ബിന്ദു തങ്കം കല്യാണിക്കെതിരെ അട്ടപ്പാടിയിലും പ്രതിഷേധം
text_fieldsഅഗളി: ശബരിമല ദർശനത്തിന് പുറപ്പെട്ടതിെൻറ പേരിൽ സംഘ്പരിവാർ ആക്രമണത്തിന് ഇരയായ കോഴിക്കോട് സ്വദേശിയും ഹയർ സെക്കൻഡറി അധ്യാപികയുമായ ബിന്ദു തങ്കം കല്യാണി സ്ഥലം മാറിയെത്തിയ അട്ടപ്പാടിയിലും പ്രതിഷേധം. കനത്ത പൊലീസ് സുരക്ഷയിലാണ് തിങ്കളാഴ്ച അഗളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയായി ബിന്ദു ചുമതലയേറ്റത്. വിവരം പുറത്തു വന്നതോടെ ഒരു വിഭാഗം അയ്യപ്പസേവ സമിതി പ്രവർത്തകർ സ്കൂൾ പ്രവേശന കവാടത്തിൽ നാമജപം ചൊല്ലി പ്രതിഷേധിച്ചു.
അഗളി എസ്.ഐ സുബിെൻറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് വൻ സുരക്ഷയൊരുക്കി. പ്രതിഷേധക്കാർ സ്കൂളിലെത്തി അധികൃതരുമായി ചർച്ച നടത്തി. കോഴിക്കോട് ചേവായൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയായിരുന്നു ബിന്ദു. നേരത്തെ ശബരിമല കയറാൻ തയാറായതിനെ തുടർന്ന് ഇവരോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇവർക്കെതിരെ സംഘ്പരിവാർ സംഘടനകൾ ചേവായൂർ സ്കൂളിലേക്കും വീട്ടിലേക്കും പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
12 അധ്യാപകർക്കാണ് അഗളി ഗവ. സ്കൂളിൽ നിന്ന് ഇത്തവണ സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്. ഇവർക്ക് പകരമായി ഏഴ് അധ്യാപകർ ജോലിക്കെത്തി. ബാക്കിയുള്ളവർ രണ്ടാം തീയതിക്കുള്ളിൽ ജോലിയിൽ പ്രവേശിക്കും. സ്ഥലംമാറ്റം ലഭിച്ച അധ്യാപിക സ്കൂളിലെത്തി ജോലിയിൽ പ്രവേശിക്കുക മാത്രമാണ് ഉണ്ടായതെന്നും അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.