ചെയ്യാത്ത കാര്യങ്ങൾ സമ്മതിക്കാൻ ഇ.ഡി പ്രേരിപ്പിക്കുന്നു –ബിനീഷ്
text_fieldsബംഗളൂരു: ചെയ്യാത്ത കാര്യങ്ങൾ സമ്മതിക്കാൻ തന്നെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) നിർബന്ധിക്കുകയാണെന്ന് ബിനീഷ് കോടിയേരി. ഇ.ഡി ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു ബിനീഷിെൻറ പ്രതികരണം. വ്യാഴാഴ്ച ഇ.ഡി അറസ്റ്റ് ചെയ്തതിനുശേഷം ആദ്യമായാണ് ബിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഞായറാഴ്ച ചോദ്യംചെയ്യൽ അഞ്ചര മണിക്കൂർ പിന്നിട്ടപ്പോൾ വൈകീട്ട് നാലോടെയാണ് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഉദ്യോഗസ്ഥരെ ബിനീഷ് അറിയിച്ചത്. ക്ഷീണിതനായി ഒാഫിസിൽനിന്ന് പുറത്തേക്കുവന്ന ബിനീഷിനെ ഇ.ഡി ഉദ്യോഗസ്ഥരുടെതന്നെ വാഹനത്തിൽ സർക്കാറിനു കീഴിലെ ലേഡീസ് കഴ്സൺ ബൗറിങ് ആശുപത്രിയിലേക്കു കൊണ്ടുപോയി. രണ്ടു മണിക്കൂറോളം അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞതിനുശേഷം ഡോക്ടർമാർ സ്കാനിങ്ങിന് നിർദേശിച്ചു. സ്കാനിങ്ങിനുശേഷം ഏഴരയോടെ ആശുപത്രിയിലെത്തിച്ച ബിനീഷിനെ രാത്രി 9.30 ഒാടെ ആശുപത്രിയിൽനിന്ന് തിരികെ ചോദ്യംചെയ്യൽ കേന്ദ്രത്തിലേക്ക് തന്നെ കൊണ്ടുപോയി. ചോദ്യം ചെയ്യൽ തിങ്കളാഴ്ചയും തുടരുമെന്ന് ഇ.ഡി വൃത്തങ്ങൾ അറിയിച്ചു.
അതിനിടെ, വിവരമറിഞ്ഞ് സഹോദരൻ ബിനോയ് കോടിയേരിയും അഭിഭാഷകരും ആശുപത്രിയിലെത്തിയെങ്കിലും ബിനീഷിനെ കാണാൻ അനുവദിച്ചില്ല. അറസ്റ്റിനുശേഷം ബിനീഷിനെ ഇതുവരെ കാണാൻ ഇ.ഡി അനുവദിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹത്തിെൻറ അഭിഭാഷകർ, ദേഹോപദ്രവം ഏൽപിച്ചതായി സംശയം ഉന്നയിച്ചു.
വെള്ളിയാഴ്ച ഇ.ഡി ഒാഫിസിൽ ബിനോയിയെയും അഭിഭാഷകരെയും ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. തുടർന്ന് രാത്രി ഹൈകോടതി ചീഫ് ജസ്റ്റിസിന് നേരിട്ട് ഹരജി നൽകാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അഭിഭാഷകരെയും ബന്ധുക്കളെയും കാണാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച കോടതിയിൽ ഹരജി നൽകാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.