ഇ.ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നതായി ബിനിഷിന്‍റെ ഭാര്യ
text_fieldsതിരുവനന്തപുരം: റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നതായി ബിനീഷിന്‍റെ ഭാര്യ. കൊലക്കുറ്റം ചെയ്തതു പോലെയാണ് ഇ.ഡി പെരുമാറുന്നതെന്നും അവർ പരാതിപ്പെട്ടു. രേഖകളില്‍ ഒപ്പിടാന്‍ ഭീഷണിപ്പെടുത്തി. ഫോണ്‍ പിടിച്ചെടുത്തു. താനും അമ്മയും വെവ്വേറെ മുറികളിലായിരുന്നുവെന്നും പരസ്പരം കാണാൻ സമ്മതിച്ചിരുന്നില്ലെന്നും ബിനീഷിന്‍റെ ഭാര്യ റെനീറ്റ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കണ്ടെടുത്ത രേഖകള്‍ കാണാതെ മഹസറില്‍ ഒപ്പിടില്ലെന്ന് ബിനീഷിന്‍റെ കുടുംബം അറിയിച്ചു.
ഇതിനിടെ ബിനീഷ് കോടിയേരിയുടെ വീട്ടിൽ സംസ്ഥാന ബാലാവകാശ കമീഷനെത്തി. രണ്ടര വയസ് പ്രായമുള്ള ബിനീഷിന്‍റെ കുഞ്ഞിനെ നിയമവിരുദ്ധമായി തടവിൽ വെച്ചുവെന്ന ബിനീഷിന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമീഷനെത്തിയത്. ബാലാവകാശ കമ്മീഷൻ രേഖാമൂലം ഇഡിയോട് കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ബിനീഷിന്‍റെ ഭാര്യയെയും അമ്മയേയും കുഞ്ഞിനെയും വീടിന് പുറത്തേക്ക് വിട്ടു.
എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് ബിനീഷിന്‍റെ ഭാര്യാ മാതാവും പ്രതികരിച്ചു. കുട്ടി ഭയന്നുപോയിയെന്നും ആവശ്യത്തിനു ഭക്ഷണവും വസ്ത്രവും പോലും കൈയിലുണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു. കൊന്നാലും ഇ.ഡി പറയുന്ന രീതിയിൽ ഒപ്പിടില്ലെന്നും ബിനീഷിന്‍റെ ഭാര്യാമാതാവ് പറഞ്ഞു.
ബിനീഷിന്‍റെ വസതിയിലെ റെയ്ഡിനിടെ നാടകീയ രംഗങ്ങളാണ് ഇന്ന് രാവിലെ മുതൽ അരങ്ങേറുന്നത്. വീടിനകത്തുള്ളവരെ കാണണമെന്ന് ആവശ്യപ്പെട്ട് ബിനീഷിന്‍റെ ബന്ധുക്കൾ ഗെയ്റ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബിനീഷിന്‍റെ അമ്മയുടെ സഹോദരനും കുടുംബവുമാണ് പുറത്ത് പ്രതിഷേധിച്ചത്. ഇ.ഡിയുടെ നടപടിക്കെതിരെ ഇന്ന് തന്നെ കോടതിയെ സമീപിക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.
കന്‍റോണ്‍മെന്‍റ് അസി.പൊലീസ് കമീഷണർ സുരേഷ് ബാബു ബിനീഷ് കോടിയേരിയുടെ വീട്ടിലെത്തി. എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർക്കെതിരെ ബിനീഷിന്‍റെ അമ്മാവൻ പൂജപ്പുര പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.