ബിനീഷ് വിഷയത്തിൽ പരമാവധി പിടിച്ചു നിന്നു; ഒടുവിൽ അടിയറവ് പറഞ്ഞ് കോടിയേരി
text_fieldsതിരുവനന്തപുരം: മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധത്തെ തുടർന്ന് മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായതുമുതൽ കടുത്ത പ്രതിരോധത്തിലായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടിക്കകത്തുനിന്നും പുറത്തുനിന്നുമുള്ള വിമർശനങ്ങൾ പരമാവധി ചെറുത്തുനിന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ കൈയൊഴിഞ്ഞതോടെയാണ് അദ്ദേഹം സെക്രട്ടറി സ്ഥാനം ഒഴിയുന്നത്. ചികിത്സാര്‍ഥം സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനാലാണ് ഒഴിവാക്കിയതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പത്രക്കുറിപ്പിൽ പറയുന്നത്.
ബിനീഷ് കോടിയേരി വിഷയം ഉയർന്നുവന്നപ്പോൾ മക്കള്‍ ചെയ്യുന്ന തെറ്റിനു പിതാവ് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ലെന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്. നിയമം നിയമത്തിൻെറ വഴിക്ക് പോകട്ടെയെന്നും മകൻ തെറ്റ് ചെയ്തെങ്കിൽ എത്ര കടുത്ത ശിക്ഷയും അനുഭവിക്കട്ടെ എന്നുമായിരുന്നു കോടിയേരിയും പറഞ്ഞിരുന്നത്. പാര്‍ട്ടി സെക്രട്ടറിയായതിലാണ് തനിക്കും കുടുംബത്തിനും നേരെ ആക്രമണം ഉണ്ടാകുന്നതെന്നും സ്ഥാനത്തുനിന്നും മാറാമെന്നും കോടിയേരി മുമ്പ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അറിയിച്ചെങ്കിലും രാജിവെക്കേണ്ടതില്ലെന്നായിരുന്നു അന്നത്തെ നിലപാട്. കേന്ദ്ര നേതൃത്വവും അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, ബിനീഷ് കോടിയേരിയുടെ കേസ് എളുപ്പത്തിൽ ഊരിപ്പോരാൻ കഴിയാത്ത വിധം കൂടുതൽ സങ്കീർണമാവുകയും തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം അത് പ്രചാരണായുധമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ പാർട്ടി തീരുമാനിച്ചതെന്നാണ് സൂചന. സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എ. വിജയരാഘവനാണ് സെക്രട്ടറിയുടെ താത്കാലിക ചുമതല.
2015 ല്‍ ആലപ്പുഴയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലാണ് പിണറായി വിജയൻെറ പിന്‍ഗാമിയായി കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്. പിന്നീട് 2018ല്‍ നടന്ന സമ്മേളനവും സെക്രട്ടറിയായി തുടരാന്‍ തീരുമാനിച്ചു. നേരത്തെ മൂത്തമകൻ ബിനോയ് കോടിയേരിക്കെതിരായ വിവാദം ഉയര്‍ന്നപ്പോഴും കോടിയേരിയുടെ രാജി ചിലർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരാതി തീര്‍പ്പാക്കിയതോടെ ഇതൊഴിവാവുകയായിരുന്നു.
എന്നാൽ, ബിനീഷിൻെറ കേസ് അത്ര നിസ്സാരമല്ലെന്ന തിരിച്ചറിവാണ് ഇപ്പോൾ സ്ഥാനമൊഴിയുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന. ബെംഗളൂരു മയക്കുമരുന്ന് റാക്കറ്റിലെ പ്രതി അനൂപ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാടാണ് ബിനീഷ് കോടിയേരിക്ക് വിനയായത്. തുടര്‍ന്ന് രണ്ട് തവണ ചോദ്യം ചെയ്യാൻ ഹാജരായ ബിനീഷ് അറസ്റ്റിലാവുകയായിരുന്നു. ബിനീഷിൻെറ ഭാര്യവീട്ടുകാരെയടക്കം കേന്ദ്ര ഏജന്‍സികൾ ചോദ്യം ചെയ്തിട്ടും പാര്‍ട്ടി പരസ്യമായി പിന്തുണച്ചില്ല. അതു കുടുംബം നിയമപരമായി കൈകാര്യം ചെയ്യട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
ഇ.ഡി അറസ്റ്റ് ചെയ്ത ബിനീഷിനെ വൈകാതെ എന്‍സിബിയും ചോദ്യം ചെയ്‌തേക്കുമെന്ന സൂചനകളുണ്ടായിരുന്നു. പാർട്ടിയുടെ ഉന്നത നേതാവിൻെറ മകന്‍ അപമാനകരമായ ഇത്തരമൊരു കേസിൽ പ്രതിയായത് അണികൾക്കിടയിലും വ്യാപക അമർഷത്തിന് ഇടയാക്കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് തദ്ദേശ തെരഞ്ഞെടുപ്പിന് ആഴ്ചകൾമാത്രം ബാക്കിനിൽക്കെ സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരിക്ക് പുറത്തേക്കുള്ള വഴി തുറന്നത്.
എന്നാൽ, 'സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു തുടര്‍ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍ നിന്നും അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. സെക്രട്ടറിയുടെ ചുമതല എ.വിജയരാഘവന്‍ നിര്‍വഹിക്കുന്നതാണ്' എന്നാണ് പാർട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. എത്ര നാളത്തേക്കാണ് അവധി എന്ന് വ്യക്തമാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.