ഗവർണർക്കെതിരെ ഓർഡിനൻസിന് പകരം ബിൽ പരിഗണനയിൽ
text_fieldsതിരുവനന്തപുരം: ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള ഓർഡിനൻസിന് പകരം ബിൽ കൊണ്ടുവന്ന് നിയമസഭയിൽ പാസാക്കുന്നത് സർക്കാർ ആലോചനയിൽ.
അതിനായി പ്രത്യേക നിയമസഭ സമ്മേളനം വിളിക്കുന്ന കാര്യം അടുത്ത മന്ത്രിസഭയോഗം പരിഗണിക്കും. ഇതിന് സി.പി.എം നേതൃത്വം എല്ലാ പിന്തുണയും നൽകി. ചാൻസലറെ നീക്കുന്നത് ഓർഡിനൻസായി കൊണ്ടുവന്നാൽ ഗവർണർ ഒപ്പിടാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ബില്ല് നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കിയാൽ ഒപ്പിടാതെ ഗവർണർക്ക് മടക്കി അയക്കാനോ രാഷ്ട്രപതിക്ക് വിടാനോ മാത്രമേ കഴിയൂ. അങ്ങനെ സംഭവിച്ചാൽ നിയമപരമായി നേരിടാമെന്നാണ് സർക്കാറിന്റെ വിലയിരുത്തൽ. ഇക്കാര്യങ്ങൾ കഴിഞ്ഞദിവസം ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള നിയമനിർമാണം അണിയറയിൽ പുരോഗമിക്കുകയാണ്.
നിയമസഭ പാസാക്കിയ ബില്ലുകൾ അംഗീകരിക്കാത്ത ഗവർണറുടെ നടപടിയെ ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനുള്ള നടപടികളും നിയമവകുപ്പ് ആരംഭിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സർക്കാർ നടപടികൾക്ക് സി.പി.എം നേതൃത്വം പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഗവർണർക്കെതിരെ ജനങ്ങളെ രംഗത്തിറക്കാനും സി.പി.എം ഉദ്ദേശിക്കുന്നുണ്ട്. മാധ്യമപ്രവർത്തകരെ ഇറക്കിവിട്ട വിഷയം കൂടി ഉയർത്തിയുള്ള പ്രതിഷേധമാണ് സി.പി.എം ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മാധ്യമപ്രവർത്തകർക്ക് പിന്തുണ അർപ്പിച്ച് ഡി.വൈ.എഫ്.ഐ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയത്. കേരളത്തിലെ ജനങ്ങളെയും സർക്കാറിനെയും ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ഗവർണർ ആഗ്രഹിക്കുെന്നങ്കിൽ നടക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. അവസാന വിധി പറയുന്ന ശക്തിയും കരുത്തും ജനങ്ങളാണ്. അതിനുനേരെ നോക്കി കൊഞ്ഞനംകുത്തിയിട്ട് കാര്യമില്ല. ശരിയായ നിലപാടെടുത്ത് മുന്നോട്ടുപോവുകയാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവംബർ 15ന് വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന രാജ്ഭവൻ മാർച്ചിനെതിരെ നടത്തിയ പരാമർശവും സംസ്ഥാനത്ത് ഭരണഘടന ഭീഷണിയിലാണെന്ന ഗവർണറുടെ പ്രസ്താവനയും തള്ളിക്കളയാനാണ് സി.പി.എം തീരുമാനം. കേന്ദ്രത്തിലേക്ക് റിപ്പോർട്ട് നൽകുമെന്ന ഭയമൊന്നും സി.പി.എമ്മിനില്ലെന്നാണ് സി.പി.എം സെക്രട്ടറിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.