പിതാവ് ഗുരുതരാവസ്ഥയിൽ, തന്‍റെ സാമീപ്യം വേണം- ജാമ്യാപേക്ഷയുമായി ബിനീഷ് കോടിയേരി കോടതിയിൽ
text_fieldsബംഗളൂരു: പിതാവ് കോടിയേരി ബാലകൃഷ്ണന്റെ അർബുദം ഗുരുതരാവസ്ഥയിൽ ആണെന്നും മകനായ താൻ അടക്കമുള്ള കുടുംബാംഗങ്ങളുടെ സാമീപ്യം അനിവാര്യമാണെന്നും കാട്ടി ഹൈകോടതിയെ സമീപിച്ച് ബിനീഷ് കോടിയേരി.
ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെടുത്തി എന്‍ഫോസ്‌ഴ്‌സമെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ നാലാം പ്രതിയായ ബിനീഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ഈ ആവശ്യമുള്ളത്. കോടിയേരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അഡ്വ. കൃഷ്ണന്‍ വേണുഗോപാല്‍ മുഖേന ബിനീഷ് ഹാജരാക്കി.
ബിനീഷിന്‍റെ ജാമ്യാപേക്ഷ ഇഡി പ്രത്യേക കോടതി ഫെബ്രുവരി 22ന് തള്ളിയ പശ്ചാത്തലത്തിലാണ് ഹൈകോടതിയെ സമീപിച്ചത്. എന്നാൽ, ഇഡിയെ പ്രതിനിധീകരിക്കുന്ന അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു ഹാജരായില്ല. തുടർന്ന് ഹരജി നാളെ വീണ്ടും പരിഗണിക്കുന്നതിനുേവണ്ടി മാറ്റി. വിഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു നടപടിക്രമങ്ങള്‍.
നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ലഹരിമരുന്ന് ഇടപാടു കേസില്‍ താന്‍ പ്രതിയല്ലെന്നും ഇതിലേക്കു ഇഡി മനഃപൂര്‍വം വലിച്ചിഴയ്ക്കുകയായിരുന്നെന്നും ബിനീഷ് വാദിക്കുന്നു. അതേസമയം, ബിനീഷിന്‍റെ ബാങ്ക് അക്കൗണ്ടുകളില്‍ കണ്ടെത്തിയ കണക്കില്‍പ്പെടാത്ത പണം ലഹരി ഇടപാടിലൂടെ സമ്പാദിച്ചതാണെന്നാണ് ഇഡി കുറ്റപത്രത്തില്‍ ആരോപിക്കുന്നത്. ഒക്ടോബര്‍ 29ന് അറസ്റ്റിലായ ബിനീഷ് നിലവില്‍ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിൽ റിമാന്‍ഡിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.