ശബരിമല പ്രവേശം: ബിന്ദുവിനോട് വീട് ഒഴിയണമെന്ന് വീട്ടുടമ; അവധിയില്‍ പ്രവേശിക്കണമെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍
text_fieldsകോഴിക്കോട്: ശബരിമല ദര്‍ശനത്തിന് പോയ കോഴിക്കോട് സ്വദേശി ബിന്ദുവിന് ഭീഷണി. താമസിക്കുന്ന വീട് ഒഴിയണമെന്ന് വീട്ടുടമസ്ഥന്‍ ആവശ്യപ്പെട്ടതായി ബിന്ദു പറയുന്നു. ശബരിമലയില്‍ നിന്നും ഇന്ന് പുലര്‍ച്ചെയാണ് ബിന്ദു കോഴിക്കോട്ടെ വീട്ടില്‍ എത്തിയത്. വീട്ടില്‍ കയറാന്‍ തുടങ്ങിയപ്പോള്‍ അവിടെ ഇനി താമസിക്കേണ്ടെന്നും വീട് ഒഴിയണമെന്നും ആവശ്യപ്പെട്ട് വീട്ടുടമ രംഗത്തെത്തുകയായിരുന്നു. ഇന്നലെ ചേവായൂരിലെ വീടിന് നേരെ പ്രതിഷേധമുണ്ടായിരുന്നു. വീടിന് നേരെ ചിലര്‍ കല്ലേറും മറ്റും നടത്തുകയായിരുന്നു.
തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ താമസിക്കാനായി ചെന്നപ്പോള്‍ ഫ്‌ളാറ്റിന് നേരെയും ആക്രമണമുണ്ടായതായി ബിന്ദു പറയുന്നു. ഇവരെ ഫ്‌ളാറ്റില്‍ താമസിപ്പിച്ചാല്‍ അവരുടെ കയ്യും കാലും വെട്ടും എന്നായിരുന്നു ചിലര്‍ ഭീഷണിപ്പെടുത്തിയതെന്ന് ബിന്ദു പറയുന്നു. പിന്നീട് കസബ പൊലീസില്‍ അഭയം തേടിയ ബിന്ദുവിനെ പൊലീസ് സഹായത്തോടെ സുഹൃത്തിന്റെ വീട്ടിലാക്കി. തനിക്ക് നേരെ കടുത്ത ഭീഷണിയുണ്ടെന്നും ജോലി ചെയ്യാനും താമസിക്കാനും പറ്റുന്നില്ലെന്നും ബിന്ദു പറയുന്നു.
സര്‍ക്കാര്‍ വിദ്യാലയത്തിലെ അധ്യാപികയായ ബിന്ദുവിനോട് സ്കൂളിന് നേരെയും ഭീഷണിയുയര്‍ന്നതിനാല്‍ സ്കൂളിന്റെ സുരക്ഷയെ മുന്‍നിര്‍ത്തി ലീവെടുക്കാന്‍ പ്രിന്‍സിപ്പല്‍ അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് അവധിയെടുത്തിരിക്കുകയാണ് ഇപ്പോള്‍ ബിന്ദു. എന്നാല്‍ വിഷയത്തില്‍ പരസ്യപ്രതികരണത്തിന് സ്‌കൂള്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.