ബിനോയ് കോടിയേരി യുവതിക്ക് നൽകിയത് ലക്ഷങ്ങൾ; തെളിവ് പുറത്ത്
text_fieldsമുംബൈ: ബിഹാർ സ്വദേശിയായ യുവതിയുടെ പീഡന പരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ കൂടുതൽ ശക്തമായ തെളിവുകൾ പുറത്ത്. യുവതിക്ക് ബിനോയ് പലവട്ടം പണം അയച്ചതിെൻറ രേഖകൾ പുറത്തായതിനൊപ്പം യുവതിയുടെ പാസ്പോർട്ടിൽ ഭർത്താവിെൻ റ പേരായി ചേർത്തിരിക്കുന്നത് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണ് എന്നും വ്യക്തമായി.
മുംബൈ ഓഷിവാര പൊ ലീസിൽ യുവതി സമർപ്പിച്ച രേഖകളിലാണ് ഈ വിവരം. 2013 ഏപ്രിൽ, മേയ് മാസങ്ങളിൽ യുവതിയുടെ ഐ.സി.ഐ.സി.ഐ ബാങ്ക് അക്കൗണ്ടിലേക്ക് ഏഴര ലക്ഷം രൂപയാണ് ബിനോയ് അയച്ചിരിക്കുന്നത്. ഏപ്രിൽ ആറിന് 50,000 രൂപയും അതേമാസം 18ന് നാലു ലക്ഷം രൂപയും അയച്ചതായി രേഖകളിൽ കാണുന്നു.
2014ൽ പരാതിക്കാരിയുടെ പുതുക്കിയ പാസ്പോർട്ടിലാണ് ഭർത്താവിെൻറ പേരിെൻറ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്ന് കാണിച്ചിരിക്കുന്നത്. 2004ൽ എടുത്ത പാസ്പോർട്ടിൽ സ്വന്തം മാതാപിതാക്കളുടെ പേരാണുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച മുംബൈ ദിൻദോഷി കോടതിയിൽ ബിനോയിയുടെ ജാമ്യാപേക്ഷ പരിഗണനക്ക് എടുത്തപ്പോൾ തനിക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാനുള്ള ശ്രമമാണെന്നും അഭിഭാഷകൻ വാദിച്ചിരുന്നു. ഇതേതുടർന്നാണ് യുവതി കൂടുതൽ തെളിവുകൾ പൊലീസിന് കൈമാറിയതായി അറിയുന്നത്. ഒത്തുതീർപ്പിനുള്ള എല്ലാശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടർന്നാണ് നിയമനടപടിയിലേക്ക് നീങ്ങിയതെന്ന് യുവതിയുടെ കുടുംബം നേരേത്ത വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിൽ യുവതി ആദ്യ പരാതി നൽകിയതിനു പിന്നാലെ ബിനോയിയുടെ അമ്മ വിനോദിനി മുംബൈയിലെത്തി കുടുംബത്തെ കണ്ടിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കാൻ ബിനോയ് തയാറാകാതിരുന്നതിനെ തുടർന്നാണ് ഇവർ കൂടുതൽ തെളിവുകളുമായി പൊലീസിനെ സമീപിച്ചത്. ബിനോയ് തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയതിെൻറ ഓഡിയോ റെക്കോഡുകളും യുവതി തെളിവായി സമർപ്പിച്ചിട്ടുണ്ട്.
അതിനിടെ, ബിനോയിയുടെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച ദിൻദോഷി സെഷൻസ് കോടതി വീണ്ടും പരിഗണിക്കും. ഒളിവിലുള്ള ബിനോയിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞദിവസം തിരുവനന്തപുരത്തെ വസതിയിൽ മുംബൈ പൊലീസ് പരിശോധന നടത്തിയിരുന്നു. ബിനോയിയുടെ മൊബൈൽ ഓഫ് ചെയ്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.