നിയമവ്യവസ്ഥയിലുള്ള വിശ്വാസം ഉലഞ്ഞെന്ന് ബിൽകീസ് ബാനു
text_fieldsന്യൂഡൽഹി: ഗുജറാത്ത് വംശഹത്യക്കിടെ തങ്ങളുടെ ഉറ്റവരെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 11 പേരെ വിട്ടയച്ച സംസ്ഥാന സർക്കാർ നടപടിയിൽ പ്രതികരണവുമായി ബിൽകീസ് ബാനു. നിയമവ്യവസ്ഥയിലുള്ള വിശ്വാസം ഉലഞ്ഞെന്ന് ബിൽകീസ് ബാനു പ്രതികരിച്ചു. നിയമപോരാട്ടം നടത്തുന്ന സ്ത്രീകളെ ആലോചിക്കുമ്പോൾ വിഷമമുണ്ട്. ഗുജറാത്ത് സർക്കാർ തീരുമാനം പിൻവലിക്കണമെന്നും ബിൽകീസ് ബാനു ആവശ്യപ്പെട്ടു.
2002ലെ ഗുജറാത്ത് കലാപക്കേസുകളിൽ ഏറ്റവും അധികം രാജ്യശ്രദ്ധനേടിയ കേസുകളിലൊന്നായിരുന്നു ബിൽകീസ് ബാനു കേസ്. ഗർഭിണിയായ 21കാരി ബിൽകീസ് ബാനുവിനെ കുടുംബാംഗങ്ങൾക്ക് മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്യുകയും ഏഴ് കുടുംബാംഗങ്ങളെ നിഷ്കരുണം കൊലപ്പെടുത്തുകയുമായിരുന്നു. കൊല്ലപ്പെട്ടവരിൽ ബൽകീസ് ബാനുവിന്റെ പിഞ്ചുമോളും ഉണ്ടായിരുന്നു. അഞ്ചുമാസം ഗർഭിണിയായിരുന്ന ബിൽകീസ് ബാനു മരിച്ചു എന്നു കരുതിയാണ് അക്രമി സംഘം സ്ഥലംവിട്ടത്.
സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് സി.ബി.ഐ അന്വേഷിച്ച കേസാണ് ബിൽകീസ് ബാനു കേസ്. 2008 ൽ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് 11 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തെളിവുകളുടെ അഭാവം ചൂണ്ടികാണിച്ച് ഏഴു പ്രതികളെ വെറുതെ വിടുകയും ചെയ്തു. പിന്നീട്, ബോംബെ ഹൈകോടതി 11 പേരുടെ ശിക്ഷ ശരിവെക്കുകയും ഏഴു പേരെ വെറുതെവിട്ട നടപടി റദ്ദാക്കുകയും ചെയ്തു.
തുടർന്നാണ്, കുറ്റവാളികൾ സുപ്രീംകോടതിയെ സമീപിച്ചത്. ഗുജറാത്ത് സർക്കാറിനോട് തീരുമാനമെടുക്കാൻ ആവശ്യപ്പെടുകയാണ് സുപ്രീംകോടതി ചെയ്തത്. ഗുജറാത്ത് സർക്കാർ അതിനായി ഒരു സമിതിയെ നിയമിക്കുകയും പ്രതികളെ മോചിപ്പിക്കാൻ സമിതി ഐകകണ്ഠ്യേന തീരുമാനമെടുക്കുകയുമായിരുന്നു. ഇതുപ്രകാരമാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച 11 പ്രതികളെ ഗുജറാത്ത് സർക്കാർ വെറുതെ വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.