'ബിഗ് പി' പുറത്തുതന്നെ; ജയരാജനെ തഴഞ്ഞ് പാർട്ടി നൽകുന്ന സന്ദേശം...
text_fieldsകണ്ണൂർ: പാർട്ടി അണികളുടെ 'ചെന്താരക'മാണ് പി. ജയരാജൻ. എന്നാൽ, നേതൃത്വത്തിന് അങ്ങനെയല്ലെന്ന് അടിവരയിട്ടാണ് സമ്മേളനം പിരിഞ്ഞത്. കണ്ണൂരിൽ നിന്നുള്ള മുതിർന്ന ജനകീയ നേതാവിന്റെ പേര് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ഒരു ഘട്ടത്തിലും വന്നില്ല.
1998 മുതൽ സംസ്ഥാന കമ്മിറ്റിയംഗമായ പി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് വരണമെന്നാഗ്രഹിക്കുന്നവർ അണികളിൽ മാത്രമല്ല, നേതാക്കളിലും കുറെപ്പേരുണ്ട്. എന്നാൽ, എല്ലാവരും മിണ്ടാതിരിക്കുന്നത് പി.ജെ വേണ്ട എന്നത് ഉന്നത നേതൃത്വത്തിന്റെ തീരുമാനമാണ് എന്നതുകൊണ്ടാണ്. പി. ജയരാജൻ മറ്റൊരു വി.എസ്. അച്യുതാനന്ദനായി മാറുന്നുവെന്ന് പാർട്ടി വിലയിരുത്തിയിട്ട് നാളേറെയായി.
പാർട്ടിക്കും അപ്പുറത്തേക്ക് വളർന്ന വി.എസ് എന്ന ഒറ്റയാൻ പിണറായിയുടെ നേതൃത്വത്തിന് ഉയർത്തിയ വെല്ലുവിളി ചെറുതല്ല. പാർട്ടിക്കുള്ളിൽ ഇനിയൊരു വി.എസ് ഉയിർകൊള്ളുന്നത് നേതൃത്വം പൊറുക്കില്ല. അതാണ് ജയരാജനെ തഴഞ്ഞ് പാർട്ടി നൽകുന്ന സന്ദേശം.
ആർ.എസ്.എസ് അക്രമം അത്ഭുതകരമായി അതിജീവിച്ച പി. ജയരാജൻ അണികളിൽ വടക്കൻ പാട്ടിലെ ചേകവന്റെ പ്രതിഛായ നേടിയത് പെട്ടെന്നാണ്. മക്കളെ സുരക്ഷിത ഇടങ്ങളിലെത്തിക്കാൻ സ്വാധീനം ചെലുത്താത്ത, പണം വാരിക്കൂട്ടാത്ത നേതാവിനായി വിഡിയോ ആൽബങ്ങളും സമൂഹമാധ്യമങ്ങളിൽ ഫാൻസ് പേജുകളുമുണ്ടായി.
ഇതോടെ കണ്ണൂരിൽ നിന്ന് മറ്റൊരു വി.എസ് എന്ന ആശങ്ക ഉന്നത നേതൃത്വത്തെ പിടികൂടിയത്. ജയസാധ്യത കുറഞ്ഞ വടകര ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയാണ് 2019ൽ പി. ജയരാജനെ പാർട്ടി ഒമ്പതു വർഷമായി തുടർന്ന ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് ഇറക്കിയത്. അപ്പോഴും കോട്ടയം ജില്ല സെക്രട്ടറി വി.എൻ. വാസവന് ലോക്സഭയിലേക്ക് മത്സരിക്കാൻ വേണ്ടി ജില്ല സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വന്നില്ല. വാസവൻ നിയമസഭയിലേക്ക് മത്സരിച്ച് മന്ത്രിയായി. ഇപ്പോൾ സെക്രട്ടേറിയറ്റിലുമെത്തി. പി. ജയരാജന് കിട്ടിയത് ചെറിയാൻ ഫിലിപ് പോലും വേണ്ടെന്നു വെച്ച ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം.
വി.എസ് -പിണറായി പോരിന്റെ കാലത്ത് പിണറായിക്കൊപ്പം നിന്ന കണ്ണൂർ ലോബിയുടെ കുന്തമുനയായിരുന്നു ജയരാജൻ. 'ബിംബം ചുമക്കുന്ന കഴുത' എന്നുവരെ വി.എസിനെ വിശേഷിപ്പിച്ച ജയരാജൻ പിണറായിയുമായി അകലുന്നത് മുഖ്യമന്ത്രിയായതിന് പിറകെയാണ്. കണ്ണൂരിലെ സി.പി.എം -ആർ.എസ്.എസ് സംഘർഷം മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായിക്ക് തലവേദയായപ്പോൾ ശ്രീ എമ്മിന്റെ ഇടനിലയിൽ നടന്ന ചർച്ചയിൽ ആർ.എസ്.എസിന്റെ പരാതി മുഖ്യമായും ജയരാജന് എതിരായിരുന്നു. ജയരാജന്റെ കാര്യത്തിൽ ആരും പാർട്ടിക്ക് മീതെ വളരാതിരിക്കാനുള്ള കരുതലെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.