ബീമാപള്ളി പൊലീസ് വെടിവെപ്പ്: ജുഡീഷ്യൽ അന്വേഷണ കമീഷൻ റിപ്പോർട്ട് പുറത്ത് വിടണം -ഫ്രറ്റേണിറ്റി മൂവ്മെന്‍റ്
text_fieldsകോഴിക്കോട്: 2009 മേയ് 17നു തിരുവനന്തപുരം ബീമാ പള്ളിയിലുണ്ടായ പൊലീസ് വെടിവെപ്പിനെ തുടർന്ന് നിശ്ചയിച്ച ജുഡീഷ്യൽ അന്വേഷണ കമീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ്. ബീമാപള്ളി പൊലീസ് വെടിവെപ്പിന്‍റെ പന്ത്രണ്ടാം വാർഷിക ദിനത്തിൽ 'ബീമാപള്ളി വെടിവെപ്പ്: വംശീയ കേരളത്തിന്‍റെ ഭരണകൂട ഭീകരതക്ക് 12 വയസ്സ്' എന്ന തലക്കെട്ടിൽ ഓൺലൈനായി സംഘടിപ്പിച്ച ചർച്ചാ സംഗമത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കുക, ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട് പ്രകാരം കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയർന്നു.
കേരളം കണ്ട ഏറ്റവും വലിയ മുസ്ലിം വിരുദ്ധവും വംശീയവുമായ പൊലീസ് ഭീകരത മറവിയിലേക്ക് തള്ളപ്പെടുന്നതിലൂടെ സമൂഹത്തിൽ നിലനിൽക്കുന്ന മുസ്ലിം വിരുദ്ധത പൊതുബോധമായി രൂപപ്പെട്ടിരിക്കുന്നു എന്നു തന്നെയാണ് മനസ്സിലാക്കേണ്ടതെന്ന് ആക്ടിവിസ്റ്റും സംഗീതജ്ഞനുമായ എ.എസ്. അജിത് കുമാർ അഭിപ്രായപ്പെട്ടു. വെടിവെപ്പ് നടന്ന ശേഷം ആദ്യഘട്ടത്തിൽ പൊലീസ് നടപടിക്ക് എതിരെ നിലപാട് എടുത്തിരുന്ന മാധ്യമങ്ങൾ പിന്നീട് പൊലീസിന്‍റെയും അന്നത്തെ ഇടതുപക്ഷ ഭരണകൂടത്തിന്‍റെയും ഭാഷ്യം അപ്പാടെ സ്വീകരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത് എന്ന് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച മീഡിയവൺ സീനിയർ ന്യൂസ് എഡിറ്റർ എൻ.പി. ജിഷാർ പറഞ്ഞു.
അന്നത്തെ ഇടത്പക്ഷ സർക്കാറും തുടർന്ന് അധികാരത്തിൽ വന്ന യു.ഡി.എഫ് സർക്കാറും ബീമാപള്ളി നിവാസികളോട് തികഞ്ഞ വഞ്ചനയാണ് കാണിച്ചതെന്ന് ബീമാപള്ളി മുസ്‌ലിം മഹല്ല് ജമാഅത്ത് പ്രതിനിധി അബ്ദുൽ അസീസ് ചർച്ചയിൽ ആരോപിച്ചു. പലതരം വാഗ്ദാനങ്ങൾ നൽകിയെങ്കിലും അതൊന്നും പാലിക്കാൻ ഭരണകൂടങ്ങൾ ശ്രമിച്ചില്ല എന്നും വെടിവെപ്പിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകാൻ പോലും ഇരു മുന്നണികളുടെയും സർക്കാറുകൾ ശ്രമിച്ചില്ല എന്നും അദ്ദേഹം ചർച്ചയിൽ കൂട്ടിച്ചേർത്തു.
ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന ജനറൽ സെക്രട്ടറി അഷ്റഫ് കെ.കെ. അധ്യക്ഷത വഹിച്ച ചർച്ചാ സംഗമത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഫസ്ന മിയാൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.