ഇസ്രായേലിൽ മുങ്ങിയ ബിജു കുര്യൻ തിരിച്ചെത്തി: ‘പുണ്യ സ്ഥല സന്ദർശനമായിരുന്നു ലക്ഷ്യം, മാപ്പ് പറയുന്നു’
text_fieldsകോഴിക്കോട്: ഇസ്രായേലിൽ കൃഷിരീതി പഠിക്കുന്നതിനായി പോയ സംഘത്തിൽനിന്ന് മുങ്ങിയ ബിജു കുര്യൻ നാട്ടിൽ തിരിച്ചെത്തി. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു ലക്ഷ്യമെന്നും സംഭവത്തിൽ സർക്കാരിനോടും സംഘാംഗങ്ങളോടും മാപ്പ് പറയുന്നുവെന്നും ബിജു കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു.
ജറുസലേമും ബത്‌ലഹേമും സന്ദർശിക്കാനാണ് താൻ പോയത്. സഹോദരനാണ് തിരിച്ചുവരാനുള്ള സൗകര്യമൊരുക്കിയത്. ഇസ്രായേലിലെ ഒരു ഏജൻസിയും തന്നെ അന്വേഷിച്ചുവന്നിട്ടില്ലെന്നും ബിജു കുര്യൻ പറഞ്ഞു.
വിസാ കാലാവധിയുള്ളതിനാൽ നിയമപരമായി ഇസ്രായേലിൽ തുടരുന്നതിന് ബിജു കുര്യന് തടസമുണ്ടായിരുന്നില്ല. എന്നാൽ നയതന്ത്ര തലത്തിലുള്ള ഇടപെടലാണ് ബിജു കുര്യന് തിരിച്ചടിയായത്.
ആധുനിക കൃഷിരീതികൾ പഠിക്കാൻ അയച്ച സംഘത്തിൽനിന്ന് ഒരാൾ അപ്രത്യക്ഷനായത് നാണക്കേടായതോടെ ഏതുവിധേനയും ഇയാളെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു സംസ്ഥാന സർക്കാർ. കേരളത്തിൽനിന്നുള്ള കർഷക സംഘത്തോടൊപ്പം ഇസ്രായേലിലെത്തിയ ബിജുവിനെ ഫെബ്രുവരി 17ന് രാത്രിയാണ് കാണാതായത്.
സംഘത്തിലുണ്ടായിരുന്ന കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി. അശോക് അപ്പോൾതന്നെ ഇന്ത്യൻ എംബസിയെ വിവരം അറിയിക്കുകയും ഇസ്രായേൽ അധികൃതർ തിരച്ചിൽ നടത്തുകയും ചെയ്തു. ഇതിനിടെ താൻ ഇസ്രായേലിൽ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും വ്യക്തമാക്കി ബിജു കുടുംബാംഗങ്ങൾക്ക് വാട്സ്ആപിൽ മെസേജ് അയച്ചിരുന്നു.
ബിജു ഒഴികെയുള്ള സംഘം 20ന് പുലർച്ച നെടുമ്പാശ്ശേരിയിൽ മടങ്ങിയെത്തിയിരുന്നു. ഫെബ്രുവരി 12നാണ് സ്ത്രീകൾ ഉൾപ്പെട്ട 27 അംഗ സംഘം കൊച്ചിയിൽനിന്ന് ഇസ്രായേലിലേക്ക് യാത്രതിരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.