വിലക്കിനെതിരെ പ്രതിഷേധം ശക്തം, വാർത്തസമ്മേളനം നടന്നില്ല
text_fieldsതിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പാരോപണം നേരിടുന്ന ശ്രീജിത്ത് വിജയനുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതോ ചർച്ച ചെയ്യുന്നതോ തടഞ്ഞ കോടതി ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് നടപടിയെന്നും ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണ് കരുനാഗപ്പള്ളി സബ്കോടതി ചെയ്തതെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കോടതി നടപടിക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ കോടതി ഉത്തരവിെൻറ പശ്ചാത്തലത്തിൽ വിദേശ പൗരനായ അൽ മർസൂഖിക്കായി നടത്താനിരുന്ന വാർത്തസമ്മേളനം തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്നില്ല. വാർത്തസമ്മേളനം റദ്ദാക്കിയെന്ന് കഴിഞ്ഞദിവസംതന്നെ മർസൂഖിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ രേഖാമൂലം തിരുവനന്തപുരം പ്രസ് ക്ലബിനെ അറിയിച്ചിരുന്നുവെന്ന പ്രചാരണവും നടക്കുന്നുണ്ട്. എന്നാൽ, ഇത് പ്രസ് ക്ലബ് ഭാരവാഹികൾ നിഷേധിച്ചു.
ഒരു വ്യക്തി നടത്താനിരുന്ന പത്രസമ്മേളനം മാറ്റിവെച്ചതായി അറിയിച്ചതായ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രസ് ക്ലബ് ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു. അങ്ങനെ ഒരുവിവരം വാർത്തസമ്മേളനം ബുക്ക് ചെയ്തവരോ നടത്താനിരുന്നവരോ അറിയിച്ചിട്ടില്ല. ബുക്ക് ചെയ്തവര്‍ തങ്ങളെ ബന്ധപ്പെട്ടിട്ടില്ല. തങ്ങൾക്ക് അവരെ ബന്ധപ്പെടാനും ഇതുവരെയും കഴിഞ്ഞിട്ടില്ല. പ്രസ് ക്ലബിന് ലഭിച്ചതായി മാധ്യമങ്ങള്‍ പുറത്തുവിടുന്ന കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പ്രസ് ക്ലബ് പ്രസിഡൻറും സെക്രട്ടറിയും അറിയിച്ചു. അതിനിടെ വാർത്തസമ്മേളനം നടത്തുന്നതും അത് പ്രസിദ്ധീകരിക്കുന്നതും തടഞ്ഞ് കരുനാഗപ്പള്ളി സബ്കോടതി ഇറക്കിയ ഉത്തരവിന് നിയമസാധുതയില്ലെന്ന അഭിപ്രായമാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഇൗ നടപടിക്കെതിരെ മേൽകോടതിക്ക് പരാതി നൽകാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലൊരു ഉത്തരവ് കോടതിയിൽനിന്നുണ്ടാകുേമ്പാൾ സർക്കാർ അഭിഭാഷകൻ എന്തുകൊണ്ട് നിലപാട് കൈക്കൊണ്ടില്ലെന്നതും ചോദ്യം ചെയ്യപ്പെടുന്നു. മാധ്യമധർമത്തെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന ഇത്തരം ഉത്തരവുകളെ നിയമപരമായി നേരിടാനുള്ള നീക്കത്തിലാണ് മാധ്യമപ്രവർത്തകരും. തിരുവനന്തപുരത്ത് കേസരിയിൽ ചേർന്ന മാധ്യമകൂട്ടായ്മയും നിയമപരമായ നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.