കെ.ബി. ഗണേഷ് കുമാറിനെതിെര ബിജു രാധാകൃഷ്ണൻ കോടതിയിൽ
text_fieldsവടകര: മുൻ മന്ത്രിയും പത്തനാപുരം എം.എൽ.എയുമായ കെ.ബി. ഗണേഷ് കുമാറിനെതിരെ ഹരജിയുമായി സോളാർ കേസിലെ പ്രതി ബിജു രാധാകൃഷ്ണൻ വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ. വടകരയിലെ രണ്ടു സോളാർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരായപ്പോഴാണ് ഹരജി നൽകിയത്. സോളാർ തട്ടിപ്പിെൻറ സൂത്രധാരൻ കെ.ബി. ഗണേഷ്കുമാർ എം.എൽ.എയാണ്. കമ്പനിയുടെ യഥാർഥ ഉടമസ്ഥനും സോളാർ കമ്പനി ആരംഭിക്കാനുള്ള പദ്ധതി ഏൽപിച്ചതും ഗണേഷ്കുമാറാണെന്നും ഹരജിയിൽ പറയുന്നു. ജീവന് ഭീഷണിയുണ്ടെന്നും അതിനാൽ, മരണമൊഴി രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് അഡ്വ. പി.പി. വിനീത് മുഖേന ഹരജി നൽകിയത്.
ഉൗർജ വികസന രംഗത്ത് മികച്ച ആശയം ഉണ്ടെന്ന് സരിത വഴി അറിഞ്ഞ ഗണേഷ്കുമാർ തന്നെ വിളിപ്പിച്ച് കമ്പനി ആരംഭിക്കാൻ പണം മുടക്കാൻ തയാറാണെന്നറിച്ചു. തുടർന്ന് ഗണേഷ്കുമാറിെൻറ ബിനാമിയായി സരിതയെ കമ്പനി ഡയറക്ടറാക്കി. 50 ശതമാനം ലാഭവിഹിതം ഗണേഷ് കുമാറിന് നൽകി. പിന്നീട് കമ്പനിയുടെ വളർച്ചക്കുവേണ്ടി ഗണേഷ്കുമാർ സരിതയെ മറ്റു മന്ത്രിമാർക്കും വ്യവസായ, രാഷ്ട്രീയ രംഗത്തെ പ്രമുഖർക്കും പരിചയപ്പെടുത്തിയതായും ഹരജിയിൽ ആരോപിക്കുന്നു.
ബിസിനസ് രംഗത്ത് ഇത്തരം അനാശാസ്യബന്ധങ്ങളും ഭീഷണിപ്പെടുത്തലും കൂട്ടിക്കുഴക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചതിനാലാണ് താനിവരുടെ കണ്ണിലെ കരടായി മാറിയത്. ഇതിനെതിരെ പ്രതികരിച്ചതിനാൽ വാക്കേറ്റം നടന്നു. ഈ രഹസ്യങ്ങളെല്ലാം അറിയാവുന്ന തന്നെ പൂർണമായും ഇല്ലാതാക്കുകയാണ് ഇവരുടെ ലക്ഷ്യം. തെൻറ ആദ്യ ഭാര്യ ലക്ഷ്മിയുടെ മരണത്തെ കൊലപാതകമാക്കി മാറ്റിയത് ഇതിെൻറ ഭാഗമായാണെന്നും ബിജു രാധാകൃഷ്ണൻ ഹരജിയിൽ വ്യക്തമാക്കി. ഗണേഷിനുള്ള പങ്ക് തുറന്നുപറയരുതെന്നും അങ്ങനെ ചെയ്താൽ തന്നെയും അമ്മയെയും സഹായിക്കുന്നവരെയും ജീവനോടെ െവച്ചേക്കില്ലെന്നും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും ഇവരുടെ സാമ്പത്തിക, ഉന്നത ബന്ധങ്ങൾ അറിയാവുന്നതിനാലാണ് ഇതുവരെ പറയാതിരുന്നതെന്നും ഹരജിയിൽ പറയുന്നു.
ഇപ്പോൾ ജുഡീഷ്യറിയെയും മുഖ്യമന്ത്രിയെയും ഉത്തമ വിശ്വാസമുള്ളതിനാലാണ് തുറന്നുപറയുന്നതെന്നും ബിജു വ്യക്തമാക്കി. കഴിഞ്ഞ ദിവസം മഞ്ചേരി കോടതിയിൽ ഹാജരാക്കിയ തന്നെ വടകര കോടതിയിൽ കൊണ്ടുവരുന്ന വഴി തെൻറ അഭിഭാഷക നിഷ കെ. പീറ്ററിെൻറ ഫോണിൽ എതിർകക്ഷികളുടെ സഹായത്തോടെ സരിത വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തെൻറ ഹരജി മരണമൊഴിയായി രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ബിജു കോടതിയെ സമീപിച്ചത്. എന്നാൽ, മൊഴിയെടുത്തശേഷം ഹരജി കോടതി തള്ളി. കേസ് വടകര കോടതിയുടെ അധികാരപരിധിയിൽ വരാത്തതിനാലാണ് തള്ളിയത്. ഭീഷണി സംബന്ധിച്ച് അഭിഭാഷക പെരുമ്പാവൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.