മാതമംഗലം വിഷയത്തിൽ ഉഭയകക്ഷി ചർച്ച 21ന്
text_fieldsതിരുവനന്തപുരം: വ്യവസായങ്ങൾ അടച്ചുപൂട്ടിക്കൽ സർക്കാർ നയമല്ലെന്നും സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷമാണ് നിലവിലുള്ളതെന്നും തൊഴിൽമന്ത്രി വി. ശിവൻകുട്ടി. മാതമംഗലം വിഷയത്തിൽ ലേബർ കമീഷണർ എസ്. ചിത്രയുടെ നേതൃത്വത്തിലുള്ള ഉഭയകക്ഷി ചർച്ച ഈ മാസം 21ന് നടക്കും. സ്ഥാപനമുടമയുമായും തൊഴിലാളി യൂനിയൻ പ്രതിനിധികളുമായും ലേബർ കമീഷണർ ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
മാതമംഗലം വിഷയം ശ്രദ്ധയിൽപെട്ടതിനെതുടർന്നാണ് പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കാൻ ലേബർ കമീഷണറെ ചുമതലപ്പെടുത്തിയത്. വാണിജ്യ - വ്യവസായ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നതിനൊപ്പം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. തൊഴിൽ പ്രശ്നങ്ങളിൽ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തരമായി ഇടപെടുകയും പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയും ചെയ്യണമെന്ന് മന്ത്രി നിർദേശിച്ചു.
തൊഴിലാളി - തൊഴിലുടമ ബന്ധം ശക്തമാക്കാനുള്ള നടപടികളാണ് തൊഴിൽവകുപ്പ് സ്വീകരിച്ചുവരുന്നത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ സംസ്ഥാനത്തെ തൊഴിലന്തരീക്ഷം മോശമാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോകില്ല. തൊഴിലുടമകളും തൊഴിലാളികളും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ആരോഗ്യകരമായ തൊഴിൽ ബന്ധങ്ങളും തൊഴിൽ സംസ്കാരവുമാണ് സർക്കാർ ലക്ഷ്യംവെക്കുന്നത്.
തൊഴിലാളി, തൊഴിലുടമ, സർക്കാർ എന്നിങ്ങനെ ത്രികക്ഷി സമ്പ്രദായം ശക്തിപ്പെടുത്തി ഉഭയകക്ഷി ചർച്ചകളിലൂടെ എല്ലാ പ്രശ്നങ്ങളും രമ്യമായി പരിഹരിക്കുക എന്നതാണ് സർക്കാർ നിലപാട്. മാതമംഗലത്തും മാടായിയിലും സർക്കാറിന്റെ നിലപാട് ഇതുതന്നെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.