വാഹനങ്ങൾ കടന്നുപോകുന്നതിനിടെ പരുമല പാലം അപ്രോച്ച് റോഡിൽ വൻ ഗർത്തം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsതിരുവല്ല: വാഹനങ്ങൾ കടന്നുപോകുന്നതിനിടെ പരുമല പാലത്തിന്റെ അപ്രോച്ച് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. ഇരുചക്രവാഹന യാത്രികരായ രണ്ട് സ്ത്രീകൾ, കുഴിയിൽ വീഴാതെ തലനാരിഴയ്ക്ക് രക്ഷപെട്ടു.
പത്തനംതിട്ട - ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് പമ്പയാറിനു കുറെയുളള പാലത്തിന്റെ അപ്രോച്ച് റോഡാണ് ഇടിഞ്ഞുതാണത്. പരുമല പള്ളിയുടെ ഭാഗത്ത് നിന്നും പാലത്തിലേയ്ക്ക് കയറുന്നതിനു തൊട്ടു മുൻപ് വലത് വശത്താണ് ഗർത്തം രൂപപ്പെട്ടത്. ഇന്നുച്ച കഴിഞ്ഞ് മൂന്നു മണിയോടെ ആയിരുന്നു സംഭവം. ലോറിയും കാറും കടന്നു പോയതിന് പിന്നാലെ ഭയാനക ശബ്ദത്തോടെ റോഡ് ഇടിഞ്ഞു താഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
റോഡ് ഇടിഞ്ഞു താഴ്ന്ന സമയത്ത് പരുമല ഭാഗത്ത് നിന്നും എത്തിയ ഇരുചക്ര വാഹന യാത്രക്കാരായിരുന്ന രണ്ട് സ്ത്രീകൾ കുഴിയിൽ വീഴാതെ തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു. രണ്ടര മീറ്ററോളം വ്യാസവും അഞ്ചടിയോളം താഴ്ചയുമുള്ള ഗർത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. സമീപന പാതയുടെ ഒരു വശം ഇടിഞ്ഞ് താണതോടെ ഒരുഭാഗത്ത് കൂടിമാത്രമായാണ് വാഹനങ്ങൾ കടത്തി വിടുന്നത്. കുഴിയോട് ചേർന്ന് അപ്രോച്ച് റോഡിൽ പലഭാഗത്തായി വിളളലും വീണിട്ടുണ്ട്.
കനത്തമഴയിൽ പമ്പ നിറഞ്ഞൊഴുകിയിരുന്നു. ഇതേ തുടർന്ന് അപ്രോച്ച് റോഡിനു താഴെ മണ്ണ് അടർന്ന് പോയതാകാം കുഴി രൂപപ്പെടാൻ കാരണമെന്നാണ് സംശയിക്കുന്നത്. പാലത്തിന്റെ ഉപരിതലത്തോട് ചേർന്ന് ഉണ്ടായിരുന്ന അപ്രോച്ച് റോഡ് സമീപ ദിവസങ്ങളിൽ അൽപം താഴ്ന്ന നിലയിലായിരുന്നുവെന്നുവത്രെ. പൊതുമരാമത്ത് വകുപ്പ് അധികൃതർ അപ്രോച്ച് റോഡ് ഭാഗങ്ങൾ വിശദമായി പരിശോധിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.