അറസ്റ്റിലായി ഒരുവർഷം തികയുന്നതിന്‍റെ തലേന്ന് ബിനീഷിന് ജാമ്യം; ജാമ്യാപേക്ഷ പരിഗണിച്ചത് 23ലേറെ തവണ
text_fieldsബംഗളൂരു: മയക്കുമരുന്നുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ അറസ്റ്റിലായ സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ജാമ്യം ലഭിക്കാൻ കാത്തിരുന്നത് ഒരുവർഷം. 2020 ഒക്ടോബർ 29നായിരുന്നു ബിനീഷിന്‍റെ അറസ്റ്റ്. നാളെ ഒരുവർഷം തികയാനിരിക്കെയാണ് വ്യാഴാഴ്ച കർണാടക ഹൈകോടതി ജാമ്യം അനുവദിച്ചത്.
ജാമ്യാപേക്ഷ പരിഗണിച്ചത് 23ലേറെ തവണ
അറസ്റ്റിലായി 14ാം ദിവസം മുതൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലായിരുന്നു ബിനീഷ്. പലതവണ ഹൈകോടതി ബെഞ്ച് മാറിയതും വാദങ്ങൾ നീണ്ടുപോയതും വിധി വൈകാൻ കാരണമായി. 2021 ഏപ്രിൽ മുതൽ 23 ലധികം തവണയാണ് ജാമ്യാപേക്ഷ ഹൈകോടതി പരിഗണിച്ചത്. 2020 ആഗസ്റ്റിൽ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശ്ശൂർ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നട സീരിയൽ നടി ഡി. അനിഖ എന്നിവരെ മയക്കുമരുന്ന് കേസിൽ എൻ.സി.ബി അറസ്റ്റ് ചെയ്തതോടെയാണ് ബിനീഷിനെതിരെ അന്വേഷണം ആരംഭിച്ചത്.
അനൂപ് മുഹമ്മദുമായി ബിനീഷിനുള്ള സാമ്പത്തിക ഇടപാടിലാണ് ഇ.ഡി കേസെടുത്ത് 2020 ഒക്ടോബർ 29ന് അറസ്റ്റ് ചെയ്യുന്നത്. ബംഗളൂരുവിൽ ഹോട്ടൽ നടത്താനായി പണം വായ്പ നൽകിയതല്ലാതെ അനൂപുമായി മറ്റൊരു ബന്ധവുമില്ലെന്നായിരുന്നു ബിനീഷിെൻറ മൊഴി. ബിനീഷിെൻറ തിരുവനന്തപുരത്തെ വീട്ടിൽ നടന്ന റെയ്ഡിൽ അനൂപിെൻറ ഡെബിറ്റ് കാർഡ് ഇഡി കണ്ടെടുത്തു. കാർഡിന് പിന്നിൽ ബിനീഷിെൻറ ഒപ്പാണെന്ന് ഇ.ഡി അവകാശപ്പെട്ടു.
അനൂപ് ബിനീഷിെൻറ ബിനാമിയാണെന്നും ബിനീഷ് ഡയറക്ടറായ ബീ ക്യാപിറ്റൽ ഫോറെക്സ് ട്രേഡിങ്, ബീ ക്യാപിറ്റൽ ഫിനാൻഷ്യൽ സർവിസസ് എന്നിവ കടലാസ് കമ്പനികളാണെന്നുമായിരുന്നു ഇഡിയുടെ കണ്ടെത്തൽ. ബിനീഷിെൻറ അക്കൗണ്ടിലെത്തിയ അഞ്ചു കോടി കേന്ദ്രീകരിച്ചായിരുന്നു ഇ.ഡി അന്വേഷണം പുരോഗമിച്ചത്. അഞ്ചു കോടി സംബന്ധിച്ച് കൂടുതൽ തെളിവുകൾ ഇഡിക്ക് കണ്ടെത്താനാകാത്തതും ജാമ്യം ലഭിക്കുന്നതിന് നിർണായകമായി.
ബംഗളൂരുവിലെ ഹയാത്ത് ഹോട്ടലിനു വേണ്ടി അനൂപിന് 60 ലക്ഷത്തോളം രൂപ വായ്പയായി നൽകിയതെന്നും ഇതിന് രേഖകളുണ്ടെന്നുമാണ് ബിനീഷ് കോടതിയെ അറിയിച്ചത്. അഞ്ചു കോടിയുടെ ഉറവിടം സംബന്ധിച്ച രേഖകളും കോടതിയിൽ നൽകി.
കോടിയേരിയുടെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി
2021 ഏപ്രിലിലാണ് ഹൈകോടതിയിൽ ബിനീഷിന്‍റെ ജാമ്യാപേക്ഷയിൽ വാദം ആരംഭിക്കുന്നത്. പിതാവ് കോടിയേരി ബാലകൃഷ്ണെൻറ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആദ്യം ജാമ്യാേപക്ഷ നൽകിയതെങ്കിൽ പിന്നീട് ഇ.ഡിയുടെ ആരോപണങ്ങളെ ഖണ്ഡിച്ചുള്ള ശക്തമായ വാദമാണ് നടന്നത്. വാദം മാസങ്ങളോളം നീണ്ടുപോയി. ഏപ്രിലിൽ വാദം തുടരുന്നതിനിടെ അവധിക്കാല ബെഞ്ചിൽ വീണ്ടും ജാമ്യാപേക്ഷ നൽകേണ്ടിവന്നു.
ജൂണിൽ ഇ.ഡിക്കുവേണ്ടി ഹാജരായിരുന്ന അഡീഷനൽ സോളിസ്റ്റർ ജനറൽ എസ്.വി. രാജുവിന് കോവിഡ് ബാധിച്ചതിനെതുടർന്നും പിന്നീട് ബിനീഷിെൻറ അഭിഭാഷകന് അസുഖമായതിനെതുടർന്നും വാദം നീണ്ടു. ഇതിനിടെ വാദം കേട്ടിരുന്ന ജഡ്ജി ജസ്റ്റിസ് മുഹമ്മദ് നവാസ് കലബുറഗി ബെഞ്ചിലേക്ക് മാറിയതോടെ ജൂലൈയിൽ ജാമ്യാപേക്ഷ പുതിയ ബെഞ്ചിെൻറ പരിഗണനക്ക് വിട്ടു. ജസ്റ്റിസ് എം.ജി ഉമയാണ് പുതിയ ബെഞ്ചിൽ വാദം കേട്ടത്.
ആഗസ്റ്റ് 19 മുതൽ ആരംഭിച്ച് ഒന്നര മാസത്തെ വാദ പ്രതിവാദങ്ങൾക്കൊടുവിൽ ഒക്ടോബർ ഏഴിന് ജാമ്യാപേക്ഷയിൽ വിധി പറയാൻ മാറ്റിവെച്ചു. തുടർന്നാണ് വ്യാഴാഴ്ച വിധി പ്രസ്താവിച്ചത്. വിവിധ ബെഞ്ചുകളിലായി ഏഴു മാസമാണ് വാദം നടന്നത്. ജാമ്യാപേക്ഷയെ എതിർത്ത് ഇഡിക്കുവേണ്ടി ആദ്യം അഡീഷനൽ സോളിസ്റ്റർ ജനറൽ എസ്.വി. രാജുവും പിന്നീട് അഡീഷണല്‍ സോളിസിറ്റര്‍ അമൻ ലേഖിയുമാണ് ഹാജരായത്.
ബിനീഷിനുവേണ്ടി ആദ്യം അഡ്വ. കൃഷ്ണൻ വേണുഗോപാലും പിന്നീട് സുപ്രീം കോടതി അഭിഭാഷകരായ രഞ്ജിത്ത് ശങ്കർ, ഗുരു കൃഷ്ണകുമാർ എന്നിവരുമാണ് ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.