‘ഇരുചക്രം’ മരണക്കെണി: ദിവസം പൊലിയുന്നത് അഞ്ച് ജീവൻ
text_fieldsമലപ്പുറം: സംസ്ഥാനത്ത് ഒരു ദിവസം ഇരുചക്രവാഹന അപകടത്തിൽ മാത്രം പൊലിയുന്നത് ശരാശരി അഞ്ച് ജീവൻ. ഈ വർഷം സെപ്റ്റംബർ വരെ പൊലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 1330 പേരാണ് സംസ്ഥാനത്ത് ഇരുചക്ര വാഹനാപകടങ്ങളിൽ മാത്രം മരിച്ചത്.
1124 പേർ ബൈക്കപകടത്തിലും 206 പേർ സ്കൂട്ടർ അപകടത്തിലുമാണ് മരിച്ചത്. 12,606 അപകടങ്ങളിൽ 14,417 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദിവസവും 50ഓളം ഇരുചക്രവാഹനങ്ങൾ കേരളത്തിൽ അപകടത്തിൽപ്പെടുന്നുണ്ട്്. ആകെ അപകട മരണത്തിെൻറ 40 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. കഴിഞ്ഞവർഷം ഇരുചക്ര വാഹനാപകടത്തിൽ 1636 ജീവനുകളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞവർഷത്തേക്കാൾ മരണം കൂടി. കഴിഞ്ഞവർഷം ഒരു മാസം ശരാശരി 136 പേർ മരിച്ചിരുന്നിടത്ത് ഈ വർഷം 147 പേർക്ക് ജീവൻ നഷ്ടമായി. സംസ്ഥാനത്ത് ഒമ്പത് മാസത്തിനിടെ നടന്ന 30,784 വാഹനാപകടങ്ങളിൽ 3375 പേർ മരിക്കുകയും 37,884 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ബൈക്കുകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അപകടത്തിൽപെടുന്നത് കാറുകളാണ്. ഈ വർഷം 8279 കാറുകളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ 666 പേർ മരിക്കുകയും 10,730 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സ്വകാര്യ ബസുകൾ 235 പേരുടെയും കെ.എസ്.ആർ.ടി.സി ബസുകൾ 148 പേരുടെയും മിനി ബസുകൾ 174 പേരുടെയും ജീവനെടുത്തു. കൂടുതൽ അപകടമരണം സംഭവിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. ഇവിടെ ഒമ്പത് മാസത്തിനിടെ പൊലിഞ്ഞത് 413 പേരുടെ ജീവനാണ്.
കുറവ് വയനാട്ടിലാണ് (63). എറണാകുളത്ത് 355 പേരും കോഴിക്കോട് 295 പേരും മരിച്ചു.
ശക്തമായ ബോധവത്കരണം നടത്താനാണ് മോട്ടോർ വാഹന വകുപ്പിെൻറയും പൊലീസിെൻറയും തീരുമാനം.
റോഡിലെ കുഴികളും അശ്രദ്ധമായ ഡ്രൈവിങ്ങും തന്നെയാണ് കൂടുതൽ അപകടങ്ങൾക്കും കാരണം. നിയമലംഘനങ്ങളിൽ കൂടുതൽ അമാന്തം കാണിക്കുന്ന നഗരങ്ങളിൽ പരിശോധന കർശനമാക്കാനും നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.