ബിഗ് സല്യൂട്ട്; അഗ്നിരക്ഷാസേനയുടേത് സമാനതകളില്ലാത്ത രക്ഷാദൗത്യം
text_fieldsപള്ളിക്കര: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീയണക്കുന്നതിന് അഗ്നിരക്ഷാ സേന നടത്തുന്നത് സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനം. കണ്ണൂർ മുതൽ തിരുവനന്തപുരം വരെ ഫയർ യൂനിറ്റുകളിലെ ഇരുനൂറോളം അഗ്നിരക്ഷാ പ്രവർത്തകർ പുക അണയ്ക്കുന്നതിനുള്ള അവസാനഘട്ട പ്രവർത്തനങ്ങളിലാണ്. 24 മണിക്കൂറും രണ്ട് ഷിഫ്റ്റായി പ്രവർത്തിക്കുന്നു.
110 ഏക്കറിൽ 70 ഏക്കറിലെ പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീപിടിച്ചത്. തീപിടിത്തം നിയന്ത്രിച്ചെങ്കിലും പ്ലാസ്റ്റിക് മാലിന്യം പുകയുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. 70 ശതമാനം പ്രദേശത്തെ പുകയൽ പൂർണമായും നിയന്ത്രിക്കാൻ കഴിഞ്ഞു. പ്ലാസ്റ്റിക് കൂമ്പാരത്തിലേക്ക് ഒരു മിനിറ്റിൽ 40,000 ലിറ്റർ വെള്ളമാണ് അടിച്ചുകൊണ്ടിരിക്കുന്നത്. വലിയ പമ്പുകളിൽ കടമ്പ്രയാറിൽനിന്ന് വെള്ളം അടിക്കുകയാണ്.
പ്ലാസ്റ്റിക് മാലിന്യത്തിൽ എക്സ്കവേറ്റർ ഉപയോഗിച്ച് നാലടി താഴ്ചയിൽ കുഴിയെടുത്ത് അതിലേക്ക് വെള്ളം പമ്പ് ചെയ്താണ് പുക പൂർണമായും അണക്കുന്നത്. കൂടാതെ 20 ഫയർ ടെൻഡറുകളുമുണ്ട്.ഒരു ഫയർ ടെൻഡറിൽ 5000 ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുണ്ട്. ഫയർ ടെൻഡറുകൾ എത്താൻ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് പമ്പുകളിൽ വെള്ളം അടിക്കുന്നത്. ചെയിൻഡ് എക്സ്കവേറ്ററാണ് ചവർ കുഴിയെടുക്കുന്നതിന് ഉപയോഗിക്കുന്നത്.
ചില സ്ഥലങ്ങളിൽ പ്ലാസ്റ്റിക്കിന് ഒപ്പം ഖരമാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും അടങ്ങിയിരിക്കുന്നത് പുക അണയ്ക്കുന്നതിന് തടസ്സമാകുന്നുണ്ട്.വളരെ അപകടകരമായ രീതിയിൽ ഏറെ ശ്രമകരമായ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് റീജനൽ ഫയർ ഓഫിസർ സുജിത് കുമാർ പറഞ്ഞു. ഇനി ചതുപ്പായ പ്രദേശങ്ങളിലെ പുകയാണ് അണക്കാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.