പക്ഷിപ്പനി; നിരീക്ഷണത്തിന് പ്രത്യേക പദ്ധതി പരിശോധിക്കും -കേന്ദ്രസംഘം
text_fieldsആലപ്പുഴ: കുട്ടനാടിന്റെ പാരിസ്ഥിതിക പ്രത്യേകതകള്‍ പരിഗണിച്ച് പക്ഷിപ്പനി നിരീക്ഷണത്തിന് പ്രത്യേക കര്‍മപദ്ധതി ആവശ്യമാണോയെന്ന് പരിശോധിക്കുമെന്ന് കേന്ദ്രസംഘം. കോൺടൂർ കൺവെൻഷൻ സെന്ററിൽ ചേർന്ന അവലോകനയോഗത്തിലാണ് വിലയിരുത്തൽ. പക്ഷിപ്പനിക്ക് പിന്നാലെ രോഗപ്രതിരോധ നിരീക്ഷണ സംവിധാനങ്ങള്‍ വിലയിരുത്താനാണ് കേന്ദ്രസംഘം ജില്ലയിലെത്തിയത്. രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ മാത്രമല്ല, മുഴുസമയ നിരീക്ഷണ സംവിധാനം വേണം. പക്ഷിപ്പനി ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കണമെന്നും യോഗം വിലയിരുത്തി. വൈറസിന്റെ ഉറവിടം കണ്ടെത്തുകയാണ് പ്രധാനം. ഇതിനായി ദേശാടനപ്പക്ഷികള്‍, തണ്ണീര്‍ത്തട പക്ഷികള്‍ എന്നിവയില്‍നിന്ന് കൂടുതല്‍ സാമ്പിള്‍ ശേഖരിക്കും.
കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം കമീഷണർ ഡോ. അഭിജിത്ത് മിത്രയുടെ നേതൃത്വത്തിലുള്ള സംഘം ഭോപാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് (നിഷാദ്) പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്സ് ഡോ.സി. ടോഷ്, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെറ്ററിനറി എപ്പിഡമോളജി ആന്‍ഡ് ഡിസീസ് ഇന്‍ഫര്‍മാറ്റിക്സ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. മുദ്ദസര്‍ ചന്ദ, കേന്ദ്ര മൃഗസംരക്ഷണ ക്ഷീര വകുപ്പ് അസി. കമീഷണർ ഡോ. അദിരാജ് മിശ്ര എന്നിവരടങ്ങുന്നതാണ്. സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. എ. കൗശിഗന്, ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ. സുരേഷ് പണിക്കര്‍, ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. രാജീവ്, ജില്ല എപ്പിഡമോളജിസ്റ്റ് ഡോ. വൈശാഖ് മോഹന്‍, ജില്ല സര്‍വെയ്ലന്‍സ് ഓഫിസര്‍ ഡോ. എസ്.എന്‍. ജീന എന്നിവർ പങ്കെടുത്തു. കുട്ടനാട്ടിലെ താറാവ് വളർത്തൽ രീതി മനസ്സിലാക്കാന്‍ ചമ്പക്കുളം പഞ്ചായത്തിലെ താറാവു വളര്‍ത്ത് കേന്ദ്രങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി.
12,678 പക്ഷികളെ ഇന്ന് കൊല്ലും
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച മൂന്ന് സ്ഥലങ്ങളിലെ 12,678 പക്ഷികളെ ശനിയാഴ്ച കൊന്നൊടുക്കും. കുട്ടനാട് തലവടി (വാര്‍ഡ് 13), ചമ്പക്കുളം (വാർഡ് മൂന്ന്), മാവേലിക്കര തഴക്കര (വാര്‍ഡ് 11) എന്നിവിടങ്ങളിലെ വളർത്തുപക്ഷികളെയാണ് കള്ളിങ്ങിന് വിധേയമാക്കുക. പ്രഭവ കേന്ദ്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ വളർത്തുപക്ഷികളെയാണ് കൊല്ലുന്നത്. തലവടി- 4074, തഴക്കര - 8304, ചമ്പക്കുളം - 300 എന്നിങ്ങനെയാണ് കണക്ക്. ജില്ലയിൽ ഈ വർഷം ആറിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ആറ് രോഗവ്യാപന കേന്ദ്രങ്ങളിലായി 57,870 പക്ഷികളെ കൊന്നു. കഴിഞ്ഞ ദിവസം തിരുവല്ല നിരണം താറാവുവളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാവേലിക്കര താലൂക്കിലെ തഴക്കര, കുട്ടനാട് താലൂക്കിലെ തലവടി, ചമ്പക്കുളം എന്നിവിടങ്ങളിൽ കണ്ടെത്തിയത്. ആവശ്യമായ വിറക്, കുമ്മായം, ഡീസൽ, പഞ്ചസാര, ചിരട്ട, തൊണ്ട് എന്നിവ അതത് തദ്ദേശസ്ഥാപനങ്ങൾ ഒരുക്കും. 13 അംഗ ആർ.ആർ.ടി സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. ആർ.ആർ.ടി സംഘത്തിലുള്ളവർക്കും തൊഴിലാളികൾക്കുമുള്ള പ്രതിരോധ മരുന്നുകളും പി.പി.ഇ കിറ്റുകളും മാസ്കുകളും ജില്ല മെഡിക്കൽ ഓഫിസർ ലഭ്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.