സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാക്കള്‍ മരിച്ചു
text_fieldsഅടൂര്‍: കായംകുളം-പത്തനാപുരം പാതയില്‍ പത്തനാപുരം പുതുവല്‍ കവലയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. സുഹൃത്തുക്കളായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കൊല്ലം ആദിച്ചനല്ലൂര്‍ കുമ്മല്ലൂര്‍ മാറാങ്കു ഴി അശ്വതി ഭവനില്‍ സുരേഷ് കുമാര്‍-ലത ദമ്പതികളുടെ മകന്‍ അരുണ്‍ സുരേഷ് (20), കല്ലുവാതുക്കല്‍ പാറയില്‍ സനു ഭവനിൽ സാബു- റോസമ്മ ദമ്പതികളുടെ മകന്‍ സജു സാബു (20) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൈലക്കാട് പ്ലാവിളവീട്ടില്‍ ഹുസൈൻ (19), ചാത്തന്നൂര്‍ അല്‍ അമീന്‍ മന്‍സിലില്‍ അര്‍ഷാദ് (21) എന്നിവര്‍ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചാത്തന്നൂരില്‍നിന്ന് ആറ് ബൈക്കുകളിൽ കോന്നി അടവിയിൽ വിനോദസഞ്ചാരത്തിനു പോയവരാണ് അപകടത്തില്‍ മരിച്ചത്. അമിതവേഗത്തിലെത്തിയ ഇരുചക്രവാഹനം ബസിനടിയിലേക്ക് പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവസ്ഥലത്തുതന്നെ സജു സാബുവും പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയശേഷം അരുണും മരിച്ചു. ഇരുചക്രവാഹനം ഓടിച്ചത് അരുണായിരുന്നു.
പത്തനാപുരത്തുനിന്ന് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് ബസിനടിയില്‍നിന്ന് വാഹനം പുറത്തെടുത്തത്. ഇരുചക്രവാഹനവും ബസിെൻറ മുന്‍ഭാഗവും പൂർണമായി തകര്‍ന്നു. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അടൂര്‍ പൊലീസ് കേസെടുത്തു. കൊല്ലം എ.ആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറായ സുരേഷ് കുമാറിെൻറ മകനായ അരുണ്‍ കൊല്ലം ചാപ്റ്റര്‍ കോളജിലെ മൂന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥിയാണ്. മാതാവ്: ലത. സഹോദരി: അഞ്ജലി. കല്ലമ്പലത്ത് മാരുതി ഷോറൂമിലെ ജീവനക്കാരനാണ് സജു സാബു. സഹോദരന്‍: സനു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.