ശ്രീജിത്തേട്ടനെ ബിജി അവസാനമായി കണ്ടു; വിഡിയോ കാളിലൂടെ
text_fieldsകൊച്ചി: കളമശ്ശേരി നഗരസഭ പൊതുശ്മശാനത്തിൽ വടക്കേപ്പുറം കല്ലങ്ങാട്ടുവീട്ടിൽ ശ്രീജിത്തിെൻറ മൃതദേഹം എരിഞ്ഞടങ്ങുമ്പോൾ അങ്ങകലെ ദുബൈയിലെ ഒരു വീട്ടിലിരുന്ന് കരഞ്ഞുകരഞ്ഞ് കണ്ണീർ വറ്റിയ അവസ്ഥയിലായിരുന്നു ഭാര്യ ബിജി എന്ന യുവതി. വിസ തട്ടിപ്പിന് ഇരയായതിനു പിന്നാെല കോവിഡിെൻറ രൂപത്തിലെത്തിയ യാത്രാവിലക്കാണ് നാട്ടിൽ അർബുദം വന്നു മരണത്തോട് കീഴടങ്ങിയ ഭർത്താവിനെ അവസാനമായി ഒരു നോക്ക് കാണാനാകാതെ ഇവരെ നിസ്സഹായയാക്കിയത്. വിഡിയോ കാളിലൂടെ ആ ചേതനയറ്റ ദേഹം കണ്ട് അവർ അലമുറയിട്ടു. കടലിനക്കരെ അമ്മ കരഞ്ഞുകൊണ്ടിരിക്കുമ്പോൾ അച്ഛെൻറ വിയോഗവും അമ്മയുടെ അഭാവവും നൽകിയ നൊമ്പരം താങ്ങാനാകാതെ തളർന്നത് പതിനഞ്ചും എട്ടും അഞ്ചും വയസ്സുള്ള മൂന്ന് പെൺകുരുന്നുകൾ കൂടിയാണ്.
ഭർത്താവിെൻറ മരണവാർത്തയറിഞ്ഞ് നാട്ടിൽ വരണമെന്ന് ആഗ്രഹിച്ചെങ്കിലും കോവിഡ് മൂലം വിമാന സർവിസുകൾ നിർത്തിയത് തിരിച്ചടിയായി. വിസ തട്ടിപ്പിനിരയായ ബിജി ഒരു സുമനസ്കെൻറ വീട്ടിലാണ് കഴിഞ്ഞുകൂടുന്നത്. അസ്ഥി അർബുദം ബാധിച്ച ശ്രീജിത്തും മൂന്നു പെൺകുട്ടികളും കളമശ്ശേരി ഗ്ലാസ് കോളനി വാർഡിലെ വാടകവീട്ടിലായിരുന്നു താമസിച്ചത്. ഇതിനിടെ തിങ്കളാഴ്ച വൈകീട്ട് സ്വകാര്യ ആശുപത്രിയിൽവെച്ച് രോഗം മൂർച്ഛിച്ച് മരിച്ചതോടെ മക്കളുടെ മുന്നിൽ ഇരുട്ട് മാത്രമായി. അമ്മ വരുമെന്ന പ്രതീക്ഷയിലായിരുന്നു മൂവരും.
കോവിഡ് വരുത്തിയ പ്രത്യാഘാതത്തെ കുറിച്ചോ ട്രാവൽ ഏജൻറിെൻറ ചതിയെക്കുറിച്ചോ ഒന്നും മനസ്സിലാക്കാൻ അവർക്കായിട്ടില്ല. മരണവാർത്തയറിഞ്ഞതോടെ ശ്രീജിത്തിെൻറ ബന്ധുക്കളെത്തി മക്കളെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ബിജിമോൾ എത്തുന്നതുവരെ നോക്കാമെന്ന് ഇവർ ഉറപ്പു നൽകിയതായി വാർഡ് കൗൺസിലർ ജെസി പീറ്റർ പറഞ്ഞു. കൗൺസിലറും മുനിസിപ്പൽ എൻജിനീയർ സുജ കുമാരിയുമാണ് ഇവരെ സഹായിച്ചിരുന്നത്. ശ്രീജിത് മരിച്ചയുടൻ ജെസി മൂന്നുപെൺകുട്ടികളെയും ഒപ്പം കൂട്ടി.
ആലുവയിലെ രതീഷ് എന്നയാളാണ് തങ്ങളെ ചതിച്ചതെന്ന് ബിജി പറയുന്നു. ഇവർ രണ്ടുതവണയായി മൂന്നു ലക്ഷം രൂപ നൽകി. വിമാനത്താവളത്തിൽ എത്തിയപ്പോൾ ഒരു മാസത്തെ വിസയാണെന്നു തിരിച്ചറിയുകയും ഇത് ചതിയാണെന്ന് മനസ്സിലാകുകയും ചെയ്തു. യഥാർഥ തൊഴിലുടമയെന്ന പേരിൽ മറ്റൊരാളുമായി സംസാരിപ്പിക്കുകയും ചെയ്തിരുന്നു. തട്ടിപ്പുകാരെൻറ നമ്പർ സ്വിച്ച് ഓഫാണ്. മാനസിക പ്രയാസം മൂലം കേസിനു പിന്നാലെ പോവാനാകുന്നില്ല. വേർപാടിെൻറ വേദനക്കൊപ്പം ഇനിയെങ്ങനെ നാട്ടിൽ വരുമെന്നും നാട്ടിൽ വന്നാൽതന്നെ മൂന്നു പെൺമക്കളുമായി എങ്ങനെ ജീവിക്കുമെന്നുമുള്ള ചോദ്യവും ഈ യുവതിയെ അലട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.