ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ വലിയ ആസൂത്രണം; ഇപ്പോൾ നടന്നത് ട്രയൽ കിഡ്നാപ്പിങ്
text_fieldsകൊല്ലം: ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ പ്രതികൾ മൂന്നുതവണ ശ്രമം നടത്തിയതായി പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ വലിയ ആസൂത്രണം നടന്നിരുന്നു. ഒരുവർഷത്തെ തയാറെടുപ്പാണ് പ്രതികൾ നടത്തിയത്. ഇപ്പോൾ നടത്തിയത് ട്രയൽ കിഡ്നാപ്പിങ് ആണെന്നും മൊഴിയുണ്ട്.
പ്രതികൾ നേരത്തേ ആരെയെങ്കിലും തട്ടിക്കൊണ്ടുപോയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൂന്നുതവണ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായും പ്രതികൾ മൊഴി നൽകി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കില്ലെന്നാണ് പത്മകുമാറിന്റെ മൊഴി. പ്രതികളെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.
ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഖ്യപ്രതി പത്മകുമാർ(52), കൂട്ടുപ്രതികളായ ഭാര്യ എം.ആർ.അനിതകുമാരി(45), മകൾ പി. അനുപമ(20) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.പൂയപ്പള്ളി പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഭാര്യക്കും മകൾക്കും കേസിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസിന് വ്യക്തമായതോടെയാണ് ഇവരെയും അറസ്റ്റ് ചെയ്തത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ വിളിച്ചത് ഭാര്യയാണെന്ന് സ്ഥിരീകരിച്ചു. ഭാര്യക്കും മകൾക്കും പങ്കില്ലെന്നാണ് പത്മകുമാർ ചോദ്യം ചെയ്യലിനിടെ പറഞ്ഞിരുന്നത്. ആഡംബര ജീവിതമാണ് നയിച്ചിരുന്നതെങ്കിലും വൻ സാമ്പത്തിക ബാധ്യത കുടുംബത്തിനുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവർ ലോൺ ആപ് വഴി വായ്പ എടുത്തിരുന്നതായും പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ടാണ് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. സ്കൂളിൽ നിന്നെത്തിയ ശേഷം ജ്യേഷ്ഠനായ നാലാം ക്ലാസുകാരനൊപ്പം 100 മീറ്റർ അപ്പുറത്തുള്ള വീട്ടിൽ ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. കാറിലെത്തിയവർ പെൺകുട്ടിയെ വാഹനത്തിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രതികളെ പിടികൂടിയത്. പുളിയറയിലെ ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിക്കവേയാണ് മൂവരും പിടിയിലായത്. ഇവരുടെ വീട്ടിൽനിന്ന് പത്ത് കിലോമീറ്റർ മാത്രം അകലെയാണ് ആറു വയസുകാരിയുടെ വീട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.