ബൈക്കിടിച്ച് മരണം: പ്രതി ആറുമാസം വാഹനം ഓടിക്കരുതെന്ന് ഹൈകോടതി
text_fieldsകൊച്ചി: അമിതവേഗത്തിൽ ഓടിച്ച ബൈക്ക് ഇടിച്ച് ഒരാൾ മരിച്ച കേസിൽ പ്രതിയായ യുവാവിന് ആറുമാസം വാഹനങ്ങൾ ഓടിക്കരുതെന്നതടക്കമുള്ള വ്യവസ്ഥകളോടെ ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ചാവക്കാട് പുന്നയൂർക്കുളം സ്വദേശിയായ അൻഷിഫ് അഷറഫിനാണ് (20) മുൻകൂർ ജാമ്യം നൽകിയത്.
ഈ മാസം ഒന്നിന് രാവിലെ ഇയാൾ ഓടിച്ചിരുന്ന ബൈക്ക് ചാവക്കാട്ട് സ്കൂട്ടറിലിടിച്ചാണ് അപകടമുണ്ടായത്. സ്കൂട്ടർ ഓടിച്ചിരുന്ന രാജൻ (72) അപകടത്തെത്തുടർന്ന് മരിച്ചു. പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടിയാണ് അൻഷിഫ് ഹൈകോടതിയെ സമീപിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ബോണ്ടും തുല്യതുകക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്ത് വിട്ടയക്കാൻ ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഉത്തരവിൽ പറയുന്നു.
20 വയസ്സുമാത്രമുള്ള വിദ്യാർഥിയാണെന്നതും കേസിൽ കസ്റ്റഡിയിലെടുക്കേണ്ടതില്ലെന്നതും കണക്കിലെടുത്താണ് സിംഗിൾ ബെഞ്ച് വിധി പറഞ്ഞത്. പ്രതിയുടെ ഡ്രൈവിങ് ലൈസൻസ് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കണം. ആറുമാസത്തേക്ക് വാഹനം ഓടിക്കാൻ അനുവദിക്കരുതെന്നും ശനിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണമെന്നും നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.