പക്ഷിപ്പനി; നാല് ജില്ലകളിൽ വളർത്തുപക്ഷികൾക്ക് നിരോധനം
text_fieldsആലപ്പുഴ: പക്ഷിപ്പനി വ്യാപനം തടയാൻ നാലു ജില്ലകളിൽ നാലു മാസം വളർത്തുപക്ഷികളുടെ കടത്തലും വിരിയിക്കലും നിരോധിച്ച് സർക്കാർ ഉത്തരവിറങ്ങി. ഏപ്രിൽ മുതൽ പക്ഷിപ്പനി ആവർത്തിച്ച ആലപ്പുഴ ജില്ലയിൽ പൂർണമായും കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ രോഗബാധിത മേഖലയിലും ഡിസംബർ 31 വരെയാണ് നിയന്ത്രണം. ഈ പ്രദേശങ്ങളിൽ പക്ഷികളെ (കോഴി, താറാവ്, കാട) കടത്തുന്നതിനും കൊണ്ടുവരുന്നതിനും നിരോധനമുണ്ട്.
പ്രഭവകേന്ദ്രത്തിന് ഒരുകിലോമീറ്റർ ചുറ്റളവ് രോഗബാധിത മേഖലയും 10 കിലോമീറ്റർ നിരീക്ഷണ മേഖലയുമായാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് 38 പ്രഭവകേന്ദ്രങ്ങളാണുള്ളത്. ഇതിൽ ആലപ്പുഴ ജില്ല പൂർണമായും ഉൾപ്പെടും. കോട്ടയം ജില്ലയിലെ വൈക്കം, ചങ്ങനാശ്ശേരി, കോട്ടയം താലൂക്കുകൾ, പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്ക്, പള്ളിക്കൽ, തുമ്പമൺ പഞ്ചായത്തുകൾ, പന്തളം, അടൂർ നഗരസഭകൾ, ആറന്മുള, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശ്ശേരി, മെഴുവേലി, കല്ലൂപ്പാറ, കുന്നന്താനം, മല്ലപ്പള്ളി, പുറമറ്റം പഞ്ചായത്തുകൾ, എറണാകുളം ജില്ലയിലെ ആമ്പല്ലൂർ, ഉദയംപേരൂർ, എടയ്ക്കാട്ടുവയൽ, ചെല്ലാനം പഞ്ചായത്തുകൾ എന്നിവയാണ് നിരോധനം ബാധകമായ സ്ഥലങ്ങൾ.
നിലവിലെ ഹാച്ചറികളിലുള്ള മുട്ടകൾ ശാസ്ത്രീയമായി നശിപ്പിക്കണം. അതിന് മുട്ടയൊന്നിന് (കോഴി, താറാവ്) അഞ്ചുരൂപ നഷ്ടപരിഹാരം നൽകണം. ഹാച്ചറികളിൽ മുട്ട വിരിയിക്കാനും പാടില്ല. പക്ഷികളില്ലാത്ത ഹാച്ചറികൾ അടച്ചിടണം. സെപ്റ്റംബർ രണ്ട് മുതൽ ഉത്തരവ് പ്രാബല്യത്തിലായി. രോഗം ആവർത്തിക്കുന്നത് തടയാൻ കേന്ദ്രസർക്കാർ നൽകിയ നിർദേശവും സംസ്ഥാന സമിതിയുടെ കണ്ടെത്തലും പരിഗണിച്ചാണ് പുതിയ വിജ്ഞാപനം.
നിരോധന ഉത്തരവ് നടപ്പാക്കാൻ ഫാമുകൾ, ഹാച്ചറികൾ, കർഷകർ തുടങ്ങിയവർക്ക് നോട്ടീസ് നൽകാൻ മൃഗസംരക്ഷണവകുപ്പ് തീരുമാനിച്ചു. വിവിധ വകുപ്പുകളുടെ സഹായത്തോടെ നിരോധനം പൂർണമായി താഴെത്തട്ടിലേക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങൾ, ആശ വർക്കർ എന്നിവർ മുഖേനയാണ് നോട്ടീസ് നൽകുക. പക്ഷിപ്പനിബാധിത മേഖലകളിൽ 2025 മാർച്ച് വരെ പക്ഷിവളർത്തൽ നിരോധിക്കണമെന്നാണ് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസമിതി ശിപാർശ. ഇതിൽ നേരിയ ഇളവ് വരുത്തിയാണ് നിരോധനം ഡിസംബർ 31 വരെയാക്കിയത്.
ആലപ്പുഴ ജില്ലയിൽ മാത്രം 30 ഇടത്താണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. . നിരോധിത മേഖലയിൽ പുതുതായി കോഴി, താറാവ് എന്നിവയെ വളർത്തിയാൽ കർശന നടപടിയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.