കുമളിയിൽ വൻ ലഹരിവേട്ട; മൂന്നുപേർ പിടിയിൽ
text_fieldsകുമളി: രാജ്യാന്തര വിപണിയിൽ ഒരു കോടിയിലധികം വിലയുള്ള ഹഷീഷും (കഞ്ചാവ് ഓയിൽ) 21 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ എക്സൈസ് പ്രത്യേകസംഘം അറസ്റ്റ് ചെയ്തു. സംഘത്തിലെ പ്രധാനിക്കുവേണ്ടി അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച രാവിലെ ഏഴോടെ തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് വന്ന കെ.എൽ 34 എ 8388 നമ്പർ കാറിൽ നിന്നാണ് അതിർത്തിയിലെ എക്സൈസ് സംഘം ഒരു കിലോ നൂറ് ഗ്രാം കഞ്ചാവ് ഓയിലും 21 കിലോ കഞ്ചാവും കണ്ടെടുത്തത്. വാഹന ഡ്രൈവർ ഇടുക്കി തങ്കമണി വാഴവര ചേറ്റുകുഴിയിൽ റെനി (40), തോപ്രാംകുടി എടാട്ട് തറയിൽ പ്രദീപ് (30), ഇരട്ടയാർ ശാന്തിഗ്രാം പാറതരികത്ത് മഹേഷ് (26) എന്നിവരാണ് പിടിയിലായത്.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ദിവസങ്ങളായുള്ള നിരീക്ഷണത്തിനൊടുവിലാണ് പിടിയിലാകുന്നത്. സംഘത്തിലെ പ്രധാനി കട്ടപ്പന സ്വദേശി ടോമി കടന്നുകളഞ്ഞു. ആന്ധ്രയിൽനിന്ന് എത്തിച്ച ലഹരിമരുന്ന് ടോമിയുടെ നിർദേശപ്രകാരം പ്രദീപും മഹേഷും ചേർന്ന് ചെന്നൈയിൽനിന്ന് ഏറ്റുവാങ്ങി ബസിൽ വെള്ളിയാഴ്ച പുലർച്ച കമ്പത്ത് എത്തിക്കുകയായിരുന്നു. കാറിൽ കുമളി വഴി കട്ടപ്പനയിൽ എത്തിക്കാനായിരുന്നു തീരുമാനം.
കാറിെൻറ ഡിക്കിയിൽ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവും ലഹരിമരുന്നും. മുമ്പ് പലതവണ ടോമിയുടെ നിർദേശപ്രകാരം കഞ്ചാവ് കടത്തിയതായി പ്രതികൾ പറഞ്ഞു.
എക്സൈസ് പ്രത്യേക സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർമാരായ ടി. അനിൽകുമാർ, ജി. കൃഷ്ണകുമാർ, ഇൻസ്പെക്ടർമാരായ ടി.ആർ. മുകേഷ് കുമാർ, ഷൈജു, മധുസൂദനൻ നായർ, ഉദ്യോഗസ്ഥരായ ബി. രാജ്കുമാർ, സുബിൻ, വി. രവി, ഷംനാദ്, രാജേഷ്, അനീഷ്, ജോബി തോമസ്, കെ. നദീർ എന്നിവർ ചേർന്നാണ് പിടികൂടിയത്. പ്രതികളെ ശനിയാഴ്ച പീരുമേട് കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.