മാണിയുടെ കാൽ മൂന്ന് തോണിയിൽ –ബിനോയ് വിശ്വം
text_fieldsതൃശൂര്‍: കേരള കോൺഗ്രസ് നേതാവ് കെ.എം. മാണിയുടെ കാൽ മൂന്ന് തോണിയിലാണെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം. ഒരു കാല് കോണ്‍ഗ്രസിലും മറ്റൊന്ന് ബി.ജെ.പി പാളയത്തിലും വെച്ച് ഇല്ലാത്ത മൂന്നാം കാല് മാണി ഇടത് മുന്നണിയിലേക്ക് നീട്ടുകയാണെന്ന് അദ്ദേഹം ആക്ഷേപിച്ചു. തേക്കിന്‍കാട് മൈതാനിയില്‍ സി.പി.ഐ തൃശൂർ ജില്ല സമ്മേളനത്തിെൻറ ഭാഗമായി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരം എന്നല്ലാതെ വേറൊരു ചിന്തയും മാണിക്കില്ല എന്ന് ബിനോയ് വിശ്വം പറഞ്ഞു.
നോട്ടെണ്ണുന്ന യന്ത്രത്തിെൻറ ഉടമയായ മാണിക്ക് കമ്യൂണിസം എന്താണെന്ന് അറിയില്ല. അതുെകാണ്ടാണ് മാണി സി.പി.ഐ ശവക്കുഴിയില്‍ എന്ന് വങ്കത്തം വിളിച്ച്പറഞ്ഞത്. 1947 ലും പാര്‍ട്ടിയെ ഇങ്ങനെ പുച്ഛിച്ചവർ ഉണ്ടായിരുന്നു. പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിെൻറ അധികാരത്തിലേക്ക് വളര്‍ന്ന കമ്യൂണിസ്റ്റ് ചരിത്രം അധികാര മോഹികള്‍ പഠിക്കണം.
എൽ.ഡി.എഫ് എന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. സി.പി.എമ്മിനെ പോലെ തന്നെ സി.പി.ഐക്കും തുല്യ പങ്കാളിത്തമുള്ളതാണ് മുന്നണി. ഇടതു മതേതര പ്രസ്ഥാനങ്ങളുടെ ശക്തിപ്പെടലിന് കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നും മുന്നില്‍ നിന്നിട്ടുണ്ട്. വര്‍ഗീയ ഫാഷിസ്റ്റുകളുടെ കടന്നു വരവ് ശക്തമായ കാലഘട്ടത്തില്‍ അതിന് കൂടുതല്‍ പ്രസക്തിയുണ്ട്- ബിനോയ് വിശ്വം പറഞ്ഞു.
സി.എന്‍. ജയദേവന് എം.പി അധ്യക്ഷത വഹിച്ചു. കെ.പി. രാജേന്ദ്രന്, സംസ്ഥാന കണ്ട്രോള് കമീഷന് സെക്രട്ടറി എ.കെ. ചന്ദ്രൻ, കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍, കെ. രാജന് എം.എല്‍.എ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.