വ്യാപാര പങ്കാളിയുടെ കൊല; ബിജുവിനെ ആദ്യമെത്തിച്ചത് ഒന്നാം പ്രതിയുടെ വീട്ടിൽ
text_fieldsതൊടുപുഴ: പങ്കാളിത്ത വ്യാപാരത്തിലെ തർക്കത്തെ തുടർന്ന് ക്വട്ടേഷൻ നൽകി ചുങ്കം സ്വദേശി ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ പുതിയ കണ്ടെത്തൽ.
ബിജുവിനെ മാർച്ച് 20ന് പുലർെച്ച ഒമ്നി വാനിൽ തട്ടിക്കൊണ്ടുപോയി മർദിച്ചശേഷം വ്യാപാര പങ്കാളി ജോമോന്റെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്. ഇതോടെ കേസിൽ കൂടുതൽ പേർ പ്രതി ചേർക്കപ്പെട്ടേക്കും. വെള്ളിയാഴ്ച ജോമോന്റെ വെട്ടിമറ്റത്തെ വീട്ടിലും കലയന്താനി-ചെലവ് റോഡിലെ ഗോഡൗണിലും പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
തട്ടിക്കൊണ്ടുപോയി അധികം വൈകാതെയാണ് ഒന്നാം പ്രതി ജോമോൻ, രണ്ടാം പ്രതി ആഷിക് ജോൺസൺ, മൂന്നാം പ്രതി മുഹമ്മദ് അസ്ലം എന്നിവർ ചേർന്ന് ബിജുവിനെ ജോമോന്റെ വീട്ടിലേക്ക് കൊണ്ടുവന്നത്. നാലാം പ്രതി ജോമിൻ വാഹനവുമായി പോകുകയും ചെയ്തു. വീട്ടിൽ വെച്ച് ദേഹപരിശോധന നടത്തി മരിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് ഗോഡൗണിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
ജോമോന്റെ വീട്ടിൽനിന്ന് രക്തക്കറയും മുടിയുടെ അവശിഷ്ടങ്ങളും കണ്ടെത്തി. ഫോറൻസിക്, വിരലടയാള വിദഗ്ധരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. ഗോഡൗണിൽ നടത്തിയ തെളിവെടുപ്പിനിടെ കൊല നടത്തിയ സമയത്ത് ജോമോനും അസ്ലമും ധരിച്ച വസ്ത്രങ്ങൾ കണ്ടെടുത്തു.
അസ്ലമിന്റെയും ജോമോന്റെയും ഇടിവളകളും കണ്ടെത്തി. രണ്ടാം പ്രതി ആഷിക് ജോൺസന്റെ വസ്ത്രം കഴിഞ്ഞദിവസം ലഭിച്ചിരുന്നു. കൊല്ലപ്പെട്ട ബിജുവിന്റെ വർക്ഷോപ്പിലും ഷൂലേസ് വാങ്ങിയ കടയിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.