വൻകിടക്കാർ മാത്രം പോര; സംരക്ഷിക്കണം ചെറുകിടക്കാരേയും
text_fieldsകോവിഡ് വലിയ ദുരിതമാണ് ചെറുകിട വ്യാപാരികൾക്ക് വരുത്തിവെച്ചത്. 2019നെ അപേക്ഷിച്ച് ഈ മേയിൽ 79 ശതമാനത്തിന്റെ ഇടിവാണ് ചില്ലറവ്യാപാരത്തിലുണ്ടായത്. ഭക്ഷ്യപലചരക്കു വിൽപനയിൽ 34 ശതമാനവും, പാദരക്ഷ, സൗന്ദര്യവർധകവസ്തുക്കൾ, നിത്യോപയോഗവസ്തുക്കൾ വ്യക്തിഗതപരിചരണ ഇനങ്ങൾ തുടങ്ങിയവയിൽ 85 ശതമാനവും ഇടിഞ്ഞു. ഈ സാഹചര്യത്തിൽ റീട്ടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ (Retail Association of India) ചില ആവശ്യങ്ങൾ മുന്നോട്ടുവെച്ചിരുന്നു. നിലവിലെ പെർമിറ്റ് പുതുക്കുന്നതിനും, വ്യാപാര ലൈസൻസ്, നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്കാലാവധി നീട്ടൽ, സ്ഥാപന ലൈസൻസ്, ഭക്ഷ്യ ലൈസൻസ്,
ഫയർ എൻ.ഒ.സി, വാണിജ്യവുമായി ബന്ധപ്പെട്ട പരസ്യങ്ങളുടെ ലൈസൻസ്, മാൾ, ഷോപ്പിങ് സെൻറർ, റീട്ടെയിൽ സ്റ്റോർ, റസ്റ്റാറൻറ്, പബ്ബ് എന്നിവക്കുൾപ്പെടെയുള്ള അനുമതികൾ പുതുക്കുന്നതിനുള്ള കാലാവധി നീട്ടുക. എം.എസ്.എം.ഇ വിതരണക്കാർക്കുള്ള താൽക്കാലിക സമാശ്വാസം 45 ദിവസത്തിൽ നിന്ന് മാർച്ച് 2022 വരെ ആക്കുക. മൂന്നാം തരംഗത്തിനും, സാർസ് ഗണത്തിൽപെട്ട രോഗങ്ങൾക്കുമെതിരെയുള്ള മുൻകരുതലുകൾ സ്വീകരിക്കുക എന്നിവയായിരുന്നു അത്. ഈ നിർദേശങ്ങളെ മുൻനിർത്തി ഏഴു പരിഹാരമാർഗങ്ങൾ നിർദേശിക്കുകയാണിവിടെ.
ഡിജിറ്റൽ എക്കോസിസ്റ്റം
ഫ്ലിപ്കാർട്ട്, ആമസോൺ പോലുള്ള ഓൺലൈൻ ഭീമന്മാരുടെ ഇടപെടലാണ് കോവിഡ്കാലത്ത് ചെറുകിടക്കാർ നേരിടുന്ന വലിയ ഭീഷണി. സമാന്തര സംവിധാനം സൃഷ്ടിച്ച് മാത്രമേ ഈ വെല്ലുവിളി നേരിടാനാവൂ. ആദ്യപടി റീട്ടെയിൽ വ്യാപാരികൾക്ക് അടിസ്ഥാന ഡിജിറ്റൽ വിദ്യാഭ്യാസം നൽകുകയും, ഓൺലൈനിലും മൾട്ടിചാനലുകൾ വഴിയും കച്ചവടം ചെയ്യാൻ ബോധവാന്മാരാക്കുകയുമാണ്. കൂടാതെ ഓരോ റീട്ടെയിൽ വ്യാപാരിക്കും വെബ്സൈറ്റ് നിർമിക്കുകയോ സമാന വ്യാപാരത്തിലുള്ള ഒന്നിലധികം വ്യാപാരികളുമായി പോർട്ടലുകൾ നിർമിക്കുകയോ ചെയ്യാം.
റീട്ടെയിൽ സ്റ്റോറുകളിൽ പോർട്ടൽ ബുക്കിങ്
റീട്ടെയിൽ സ്റ്റോറിലെ വ്യാപാര സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന് പോർട്ടൽ ആവശ്യമാണ്. ചതുരശ്രയടി അടിസ്ഥാനമാക്കി ഒരു കടയിൽ എത്ര പേരെ അനുവദിക്കാം എന്ന അറിയിപ്പും വേണം. ഓരോ 30 മിനിറ്റിലും സ്റ്റോറുകളിൽ നിന്ന് തത്സമയ അപ്ഡേറ്റുകൾ പോർട്ടലിൽ ലഭിക്കണം. സ്റ്റോർ മാനേജർക്കോ ഉടമയ്ക്കോ ഡേറ്റ നൽകാൻ കഴിയും.
സ്റ്റോർ സമയം ദീർഘിപ്പിക്കുക
സ്റ്റോർ സമയവും പ്രവൃത്തി ദിനങ്ങളും പരിമിതപ്പെടുത്തിയ നടപടി ഒരു പരിധിവരെ ഫലപ്രദമാണ്. എന്നാൽ ജനക്കൂട്ടം നിയന്ത്രണവിധേയമല്ല എന്നതാണ് പ്രശ്നം. രാത്രി വൈകിയും സ്റ്റോർ സമയം നീട്ടി പ്രശ്നം പരിഹരിക്കാം. ഇത് ബുക്കിങ് പോർട്ടലുമായി സംയോജിപ്പിക്കുകയും വേണം. ഷിഫ്റ്റ് കൂടുേമ്പാൾ അധിക ജോലിക്കാരെ ആവശ്യം വരുകയും തൊഴിൽ മേഖലക്ക് ഗുണകരമാവുകയും ചെയ്യും.
ലോജിസ്റ്റിക് ഇൻഫ്രാസ്ട്രക്ചർ
ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ നിർമിക്കുന്നതിെൻറ വിജയം, ഒരു ലോജിസ്റ്റിക് ഇൻഫ്രാസ്ട്രക്ചർ എത്രത്തോളം നന്നായി നിർമിച്ചിരിക്കുന്നു എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഡിജിറ്റൽ മാധ്യമം വഴി ചില്ലറ വിൽപന സാധ്യത വർധിച്ചാൽ കൂടുതൽ പേരെ ലോജിസ്റ്റിക് മേഖലകളിലേക്കു ആകർഷിക്കാം. ഇതിലൂടെ ചില്ലറ വ്യാപാരികൾക്ക് ഏകീകൃത നിരക്ക് ഉറപ്പാക്കാനും പാക്കിങ്ങിനും ഡെലിവറി സമയത്തിനും അനുസരിച്ചുള്ള നിലവാരം ഉറപ്പാക്കാനും കഴിയും.
ഏകീകൃത വാടക വ്യവസ്ഥ
വാടകവർധനയാണ് മറ്റൊരു പ്രധാന പ്രശ്നം. ലോക്ഡൗണിലും വാടക നൽകേണ്ടിവരുന്നു. ആദ്യ ലോക്ഡൗണിൽ വാടകയിൽ ഇളവ് നൽകാൻ സർക്കാർ നിർദേശിച്ചെങ്കിലും രണ്ടാമത്തേതിൽ അതുണ്ടായില്ല. സാമ്പത്തിക പ്രതിസന്ധി കാരണം കട ഒഴിഞ്ഞുകൊടുത്തവരും കുറവല്ല. ഇത് സൂചിപ്പിക്കുന്നത് വെള്ളപ്പൊക്കത്തിനും ഭൂകമ്പത്തിനും സമാനമായ 'FORCE MAJEURE' പരിധിയിൽ ലോക്ഡൗണുകളെയും ഉൾപ്പെടുത്തണമെന്നതാണ്. ഓരോ പ്രദേശത്തിനും പരമാവധി വാടക പരിധി നിരക്ക് പ്രഖ്യപിക്കണം.
മൂലധന പിന്തുണ
റീട്ടെയിൽ വ്യാപാരികൾക്ക് കുറഞ്ഞത് ലക്ഷം രൂപ പ്രവർത്തനമൂലധനം നൽകണം. വരുമാന പരിധി അടിസ്ഥാനമാക്കി അർഹരായവരെ ഉൾപ്പെടുത്താം. വായ്പ പലിശരഹിതവും ഒരു വർഷത്തിനു ശേഷം തിരിച്ചടവു തുടങ്ങുന്നതും ആയിരിക്കണം.
വൻകിടക്കാർ മാത്രം പോര; സംരക്ഷിക്കണം
കോവിഡ് മൂലം ഉപഭോക്തൃവികാരം ഗണ്യമായി കുറഞ്ഞു. ഇൻഡ്യൂസ്ഡ് അഥവാ പ്രേരിതമായ ഉപഭോക്തൃ വിനിയോഗത്തിലൂടെ മാത്രമെ ഇതിനു പരിഹാരമുള്ളൂ. ഇതിനായി ഡിജിറ്റൽ വാലറ്റ് ഉണ്ടാക്കുകയും, ഓരോ ആഴ്ചയും ഉപഭോക്താവിന് അല്ലെങ്കിൽ ഒരു കുടുംബത്തിന് 500-1000 രൂപ സർക്കാർ ടോപ്അപ് ചെയ്യണം. അവശ്യവസ്തുക്കളും മദ്യവും ഒഴികെയുള്ള ചില്ലറ ഉൽപന്നങ്ങളുടെ ഉപഭോഗത്തിനു മാത്രമേ ഇത് ഉപയോഗിക്കാനാവൂ. ഉപഭോക്താവ് ചെലവഴിക്കുന്നില്ലെങ്കിൽ തുക ആഴ്ചതോറും തിരിച്ചെടുക്കുന്ന സംവിധാനവും നടപ്പാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.