ബില്ല് പാസാക്കിയിട്ടും പെൻഷനായില്ല; ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് ജീവനക്കാർക്ക് ദുരിതം
text_fieldsകോട്ടയം: നിയമസഭ ബില്ല് പാസാക്കിയെങ്കിലും കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ജീവനക്കാർക്ക് ഇതുവരെ പെൻഷനായില്ല. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് ആദ്യം ഓർഡിനൻസായും പിന്നീട് ബില്ലായും കൊണ്ടുവന്നാണ് ബോർഡ് ജീവനക്കാർക്ക് പെൻഷൻ നൽകാൻ തീരുമാനിച്ചത്. എന്നാൽ, വർഷങ്ങൾ പലത് കഴിഞ്ഞിട്ടും ഉത്തരവാകാതെ ഇക്കാര്യം തൊഴിൽ വകുപ്പിൽ ‘നിദ്ര’യിലാണ്. കേവലം 25,000 രൂപ സര്‍ക്കാര്‍ ധനസഹായത്തോടെ ആരംഭിച്ച സ്ഥാപനത്തിന് ഇന്ന് 1000 കോടിയിലധികം രൂപയിലേറെ ആസ്തിയുണ്ട്.
ബോര്‍ഡിനെ ഇന്ന് കാണുന്ന ആസ്തിയിലേക്കും മൂല്യത്തിലേക്കും വളര്‍ത്തിയെടുക്കാന്‍ അത്യധ്വാനം ചെയ്ത ജീവനക്കാര്‍ക്ക് വിരമിക്കുമ്പോള്‍ പെന്ഷന് നല്കാന് ബോര്‍ഡ് തയാറാകാത്ത സ്ഥിതിയാണുള്ളത്.1980കളിൽ കെ. കരുണാകരന് മുഖ്യമന്ത്രിയും കടവൂര്‍ ശിവദാസന്‍ തൊഴില്‍ മന്ത്രിയുമായിരുന്നപ്പോള്‍ തുടങ്ങിയതാണ് ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡും മോട്ടോര്‍ തൊഴിലാളി ബോര്‍ഡും.
ഇതിൽ മോട്ടോര്‍ തൊഴിലാളി ബോര്‍ഡിലെ ജീവനക്കാര്‍ക്ക് പെന്ഷന് നല്‍കുന്നുണ്ട്. എന്നാല്‍, ചുമട്ടുതൊഴിലാളി ബോര്‍ഡ് അക്കാര്യത്തില്‍ നിരുത്തരവാദപരമായ നിലപാടാണ് തുടരുന്നത്. വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയും പി.കെ. ഗുരുദാസന് തൊഴില്‍ മന്ത്രിയുമായിരിക്കെ ചുമട്ടു തൊഴിലാളി ബോര്‍ഡിലെ ജീവനക്കാര്‍ക്ക് പെന്ഷന് നല്കാന് ഉത്തരവിട്ടിരുന്നു.എന്നാല്‍, ബോര്‍ഡിന്റെ തുക തൊഴിലാളികള്‍ക്കുള്ളതാണെന്നും അത് ജീവനക്കാര്‍ക്ക് നല്കാനുള്ളതല്ലെന്നുമുള്ള കള്ള പ്രചാരണത്തിലൂടെ അത് നടപ്പാക്കുന്നത് ചിലർ പൊളിച്ചെന്നാണ് ആക്ഷേപം.
ജീവനക്കാര്‍ക്ക് പെന്ഷന് നല്‍കുന്നതിന് സമാഹരിച്ച പ്രോവിഡന്റ് ഫണ്ടിലേക്കുള്ള തൊഴിലുടമ വിഹിതവും പെന്ഷന് ഫണ്ടിലേക്ക് സമാഹരിച്ച തുകയും ഉള്‍പ്പെടെ 62 കോടി പെന്‍ഷനുവേണ്ടി ബോര്‍ഡില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇതിന്റെ പലിശയായി വര്‍ഷം തോറും 3.29 കോടി ലഭിക്കും. വിരമിച്ച 125 ജീവനക്കാർക്ക് ഒരുവര്‍ഷം ജീവനക്കാര്‍ക്ക് പെന്ഷന് നല്കാന് 2.35 കോടി മാത്രം മതിയെന്നാണ് കണക്കുകൾ.
ഓരോ വര്‍ഷവും ഈ ഫണ്ടിലേക്ക് സമാഹരിക്കുന്ന തുക കൂടി കണക്കാക്കുമ്പോള്‍ ജീവനക്കാര്‍ക്ക് പെന്ഷന് നല്കാന് ഒരു സാമ്പത്തിക പ്രയാസവുമില്ലെന്നും ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ക്ഷേമനിധി ബോര്‍ഡുകളില്‍നിന്ന് സര്‍ക്കാര്‍ പണം കടമെടുക്കാറുമുണ്ട്. ഒന്നാം പിണറായി സര്‍ക്കാറും ചുമട്ടുക്ഷേമനിധി ബോര്‍ഡിലെ ആദ്യകാല ജീവനക്കാര്‍ക്ക് സര്‍വിസ് പെന്ഷന് നല്കാന് തീരുമാനിച്ചു.
എന്നാൽ, രാഷ്ട്രീയ തീരുമാനം ആയില്ലെന്ന പേരില്‍ ഫയല്‍ ഇപ്പോഴും വകുപ്പിൽ വിശ്രമിക്കുകയാണ്. അതിനിടെ വിരമിച്ച ജീവനക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. 2000, 5000 രൂപയുടെ ഇടക്കാലാശ്വാസം കോടതി അനുവദിച്ചു. പിന്നീട് ജീവനക്കാര്‍ മനുഷ്യവകാശ കമീഷനെ സമീപപ്പോള് ഈ തുകകള്‍ ഇരട്ടിയാക്കി. എന്നാൽ, അതും നിലച്ച അവസ്ഥയിലാണിപ്പോൾ.ഭരണപക്ഷ അനുകൂല ട്രേഡ് യൂനിയൻ സംഘടനയുടെ അനുഭാവികളാണ് ബോർഡിലെ ജീവനക്കാർ ഏറെയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.