കെ.എസ്.ആർ.ടി.സിക്ക് നാല് വർഷത്തിനിടെ ആറാമത്തെ സാരഥി; ബിജു പ്രഭാകർ അതിജീവിക്കേണ്ടത് സമാനതകളില്ലാത്ത പ്രതിസന്ധി
text_fieldsതിരുവനന്തപുരം: തലപ്പത്ത് ആരെത്തിയാലും പ്രതിസന്ധികളുടെ പൂമാലകളാണ് പതിവായി എതിരേൽക്കാനുള്ളത്. പുതുതായി കെ.എസ്.ആർ.ടി.സിയുടെ സാരഥിയായെത്തുന്ന ബിജു പ്രഭാകറിനെ കാത്തിരിക്കുന്നതും മറ്റൊന്നല്ല. നാല് വർഷത്തിനിടെ ആറാമത്തെ എം.ഡിയെന്ന പ്രത്യേകതക്കൊപ്പം കോവിഡാനന്തരം കള്ളികളിലൊതുങ്ങാത്ത നഷ്ടവുമായി െചലവുകൾക്ക് മുന്നിൽ പകച്ചുനിൽക്കുന്ന സ്ഥാപനത്തിലേക്കാണ് പുതിയ നിേയാഗം. സമാനതകളില്ലാത്ത പ്രതിസന്ധിയിൽനിന്ന് കെ.എസ്.ആർ.ടി.സിയെ കരകയറ്റാൻ ഏറെ ഇടപെടൽ വേണ്ട സമയമാണിത്.
കോവിഡിന് ശേഷം 50 ശതമാനത്തോളം സർവിസുകൾ പുനരാരംഭിച്ചെങ്കിലും പ്രതിദിനം ഒരു കോടിയെങ്കിലും വരുമാനം എത്തിക്കാനാവുന്നില്ല. പ്രതിദിനം ശരാശരി 5.5 കോടി രൂപ വരുമാനമായി കിട്ടിയിരുന്ന കാലത്തായിരുന്നു മുമ്പുള്ള കസേരമാറ്റങ്ങളെല്ലാം. ലോക്ഡൗണിന് ശേഷം സർവിസ് പുനരാംഭിച്ചെങ്കിലും യാത്രക്കാരിൽ നല്ലൊരു ശതമാനം ബദൽ മാർഗങ്ങളിലേക്ക് മാറി. ലോക്ഡൗണിന്മുമ്പ് 28-29 ലക്ഷം പേർ കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ചിരുന്നിടത്ത് 50 ശതമാനം ബസുകൾ നിരത്തിലിറങ്ങിയ ജൂണിൽ ലഭിക്കുന്നത് 6.42 ലക്ഷം മാത്രമാണ്.
വിട്ടകന്ന യാത്രക്കാരെ തിരികെയെത്തിക്കുകയാണ് പുതിയ എം.ഡിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. മൊറേട്ടാറിയം പ്രഖ്യാപിച്ചതിനാൽ ബാങ്ക് കൺസോർട്ടിയം വായ്പ തിരിച്ചടവിൽ സാവകാശമുണ്ടെങ്കിലും ഡീസൽ, സ്പെയർപാർട്സ് ഇനത്തിലെ കുടിശ്ശിക തിരിച്ചടവിന് സമ്മർദം ശക്തമാണ്. കോടികളാണ് രണ്ട് ഇനത്തിലും തീർപ്പാക്കാനുള്ളത്. അതേസമയം മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരി കൂടിയായ ബിജു പ്രഭാകറിെൻറ പ്രയോഗിക പരിജ്ഞാനവും അനുഭവസമ്പത്തും കെ.എസ്.ആർ.ടി.സിയെ കരകയറ്റുന്നതിന് ഉപകാരപ്പെടുമെന്നാണ് ഗതാഗത വകുപ്പിെൻറ പ്രതീക്ഷ.
എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ ആൻറണി ചാക്കോയായിരുന്നു സി.എം.ഡി. പിന്നീട് എം.ഡിയായ രാജമാണിക്യം ഏറെ പ്രതീക്ഷയോടെ പുനരുദ്ധാരണ നടപടികൾക്ക് തുടക്കമിെട്ടങ്കിലും ഒരുവർഷത്തിനകം കസേര പോയി. പിന്നാലെയെത്തിയ എ. ഹേമചന്ദ്രനും ഒരുവർഷം തികക്കാനായില്ല. പകരം ടോമിൻ ജെ.തച്ചങ്കരിയെത്തിയെങ്കിലും ട്രേഡ് യൂനിയനുകളുടെ എതിർപ്പിനും ഇടപെടലിനുമൊടുവിൽ സ്ഥാനമൊഴിയേണ്ടിവന്നു. തച്ചങ്കരിയുടെ പിന്ഗാമിയായാണ് 2019 ഫെബ്രുവരിയിൽ എം.പി. ദിനേശെത്തിയത്. നിയമനം നീട്ടി നൽകിയുള്ള കരാറിലെ അതൃപ്തികരമായ വ്യവസ്ഥകളാണ് സി.എം.ഡിയായിരുന്ന എം.പി. ദിനേശ് സ്ഥാനമൊഴിയാനുള്ള കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.