ചാൻസലർ പദവി: ഗവർണറെ നീക്കാനുള്ള ബിൽ നാളെ സഭയിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ 14 സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാനുള്ള ബിൽ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. രണ്ട് ബില്ലുകളായാണ് സഭയുടെ പരിഗണനക്ക് വരുന്നത്. ഗവർണർക്ക് പകരം പ്രശസ്തനായ വിദ്യാഭ്യാസ വിചക്ഷണനെ സർവകലാശാല ചാൻസലറായി നിയമിക്കാൻ സർക്കാറിന് അധികാരം നൽകുന്ന വ്യവസ്ഥയോടെയാണ് ബിൽ. മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും ബിൽ സഭയിൽ അവതരിപ്പിക്കുക.
ഉദ്യോഗത്തിൽ പ്രവേശിക്കുന്നതു മുതൽ അഞ്ചു വർഷത്തേക്കായിരിക്കും ചാൻസലറുടെ കാലാവധി. ഒരു അധിക കാലയളവിലേക്ക് പുനർനിയമനത്തിനും അർഹതയുണ്ടാകും. പ്രതിഫലം പറ്റാത്ത ഓണററി സ്ഥാനമായാണ് ചാൻസലർ പദവിയെ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്.
ചാൻസലറുടെ ഓഫിസ് സർവകലാശാല ആസ്ഥാനത്തായിരിക്കും. ഓഫിസിലേക്കുള്ള ജീവനക്കാരെ സർവകലാശാല നൽകണം. ചാൻസലർക്ക് സർക്കാറിന് രേഖാമൂലം അറിയിപ്പ് നൽകി പദവി രാജിവെക്കാം. സാന്മാർഗിക ദൂഷ്യം ഉൾപ്പെടുന്ന കുറ്റത്തിനോ കോടതി തടവ് ശിക്ഷക്ക് വിധിക്കുന്ന കുറ്റത്തിനോ ചാൻസലറെ സർക്കാറിന് നീക്കം ചെയ്യാം. ഗുരുതര പെരുമാറ്റ ദൂഷ്യം ഉൾപ്പെടെ ആരോപണങ്ങളിലോ മറ്റേതെങ്കിലുംകാരണങ്ങളാലോ ഉത്തരവിലൂടെ ചാൻസലറെ സർക്കാറിന് പദവിയിൽനിന്ന് നീക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.