ബൈക്ക് യാത്രക്കാരന് കുഴിയിൽ വീണ് പരിക്ക്: അസി. എൻജിനീയർക്ക് സ്ഥലംമാറ്റം
text_fieldsകോഴിക്കോട്: താമരശ്ശേരി ചുങ്കം വെഴുപ്പൂർ ബസ് സ്റ്റോപ്പിനു സമീപം കലുങ്കുനിർമാണത്തിനായി കീറിയ കുഴിയിൽ വീണ് യാത്രക്കാരന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ അസിസ്റ്റന്റ് എൻജിനീയർക്ക് സ്ഥലംമാറ്റം.
കെ.എസ്.ഡി.പി കണ്ണൂർ ഡിവിഷനിലെ അസിസ്റ്റന്റ് എൻജിനീയറായ ഉദ്യോഗസ്ഥയെയാണ് മൂവാറ്റുപുഴ ഡിവിഷനിലേക്ക് സ്ഥലംമാറ്റാൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉത്തരവിട്ടത്. ബുധനാഴ്ച രാത്രി നടന്ന സംഭവത്തിൽ വലത് തുടയെല്ല് പൊട്ടിയ ഉണ്ണികുളം വള്ളിയോത്ത് കണ്ണോറക്കുഴിയിൽ അബ്ദുൽ റസാഖ് ശസ്ത്രക്രിയക്കുശേഷം വിശ്രമത്തിലാണ്. സംഭവത്തെ തുടർന്ന് മന്ത്രി വിഷയത്തിലിടപെട്ടിരുന്നു.
റോഡ് നിർമാണത്തിന്റെ ചുമതലയുള്ള കെ.എസ്.ഡി.പിയുടെ എക്സിക്യൂട്ടിവ് എൻജിനീയറോട് റിപ്പോർട്ട് തേടിയിരുന്നു. എന്നാൽ, കരാറുകാരായ ശ്രീധന്യ കൺസ്ട്രക്ഷനെ അനുകൂലിച്ചായിരുന്നു റിപ്പോർട്ട്. ഈ റിപ്പോർട്ട് തള്ളിയ മന്ത്രി കെ.എസ്.ഡി.പി പ്രോജക്ട് ഡയറക്ടറോട് വിശദമായ റിപ്പോർട്ട് നൽകാൻ നിർദേശിക്കുകയായിരുന്നു.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അസി. എൻജിനീയറെ സ്ഥലംമാറ്റിയത്. കരാറുകാർക്ക് കാരണംകാണിക്കൽ നോട്ടീസും നൽകും. പൊതുമരാമത്ത് വിജിലൻസ് സംഭവം അന്വേഷിക്കാനും നിർദേശമുണ്ട്.
കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത നവീകരണം: കലുങ്ക് നിർമാണത്തിൽ വ്യാപക അശ്രദ്ധ
കോഴിക്കോട്: കൊയിലാണ്ടി-താമരശ്ശേരി-എടവണ്ണ സംസ്ഥാനപാതയുടെ നവീകരണ ജോലികളിലെ കലുങ്ക് നിർമാണത്തിൽ കരാറുകാരുടെ അശ്രദ്ധ വ്യാപകം. 130ഓളം ഇടങ്ങളിലാണ് പഴയ കലുങ്കുകൾ പുതുക്കിപ്പണിയുന്നത്. റോഡ് ഉയർത്തിയും താഴ്ത്തിയും നവീകരണജോലികൾ തകൃതിയായി നടക്കുന്നതിനിടെയാണ് യാത്രക്കാർക്ക് ഭീഷണിയായുള്ള കലുങ്ക്നിർമാണം. താമരശ്ശേരി ചുങ്കത്തിനു സമീപം കലുങ്കിനായി നിർമിച്ച കുഴിയിൽ യാത്രക്കാരൻ വീണതാണ് അശ്രദ്ധയുടെ അവസാന ഉദാഹരണം.
വലിയ കുഴിക്കു സമീപം മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാവേലികളോ ഇല്ലാതെ പ്ലാസ്റ്റിക് റിബൺ കെട്ടിയാണ് തുടക്കം മുതൽ ് ജോലികൾ നടത്തിവരുന്നത്. പൊതുമരാമത്ത് റോഡിലെ പ്രവൃത്തികളിലെ ജോലികളിൽ ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണ് എന്ന മന്ത്രിയുടെ പ്രസ്താവന ഈ കരാറുകാർ അനുസരിക്കുന്നില്ല. നിർദേശങ്ങളോ പരാതികളോ നൽകിയാൽ കേസ് കൊടുക്കുമെന്നും ബംഗളൂരിലാകും കേസ് നടത്തിപ്പെന്നും ചിലയിടങ്ങളിൽ കരാറുകാർ നാട്ടുകാരെ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.
രണ്ടു മാസം മുമ്പ് ഉള്ള്യേരിക്കടുത്ത് ആനവാതുക്കലിൽ കലുങ്കിലെ വലിയ കുഴിയിൽ ബുള്ളറ്റ് യാത്രക്കാരൻ വീണ് പരിക്കേറ്റിരുന്നു. ഗതാഗതം തടസ്സപ്പെടുത്താതെ ഒരു ഭാഗത്ത് കുഴിയെടുത്ത് കലുങ്ക് നിർമിച്ചശേഷം മറുഭാഗത്തെ ജോലികൾ നടത്തുകയാണ് ചെയ്യുന്നത്. ജോലി പുരോഗമിക്കുമ്പോൾ കരാറുകാരുടെ ജോലിക്കാർ ഗതാഗതം നിയന്ത്രിച്ചാണ് വാഹനങ്ങൾ കടത്തിവിടുന്നത്. എന്നാൽ, രാത്രി യാത്ര ചെയ്യുന്നവർ അപകടക്കുഴിയുള്ളത് കാണാത്ത അവസ്ഥയാണ്. മൂന്നു മാസം മുമ്പ് പൂനൂരിനടുത്ത് അവേലത്ത് മഴയെ തുടർന്നുണ്ടായ റോഡിലെ കുഴിയിൽ വീണ് വടകര സ്വദേശി ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു.
റോഡ് അറ്റകുറ്റപ്പണി മാസങ്ങൾ നീളുന്നതിനാൽ കുഴികൾ നികത്തണമെന്ന് വ്യാപാരികളും നാട്ടുകാരും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കരാറുകാർ ഈ ആവശ്യം പരിഗണിച്ചിരുന്നില്ല. പിന്നീട് ബൈക്ക് യാത്രക്കാരന്റെ ജീവൻ നഷ്ടമായശേഷമാണ് ചിലയിടത്തെങ്കിലും റോഡിലെ കുഴികൾ നികത്തിയത്.
യാത്രക്കാരൻ മരിക്കാനിടയായ സംഭവത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ കരാർ കമ്പനിക്കും കെ.എസ്.ടി.പിക്കും ജില്ല കലക്ടർ നിർദേശം നൽകിയിരുന്നു. ജില്ലയിലെ വിവിധ സംസ്ഥാന, ദേശീയ പാതകളിലെ കേടുപാടുകൾ ഒഴിവാക്കാനും അപകടങ്ങൾ കുറക്കാനുമായി ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായിരുന്നു. അറ്റകുറ്റപ്പണികൾ ആവശ്യമുള്ളിടത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാനും നിർദേശമുണ്ടായിരുന്നു. വാഹനങ്ങൾക്കും കാൽനടക്കാർക്കും ജീവന് ഭീഷണിയാവുന്നതിനാൽ അപകടമരണങ്ങൾ ഉണ്ടാകാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ ദുരന്തനിവാരണ ചട്ടപ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഉത്തരവ് നൽകിയതും വെറുതെയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.