കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി; 17,000 താറാവുകൾക്കുമാണ് രോഗം ബാധിച്ചത്
text_fieldsകുട്ടനാട്: ഒരിടവേളക്കുശേഷം കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. എടത്വ പഞ്ചായത്ത് ഒന്നാം വാർഡ് വിളക്കുമരം പാടശേഖരത്ത് വളർത്തുന്ന കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള ആറായിരത്തോളം താറാവുകൾക്കും ചെറുതന പഞ്ചായത്ത് വാർഡ് മൂന്നിൽ രണ്ട് കർഷകരുടെ 17,000 താറാവുകൾക്കുമാണ് രോഗം ബാധിച്ചതായി കരുതുന്നത്. 300 എണ്ണം ചത്തു.
ചെറുതന കണ്ടത്തിൽ ദേവരാജന്റെ 12,000 താറാവുകൾക്കും ചിറയിൽ രഘുനാഥന്റെ 2000 താറാവുകൾക്കുമാണ് രോഗം ബാധിച്ചതായി കരുതുന്നത്. ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് സാമ്പിൾ ഭോപാലിലെ ലാബിൽ പരിശോധനക്ക് അയച്ചിരുന്നു. ബുധനാഴ്ച കിട്ടിയ പരിശോധനഫലത്തിലാണ് പക്ഷിപ്പനിയെന്ന് സ്ഥിരീകരിച്ചത്.
രോഗം പ്രകടമായി കണ്ട താറാവുകളെ മറ്റൊരു കൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്. വീണ്ടും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ ഉദ്യോഗസ്ഥ- ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കലക്ടറേറ്റിൽ അടിയന്തര യോഗം വിളിച്ചു. പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കൊന്നുനശിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ജില്ല കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. അനാവശ്യമായി ഭീതിപ്പെടേണ്ട കാര്യമില്ലെന്നും മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത ഇല്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.