കോഴിക്കോട് പക്ഷിപ്പനി; അതിജാഗ്രതാ നിർദേശം
text_fieldsകോഴിക്കോട്: നഗരപരിധിയിൽ വേങ്ങേരിയിലും വെസ്റ്റ് കൊടിയത്തൂരിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. വേങ്ങേരിയിലെ വീട്ടിൽ 20 കോഴികളും കൊടിയത്തൂരിലെ കോഴിഫാമിൽ 2000ത്തോളം കോഴികളും കുറഞ്ഞ സമയത്തിനുള്ളിൽ ചത്തൊടുങ്ങിയതിനെതുടർന്ന് മാർച്ച് മൂന്നിന് ഭോപാലിലെ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസില്‍ സാമ്പിളുകൾ അയച്ചാണ് രോഗം സ്ഥിരീകരിച്ചത്. ദേശാടന പക്ഷികളിലൂടെയാണ് രോഗം പടർന്നതെന്ന് കരുതുന്നു.
പരിശോധനഫലം വന്നതിനെത്തുടർന്ന്, രോഗബാധയുള്ള പ്രദേശത്തെ ഒരു കിലോമീറ്റർ ചുറ്റളവിൽ എല്ലാ പക്ഷികളെയും കൊന്നൊടുക്കാൻ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചു. അതിനായി റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ സജ്ജമാക്കി. ഞായറാഴ്ച പക്ഷികളെ കൊന്നുതുടങ്ങും.
പത്തു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ഇൗ പ്രദേശങ്ങളിൽ പക്ഷികളുടെ സഞ്ചാരം തടയും. കൂടാതെ പ്രദേശങ്ങളിലെ ചിക്കന്‍ സ്റ്റാളുകളുടെ പ്രവര്‍ത്തനവും അലങ്കാര പക്ഷികളുടെ വില്പനയും ഹോട്ടലുകളിലെയും മറ്റ് ഭക്ഷണ വില്പന ശാലകളിലെയും പക്ഷി ഇറച്ചിയുമായി ബന്ധപ്പെട്ട എല്ലാ വിഭവങ്ങളുടെ വിൽപനയും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു. വേങ്ങേരിയിൽ നാലു ചിക്കൻ സ്റ്റാളുകൾ അടച്ചുപൂട്ടി.
പകുതി വേവിച്ച മുട്ട, മാംസം എന്നിവ കഴിക്കരുതെന്നും രോഗകാരിയായ വൈറസ് 60 ഡിഗ്രി ചൂടില്‍ അര മണിക്കൂറില്‍ നശിച്ചുപോകുന്നതിനാൽ കോഴി, താറാവ്, കാട തുടങ്ങിയവയുടെ ഇറച്ചിയും മുട്ടയും നന്നായി പാകംചെയ്ത് കഴിക്കാമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.