രതിഫലം കൈപ്പറ്റിയതായും ആക്ഷേപമുണ്ട്. ബി.എസ്സി പരീക്ഷയിൽ തോറ്റ 23 പേർക്ക് ഒരുവർഷം മുമ്പ് നൽകിയ ബിരുദ സർട്ടിഫിക്കറ്റുകൾ റദ്ദാക്കാൻ സർവകലാശാല തീരുമാനിച്ചെങ്കിലും അവരുടെ സർട്ടിഫിക്കറ്റുകൾ ഇതുവരെ മടക്കിവാങ്ങിയിട്ടില്ല.
പരീക്ഷ ടാബുലേഷൻ സോഫ്റ്റ്വെയറിലെ പഴുതുകൾ ഉപയോഗിച്ചാണ് തിരിമറി നടത്തുന്നത്. മുമ്പ് മാന്വലായി മാർക്ക് ടാബുലേറ്റ് ചെയ്തിരുന്നപ്പോൾ മാർക്കിൽ ഏതെങ്കിലും വ്യത്യാസം വരുത്തണമെങ്കിൽ ഡെപ്യൂട്ടി രജിസ്ട്രാർ വരെയുള്ള ഉദ്യോഗസ്ഥർ അംഗീകരിച്ച് ഒപ്പുവെക്കണമായിരുന്നു.
കമ്പ്യൂട്ടർ വഴി രേഖപ്പെടുത്തൽ നടപ്പായതോടെ പരീക്ഷ കൺട്രോളറുടെ ഉത്തരവിെൻറ അടിസ്ഥാനത്തിൽ മാർക്കിൽ മാറ്റംവരുത്താനുള്ള അധികാരം കമ്പ്യൂട്ടർ സെൻറർ ഡയറക്ടർക്ക് മാത്രമായി. ആ അധികാരം ഇപ്പോൾ സെക്ഷൻ ഓഫിസർമാർക്ക് നേരിട്ട് നൽകിയതോടെ മറ്റ് സെക്ഷനിലുള്ളവർക്ക് അവരുടെ പാസ്വേഡ് ഉപയോഗിച്ച് ആരുടെ മാർക്കും മാറ്റാൻകഴിയും വിധമാണ് സോഫ്റ്റ്വെയർ സജ്ജീകരിച്ചത്.
കഴിഞ്ഞവർഷം 380 കുട്ടികളുടെ മോഡറേഷൻ തെറ്റായി കൊടുത്തത് കമ്പ്യൂട്ടർ പിശകാണെന്നായിരുന്നു സർവകലാശാല അന്വേഷണസമിതിയുടെ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.