തിരുവനന്തപുരത്ത് മത്സരം എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലെന്ന് ബിനോയ് വിശ്വം
text_fieldsതിരുവനന്തപുരം: തിരുവനന്തപുരത്ത് മത്സരം എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മത്സരം എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണ്, ഇടതിന്‍റെ മുഖ്യഎതിരാളി ആർ.എസ്.എസ് നയിക്കുന്ന ബി.ജെ.പി തന്നെയാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. തിരുവനന്തപുരത്തെ മത്സരം ബി.ജെ.പിയും എൽ.ഡി.എഫും തമ്മിലാണെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ പറഞ്ഞതിൽ തെറ്റില്ലെന്നും ബിനോയ് വിശ്വം തിരുവനന്തപുരത്ത് പറഞ്ഞു.
ഒന്നാംസ്ഥാനത്ത് എൽ.ഡിഎഫ് വരും. തിരുവനന്തപുരത്ത് എൻ.ഡി.എ സ്ഥാനാർഥി രണ്ടാംസ്ഥാനത്ത് വരും. പ്രതാപം നഷ്ടപ്പെട്ട യു.ഡി.എഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ഈ യാഥാർഥ്യമാണ് പന്ന്യൻ പറഞ്ഞത്. പ്രചാരണം ശക്തമല്ലെന്ന മാധ്യമപ്രവചനങ്ങൾ എല്ലാം പൊളിവചനങ്ങളാണ്. ഇടതുപക്ഷം കേരളത്തിലെ എല്ലാവീടുകളിലും മൂന്ന് തവണ പോയി. ഇടതുപക്ഷത്തിന്‍റെ സർവേ ജനങ്ങളുടെ സർവേയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
കേരളത്തിൽ കോൺഗ്രസുണെങ്കിൽ ബി.ജെ.പിക്ക് വേറെ ആളുകളെ വേണ്ട. യു.ഡി.എഫ്-ബി.ജെ.പി സഖ്യം എല്ലായിടത്തും പ്രകടമാണ്. വെണ്ണ ഉരുക്കി നെയ്യാക്കുന്നത് പോലെയാണ് കോൺഗ്രസ്. ബി.ജെ.പി ഒന്ന് കണ്ണുരുട്ടിയാൽ പോകുന്നതാണ് കോൺഗ്രസ് ശൈലി. മദ്യവും പണവും അളവറ്റതോതിൽ ഒഴുക്കിയാണ് ബി.ജെ.പിയും കോൺഗ്രസും വോട്ട് പിടിക്കുന്നത്. ഇടതുപക്ഷം ഇതൊന്നുമില്ലാതെ വോട്ട് തേടി. ഇത്തവണ മോദിക്ക് നമ്പർ തികക്കാൻ കഴിയില്ല. തൂക്കുസഭ വന്നാൽ എൻ.ഡി.എക്ക് സാധ്യതയുണ്ടെങ്കിൽ കോൺഗ്രസ് അംഗങ്ങൾ ബി.ജെ.പിയാകും.
തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂർ മോദി ഭക്തനാണെന്നും ബിനോയ് വിശ്വം പറഞ്ഞു. സ്വച്ഛ് ഭാരത് പദ്ധതിയെ പുകഴ്ത്തിയ ആളാണ് തരൂർ. തരൂർ മനസ് കൊണ്ട് ബി.ജെ.പിയാണ്. ലീഗ് റാലിയിൽ ഹമാസ് വിരുദ്ധ പരാമർശം നടത്തി. തിരുവനന്തപുരത്ത് തീരപ്രദേശത്ത് വോട്ടർമാർ ഇടതിനൊപ്പമാണെന്നും ലത്തീൻ സഭ ഇടതിനെ എതിർക്കുന്നു എന്നത് ശരിയല്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.